കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷബീർ, ആഷിക്ക് എന്നിവരിൽ നിന്നാണ് 1,714 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.

കണ്ണൂർ വിമാനതാവളത്തിലൂടെയുള്ള സ്വർണക്കടത്തിന് പുതുവഴികൾ തേടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാസമാണ്, വാൾ ഫാനിന്റെ മോട്ടറിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 23 ലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിലായത്. അരക്കിലോയോളം സ്വർണവുമായി കാസർകോട് സ്വദേശി സലീമാണ് അന്ന് കസ്റ്റംസ് പിടിയിലായത്.

ഡിസംബറിൽ തന്നെ, എമർജൻസി ലൈറ്റിനുള്ളിൽ ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടിയിരുന്നു. ഒരു കോടിയിലധികം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി സിറാജാണ് കസ്റ്റംസ് പിടിയിലായത്. 2147 ഗ്രാം തൂക്കം വരുന്ന സ്വർണം എമർജൻസി ലൈറ്റിനുള്ളിൽ ബാറ്ററിയുടെ ഭാഗത്ത് ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ദുബായിൽ നിന്നെത്തിയ ഇയാളെ സുരക്ഷ പരിശോധനയ്ക്കിടെ സംശയം തോന്നിയ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലും കണ്ടെത്തിയത്.

കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചശേഷം ഒരാളിൽ നിന്ന് ഇത്രയധികം സ്വർണം പിടികൂടുന്നത് ആദ്യമായായിരുന്നു. സ്വർണവുമായി അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്തുവെങ്കിലും സ്വർണക്കടത്ത് സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പിടിയിലായ സിറാജ് അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചു വരികയാണെന്നാണ് കസ്റ്റംസിന്റെ നിഗമനം മധ്യവേനലവധി തുടങ്ങിയതോടെ കണ്ണൂർ വിമാനതാവളത്തിലൂടെയുള്ള സ്വർണക്കടത്ത് വ്യാപകമായിരിക്കുകയാണ്.

നവംബറിൽ ഗൾഫിൽ നിന്നും വന്നിറങ്ങിയ യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. 64.5 ലക്ഷത്തിന്റെ സ്വർണവുമായി മൂന്ന് കർണാടക സ്വദേശികളാണ് കസ്റ്റംസ് പിടിയിലായത്. കർണാടക ബട്കൽ സ്വദേശി മുഹമ്മദ് ഷമ്മാസ്, ഉഡുപ്പി സ്വദേശി മുക്താർ അഹമ്മദ് സിറാജുദ്ദീൻ, ഷബാസ് അഹമ്മദിൽ എന്നിവരിൽ നിന്നും 1322 ഗ്രാം സ്വർണം പിടികൂടിയത്.