- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും പവന് 35,000 രൂപ എന്ന നിലയിലേക്ക് സ്വർണവില താഴ്ന്നു; ഇന്ന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയത് അഞ്ചു ദിവസമായി വില മാറ്റമില്ലാതെ തുടർന്ന ശേഷം; കേന്ദ്ര ബജറ്റിന് ശേഷം ചാഞ്ചാട്ടം തുടർന്ന് സ്വർണവിപണി
കൊച്ചി: സ്വർണവില ഈ മാസം രണ്ടാം തവണയും പവന് 35,000 രൂപ എന്ന നിലയിലെത്തി. കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. 35,000 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂ കുറഞ്ഞ് 4375ൽ എത്തി. കഴിഞ്ഞ അഞ്ചു ദിവസമായി 4425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം അഞ്ചിനും വില 35,000ൽ എത്തിയിരുന്നു.
കേന്ദ്ര ബജറ്റിന് ശേഷം വില വലിയ തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെങ്കിലും കഴിഞ്ഞ 17 ദിവസമായി സ്വർണ വിപണിയിൽ കാണാനാകുന്നത് അപ്രതീക്ഷിത ചാഞ്ചാട്ടമാണ്. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ ഒരാഴ്ചയോളം സ്വർണ വില ഇടിവു പ്രകടിപ്പിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ കയറിയും കുറഞ്ഞുമായി ചാഞ്ചാടി നിൽക്കുകയായിരുന്നു വില.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നുള്ളത്. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ കുറവ് വരുമെന്നും സ്വർണ കള്ളക്കടത്ത് പോലും കുറയാൻ കാരണമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർധിക്കുന്നത് ഉൾപ്പെടെയുള്ള ഗുണകരമായ നീക്കങ്ങൾ ഇതുമൂലം ആഭരണ വ്യവസായത്തിൽ വന്നുചേരുമെന്നാണ് വ്യവസായികളും പ്രതീക്ഷിക്കുന്നത്.
സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഇത് കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന അഭിപ്രായം നേരത്തേ തന്നെ ഉയർന്നിരുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. ഏകദേശം 250 ടണ്ണിലധികം സ്വർണമാണ് കള്ളക്കടത്തായി രാജ്യത്തേക്ക് വരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 950 ലക്ഷം കോടി രൂപയുടെ 1,500 ടൺ കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തലുകൾ സുചിപ്പിക്കുന്നത്.
ഇറക്കുമതി സ്വർണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. ഡ്യൂട്ടി ഒഴിവാക്കി സ്വർണം എത്തിക്കുന്നതാണ് സ്വർണക്കടത്തിലെ ലാഭം. തീരുവ 7.5 ശതമാനമാക്കിയത് സ്വർണക്കള്ളക്കടത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ആഭ്യന്തര വിപണിയിൽ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി, 60 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം കൂടിയാണ്. തീരുവ കുറച്ചതു സ്വർണവിപണിക്ക് ഉത്തേജനമാകുമെന്നു വ്യാപാരികൾ അഭിപ്രായപ്പെട്ടു.
2004 ൽ രണ്ട് ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം പിന്നീട് 10 ശതമാനമായി വർദ്ധിപ്പിച്ചു. പിന്നീടത് ഇത് 12:5 ശതമാനമായും ഉയർത്തി. നികുതി വരുമാനം വർദ്ധിപ്പിക്കാനെന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി ചുങ്കം. 2019 ജൂലൈയിൽ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണു സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ൽ 1,88,280 കോടി രൂപയുടെ 446.4 ടൺ മഞ്ഞലോഹം ഇന്ത്യ വാങ്ങിയെന്നാണു വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവർഷം ആഭ്യന്തര സ്വർണം വാങ്ങൽ കുറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ