കോഴിക്കോട്: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥയും കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറുമായ ഡോ. എൻ എസ് രാജിയെ സ്ഥലംമാറ്റി. സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള സ്‌പെഷൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ചുമതല ഡോ. എൻ എസ് രാജിക്ക് ആയിരുന്നു.

കലിക്കറ്റ് എയർപോർട്ട്, കാർഗോ, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എന്നിവയുടെ ചുമതലയുണ്ടായിരുന്ന ഡോ. രാജി ചുമതലയേറ്റതോടെ കരിപ്പൂരിലെ സ്വർണവേട്ട ശക്തമാക്കി. കാർഗോ വിഭാഗത്തിലുൾപ്പെടെ പലവട്ടം കള്ളക്കടത്ത് സ്വർണം പിടിച്ചു.

ഡോ. രാജിയെ തൽസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ ആഭരണ കച്ചവടക്കാരടക്കമുള്ള സ്വർണക്കടത്ത് ലോബി ബിജെപി ഉന്നതർക്ക് വൻതുക കോഴനൽകിയതായി നേരത്തേ വാർത്തയുണ്ടായിരുന്നു. ഉദ്യോഗസ്ഥയെ മാറ്റുന്നത് വൈകിയതോടെ കോഴ കൈമാറിയകാര്യം വ്യാപാരികളിൽ ചിലർ പുറത്തുവിട്ടു. കോഴപ്പണം ഒരുനേതാവ് സ്വന്തമാക്കിയതായി ബിജെപിക്കുള്ളിലും ആക്ഷേപം ഉയർന്നു.

റവന്യു വകുപ്പിന് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിൽ അണ്ടർ സെക്രട്ടറി ആയാണ് ഡോ. രാജിയെ മാറ്റിയത്. ഡെപ്യൂട്ടി കമീഷണർ വാഗീഷ് സിങ്ങിനാണ് പകരം ചുമതല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച കസ്റ്റംസ് ജോ. കമീഷണർ അനീഷ് രാജനെയാണ് ബിജെപി ഇടപെട്ട് ആദ്യം സ്ഥലം മാറ്റിയത്. പിന്നീട് സ്വർണക്കടത്ത് അന്വേഷിച്ച ഡെപ്യൂട്ടി കമീഷണർ എൻ എസ് ദേവിനെ രേഖകൾ മാധ്യമങ്ങളിൽ വന്നു എന്ന കാരണം പറഞ്ഞും ഒഴിവാക്കി.