- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസിലെ വസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് എൻഐഎ; സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച 10 പ്രതികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ 10 പ്രതികൾക്ക് എൻഐഎ കോടതി ജാമ്യം നൽകിയതിനെതിരെ എൻഐഎ ഹൈക്കോടതിയിൽ. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജിയിൽ പ്രതികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എട്ടാംപ്രതി ഇ. സെയ്തലവി, ഒമ്പതാംപ്രതി പി.ടി. അബ്ദു, 11 -ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14 -ാം പ്രതി മുഹമ്മദ് ഷെഫീഖ്, 16 -ാം പ്രതി മുഹമ്മദ് അൻവർ, 19 -ാം പ്രതി അംജദ് അലി, 21 -ാം പ്രതി സി.വി. ജിഫ്സൽ, 22 -ാം പ്രതി പി. അബൂബക്കർ, 23 -ാം പ്രതി മുഹമ്മദ് അബ്ദുൾ ഷമീം, 24 -ാം പ്രതി പി.എം. അബ്ദുൾ ഹമീദ് എന്നിവർക്ക് ജാമ്യം നൽകിയതിനെതിരെയാണ് ഹർജി.
ഒക്ടോബർ 15 നാണ് എൻ.ഐ.എ കോടതി 10 പ്രതികൾക്ക് ജാമ്യം നൽകിയത്. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.പത്തുലക്ഷം രൂപയുടെ ബോണ്ട്,പാസ്സ് പോർട്ട് കോടതിയിൽ സമർപ്പിക്കണം,സംസ്ഥാനം വിട്ട് പോകരുത് എന്നിവയാണ് ഉപാധികൾ. അതേ സമയം തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.12, 13 പ്രതികൾക്ക് ഐ.എസ്.ബന്ധമുള്ളതായി എൻ.ഐ.എ. ആരോപിച്ചിരുന്നു.ഇവർ അഞ്ചാം പ്രതി റമീസുമായി ടാൻസാനിയയിൽ പോയി സ്വർണക്കടത്ത് നടത്തിയതായി ആരോപണമുണ്ട്. ഇവർക്ക് ദാവൂദ് ഇബ്രഹാമുമായും ഫിറോസ് ഒയാസിസുമായും ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു.അതിനാൽ 12, 13 പ്രതികൾക്ക് ജാമ്യം നിഷേധിക്കുന്നതായും ഉത്തരവിലുണ്ട്.
സ്വർണക്കടത്തിൽ സാമ്പത്തിക ലാഭത്തിനായി പ്രതികളെ ഉപകരണമാക്കിയെന്നാണ് ഇതുവരെ ലഭിച്ച തെളിവുകളിൽനിന്നു വ്യക്തമാകുന്നതെന്ന് എൻ.ഐ.എ കോടതി വ്യക്തമാക്കിയെന്നും കേസിലെ വസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ഹർജിയിൽ പറയുന്നു. കേസിലെ മുഖ്യപ്രതികളുമായി ഇവർക്കുള്ള അടുപ്പം കോടതി കണക്കിലെടുത്തില്ല. പ്രതികളിൽനിന്ന് പിടിച്ചെടുത്ത 99 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയ്ക്ക് നൽകിയതിൽ 77 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്.
സ്വർണക്കടത്തിന്റെ ഗൂഢാലോചനയിലടക്കം ഈ പ്രതികൾക്ക് പങ്കുണ്ടോയെന്ന് അറിയാൻ ഇൗ ഫലംകൂടി ലഭിക്കണം. ഇവർക്ക് സ്വർണക്കടത്തിലെ മുഖ്യകണ്ണികളുമായി നേരിട്ടോ, ഇടനിലക്കാരുമായോ ബന്ധമുണ്ടായിരുന്നോയെന്ന് കൂടുതൽ അന്വേഷണത്തിലേ കണ്ടെത്താനാവൂ. പ്രതികൾക്ക് ജാമ്യം നൽകിയതിലൂടെ രാജ്യത്തിനകത്തും പുറത്തുമായി ഇനിയും കണ്ടെത്താനുള്ള തെളിവുകൾ നശിപ്പിക്കാൻ കൂട്ടായ ശ്രമമുണ്ടാകുമെന്ന് ആശങ്കയുണ്ട്. കേസിന്റെ പ്രാരംഭഘട്ടത്തിൽ സ്വർണക്കടത്തു നടത്തിയവരെന്നും ഇതിനു പണം നൽകിയവരെന്നും വേർതിരിക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.
മറുനാടന് ഡെസ്ക്