- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 3.71 കോടി രൂപ വിലവരുന്ന സ്വർണം; കടത്തിയത് കാർഡ്ബോർഡ് പെട്ടികളുടെ പാളികൾക്കുള്ളിൽ; സ്വർണം കടത്താൻ ശ്രമിച്ചത് ദുബായിൽ നിന്നെത്തിയ അഞ്ചംഗ സംഘം
കരിപ്പൂർ: സ്വർണ്ണക്കടത്തു തടയാൻ വലിയ പരിശ്രമങ്ങൾ നടക്കുമ്പോഴും സ്വർണം ഒഴുകുന്നത് തുടരുന്നു. വിമാനത്താവളങ്ങൾ വഴിയാണ് സ്വർണം യഥേഷ്ടം ഇപ്പോഴും ഒഴുകുന്നത്. കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് നടന്നത് വൻ സ്വർണവേട്ടയാണ്. അഞ്ച് യാത്രക്കാരിൽ നിന്ന് 3.71 കോടി രൂപ വിലവരുന്ന ഏഴര കിലോഗ്രാം സ്വർണമാണ് കസ്റ്റംസും ഡി.ആർ.ഐയും ചേർന്ന് പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ മൂന്നംഗ സംഘത്തിന്റ കൈയിൽനിന്നും മറ്റ് രണ്ട് യാത്രക്കാരിൽനിന്നുമാണ് സ്വർണം പിടികൂടിയത്. അടുത്തിടെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടകളിൽ ഒന്നാണ് ഇത്. കാർഡ്ബോർഡ് പെട്ടികളുടെ പാളികൾക്കുള്ളിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് മൂന്നംഗ സംഘത്തിൽ നിന്ന് സ്വർണം പിടികൂടിയത്.
മൂന്നംഗ സംഘത്തിലെ ബഷീർ (46) എന്നയാളിൽ നിന്ന് 80.5 ലക്ഷം വിലവരുന്ന 1628 ഗ്രാം സ്വർണവും തൃശ്ശൂർ സ്വദേശി ആൽബിൻ ജോർജിൽ നിന്ന് 83.75 ലക്ഷം രൂപ വിലവരുന്ന 1694 ഗ്രാം സ്വർണവും ഊർക്കാട്ടേരി സ്വദേശിയായ നാസർ ചെമ്പൊലിയിൽ നിന്ന് 84.61 ലക്ഷം രൂപ വിലവരുന്ന 1711 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഇവരിൽ നിന്ന് മാത്രം അഞ്ച് കിലോഗ്രാമിലധികം സ്വർണം പിടിച്ചെടുത്തു.
മറ്റു രണ്ട് യാതക്കാരിൽനിന്ന് എയർ ഇന്റലിജൻസാണ് സ്വർണം പിടികൂടിയത്. കാസർകോട് സ്വദേശിയായ അബ്ദുൾ ഖാദറി (60)ൽ നിന്ന് 29.5 ലക്ഷം വിലവരുന്ന 598 ഗ്രാം സ്വർണവും തൃശ്ശൂർ സ്വദേശിയായ നിഥിൻ ജോർജിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1114 ഗ്രാമും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1760 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
വൻ തോതിൽ സ്വർണം കടത്തുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം കസ്റ്റംസിന് ലഭിച്ചിരുന്നു. ഡി.ആർ.ഐ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരും.
മറുനാടന് മലയാളി ബ്യൂറോ