അബുദാബി : 22 ക്യാരറ്റ് സ്വർണത്തിലെ അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ ഖുർ ആൻ. നോമ്പുകാലത്ത് ഈ വിശുദ്ധ ഗ്രന്ഥം മലയാളി കുടുബത്തിന് നൽകുന്നത് സുവർണ്ണ സോഭയാണ്. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് ഹാരിസിന്റെ ഭാര്യ ആയിഷ ഖാസിമിന് സ്വന്തമാണ് ഈ സ്വർണ്ണ ഖുറാൻ. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ഖുർആൻ എല്ലാ റമസാനിലും പാരായണത്തിന് ഉപയോഗിക്കുന്നു.

പതിനേഴര സെന്റീമീറ്റർ വീതിയും ഇരുപത്തിനാല് സെന്റീമീറ്റർ നീളവുമുള്ള ഖുർആൻ ചൈനയിൽ നിർമ്മിച്ചതാണെന്നാണ് വിലയിരുത്തൽ. ആയിഷ ഖാസിമിന് അഞ്ച് വർഷം മുൻപ് മലേഷ്യയിലുള്ള സഹോദരനാണ് രണ്ട് കിലോ ഭാരമുള്ള ഈ സുവർണ ഗ്രന്ഥം സമ്മാനിച്ചത്. തുർക്കിയിൽ നിന്ന് ചൈനയിലെത്തിച്ച ശേഷമാണ് ഇത് മലേഷ്യയിലെത്തിയതെന്ന് കരുതുന്നു.

സ്വർണത്തിൽ തീർത്ത കയ്യെഴുത്ത് പ്രതി അത്യപൂർവ ശേഖരമായാണ് കണക്കാക്കുന്നത്. 28 വാല്യങ്ങളുടെ ശേഖരങ്ങളിൽപ്പെടുന്നതാണ് ഈ സ്വർണ ഖുർആൻ. ഖുർ ആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത 20 സ്വർണ തകിടിന്റെ പേജുകളാണ് ഉള്ളത്. ഏകദേശം ഒന്നേമുക്കാൽ കോടി രൂപയാണ് മതിപ്പ് വിലയെന്ന് കരുതുന്നു. കഴിഞ്ഞ മുപ്പത് വർഷമായി അബുദാബിയിലെ ബാങ്കിങ് രംഗത്ത് ജോലി ചെയ്യുന്ന തന്റെ കുടുംബ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഈ ഖുർആൻ സ്വർണശോഭ പരത്തുന്നതായി ഹാരിസ് പറയുന്നു.

അമൂല്യസമ്പത്ത് ലോകം കാണുംവിധം പ്രദർശിപ്പിക്കുകയോ പൂർണമായും ജീവകാരുണ്യത്തിനായി ചെലവാക്കാൻ വേണ്ടി കൈമാറുകയോ ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷമായി വീട്ടിൽ സൂക്ഷിക്കുന്ന ഈ സുവർണ ഗ്രന്ഥത്തിന്റെ രേഖകൾ തയ്യാറാക്കുന്നതിന് ഒരു വർഷം വേണ്ടിവന്നു.