മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും വൻസ്വർണവേട്ട. അന്താരാഷ്ട്രമാർക്കറ്റിൽ അൻപത്തിയൊന്ന് ലക്ഷം രൂപ വിലമതിക്കുന്ന 1040 ഗ്രാം സ്വർണം ഗൾഫിൽ നിന്നുമെത്തിയ യാത്രക്കാരനിൽ നിന്നും പിടികൂടി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനായ ആറളം സ്വദേശി എം.ഫാസിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസും ഡി. ആർ. ഡി. ഐയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്വർണം പിടിച്ചെടുത്തത്.

ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചു വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം സജീവമായ കണ്ണൂർ വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തും സജീവമായിരിക്കുകയാണ്. ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടു മടങ്ങുന്നവരെയാണ് സ്വർണക്കടത്ത് സംഘം കാരിയർമാരായി ഉപയോഗിക്കുന്നത്. വരും ദിനങ്ങളിലും പരിശോധന ശക്തമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.