- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രവീന്ദ്രനെ ഈ ആഴ്ച തന്നെ ഇഡി ചോദ്യം ചെയ്യും; ശിവശങ്കറിനേയും സ്വപ്നയേയും സരിത്തിനേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കുന്നത് ഗൂഢാലോചന പുറത്തു കൊണ്ടു വരാൻ; കസ്റ്റംസിനും ഇഡിക്കൊപ്പം എൻഐഎയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ദുരൂഹത കണ്ടെത്താൻ സജീവം; ഇനി ലഭിക്കാനുള്ളത് 99 ഇലക്ട്രോണിക് ഉപകരണങ്ങളിൽ 77എണ്ണത്തിൽ നിന്നുള്ള തെളിവുകൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യും. ഇതിനുള്ള നോട്ടീസ് ഉടൻ എൻഫോഴ്‌സമെന്റ് നൽകും. കോവിഡ് രോഗ മുക്തനായതോടെ രവീന്ദ്രൻ റിവേഴ്‌സ് ക്വാറന്റീനിലാണ്. ഇതു കഴിഞ്ഞാൽ ഉടൻ ചോദ്യം ചെയ്യും. അതിനിടെ സ്വപ്‌നാ സുരേഷ്, സരിത്ത്, എം.ശിവശങ്കർ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയെന്ന നിർണായക നീക്കത്തിന് കസ്റ്റംസ് ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്. മിനി മുഖ്യമന്ത്രിയെന്ന് ഏവരും വിളിക്കുന്ന രവീന്ദ്രനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുമ്പോൾ അതിൽ ഏവരും ഉറ്റു നോക്കുകയാണ്. രവീന്ദ്രന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പേർ കൂടി അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുണ്ട്.
സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിലാണു മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. തുടർന്ന്, ശിവശങ്കറിനെതിരെ കേസെടുക്കുന്ന നിർണായക നീക്കത്തിലേക്കും ഈ ആഴ്ച തന്നെ കസ്റ്റംസ് കടക്കും. സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് അനുമതി തേടും. സരിത്തിനെയും കസ്റ്റഡിയിൽ വാങ്ങും. ശിവശങ്കറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടും. ഇത് കേസിൽ അതീവ നിർണ്ണായക നീക്കമായി. മാറും. ഈ മാസം 10 നു നൽകിയ മൊഴികളെ പിന്തുടർന്നുള്ള ബാക്കി ചോദ്യങ്ങളാണ് ഇനി ഇഡി ചോദിക്കുക.
സ്വർണക്കടത്തു കേസിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിൽ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ഇതിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചു. ഈ സാഹചര്യത്തിലാണ് ശിവശങ്കറെയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് ശിവശങ്കറിനും അറിയാമായിരുന്നുവെന്നു സ്വപ്ന ഇഡിക്ക് കഴിഞ്ഞ 10ന് മൊഴി നൽകിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണു കസ്റ്റംസ് ജയിലിലെത്തി അവരെ ചോദ്യം ചെയ്തത്. ഇഡിയോടു പറഞ്ഞ കാര്യങ്ങൾ സ്വപ്ന ആവർത്തിച്ചു.
അതിനിടെ സ്വപ്ന സുരേഷിന്റേതെന്ന് കരുതുന്ന ശബ്ദരേഖയേ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം അതീവ രഹസ്യമായി പൂർത്തിയാക്കാനാണ് ഡി.ജി.പി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വപ്നയുടെ മൊഴി എടുക്കാനുള്ള ശ്രമങ്ങളാണ് ക്രൈംബ്രാഞ്ച് തുടങ്ങിയിരിക്കുന്നത്. സ്വപന റിമാൻഡിലായതിനാൽ കോടതി അനുമതിയോടയേ മൊഴി എടുക്കാനാവു. എന്നാൽ ജയിൽ വകുപ്പിന് കത്ത് നൽകി മൊഴി രേഖപ്പെടുത്താനാവുമോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
അതിനിടെ കള്ളക്കടത്ത് കേസിൽ 10 പ്രതികൾക്കു പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജിയിൽ പ്രതികൾക്ക് നോട്ടിസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. എട്ടാം പ്രതി സെയ്ത് അലവി, ഒൻപതാം പ്രതി പി. ടി. അബ്ദു, 11ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14ാം പ്രതി മുഹമ്മദ് ഷഫീഖ്, 16ാം പ്രതി മുഹമ്മദ് അൻവർ, 19ാം പ്രതി അംജദ് അലി, 21ാംപ്രതി സി.വി. ജിഫ്‌സൽ, 22ാം പ്രതി പി.അബൂബക്കർ, 23ാംപ്രതി മുഹമ്മദ് അബ്ദുൽ ഷമീം, 24ാം പ്രതി പി.എം. അബ്ദുൽ ഹമീദ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടത്. ഈ നടപടിയും നിർണ്ണായകമാകും.
കഴിഞ്ഞ മാസം 15നാണ് ഇവർക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മുഖ്യപ്രതികളുമായി പ്രതികൾക്കുള്ള അടുത്ത ബന്ധം പ്രത്യേക കോടതി പരിഗണിച്ചില്ലെന്നും വിദേശത്തും സ്വദേശത്തുമുള്ള പ്രതികളുമായി ചേർന്നു ജാമ്യം ലഭിച്ചവർ തെളിവു നശിപ്പിക്കാനും സാക്ഷികളെ നിശബ്ദരാക്കാനും സാധ്യതയുണ്ടെന്നും എൻഐഎ അപ്പീലിൽ പറയുന്നു. കള്ളക്കടത്തിന്റെ സൂത്രധാരന്മാരായ സരിത്, സ്വപ്ന, റമീസ്, മുഹമ്മദ് ഷാഫി, റബിൻസ് ഹമീദ് തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുമായി നേരിട്ടോ ഇടനിലക്കാർ വഴിയോ ഇവർക്കുള്ള ബന്ധം വ്യക്തമാകാൻ കൂടുതൽ അന്വേഷണം നടത്തണം. മുഖ്യ പ്രതികളെയും കുറ്റകൃത്യത്തിനു സാമ്പത്തിക സഹായം തേടിയവരെയും ആദ്യഘട്ടത്തിൽ വേർതിരിക്കാൻ കോടതി ശ്രമിക്കരുത്. മുഖ്യ പ്രതികളെപ്പോലെ തന്നെ കുറ്റകൃത്യത്തിലെ ഓരോ കണ്ണിയെയും ഗൗരവത്തോടെ കാണണമെന്നും എൻഐഎ അപ്പീലിൽ പറയുന്നു.
സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് 99 ഇലക്ട്രോണിക് ഉപകരണങ്ങളിൽ 77എണ്ണത്തിൽനിന്നുള്ള തെളിവുകൾ ഇനിയും ലഭിക്കാനുണ്ട്. ഇവയും കൂടി പരിഗണിച്ചതിനു ശേഷമേ ഗൂഢാലോചന, പ്രതികളുടെ പങ്ക് എന്നിവയെക്കുറിച്ചു അന്തിമമായി സ്ഥാപിക്കാൻ കഴിയൂ എന്ന നിലപാടിലാണ് എൻഐഎ. ഡികോഡ് ചെയ്യുകയും പരിശോധിക്കുകയും ചെയ്ത ഉപകരണങ്ങളിൽ നിന്ന് ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഐഎ പറയുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കടുത്ത സാമ്പത്തിക കുറ്റകൃത്യം ചെയ്യുന്നവർ മുന്തിയ ഉപകരണങ്ങളാകും ഉപയോഗിക്കുക. അന്വേഷണ ഏജൻസിയെ വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനുമായി എല്ലാ പ്രതികളും അവരുടെ ഇലക്ട്രോണിക്/മൊബൈൽ ഉപകരണങ്ങളിലെ ഡേറ്റ നശിപ്പിച്ചിരുന്നു എന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ