തിരുവനന്തപുരം: ദാവൂദ് അൽ അറബി... പ്രവാസി മലയാളിയായ വ്യവസായി... സ്വർണ്ണ കടത്തിൽ കസ്റ്റംസിന് നൽകിയ മൊഴികളിൽ പ്രതികൾ പറഞ്ഞ പേരുകളിൽ ഒന്നാണ് ഇത്. മൊഴികളുണ്ടെങ്കിലും ആരാണ് ഇയാളെന്ന് വ്യക്തമായി കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയുന്നില്ല. ഇതിന് പിന്നാലെ മറ്റ് ചില സൂചനകൾ കൂടി കേന്ദ്ര ഏജൻസികൾക്ക് കിട്ടുകയാണ്. സ്വപ്‌നാ സുരേഷ് നൽകിയ മൊഴിയിൽ പ്രവാസി മലയാളിയും ഉണ്ടെന്ന് കേന്ദ്ര ഏജൻസികൾക്ക് മൊഴി കിട്ടിയതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഈജിപ്റ്റിൽ സ്വർണ്ണ ഖനി സ്വന്തമായുള്ള പ്രവാസിയാണെന്ന സൂചനകളും പുറത്തു വരുന്നു.

ഈ ഖനി സ്വന്തമാക്കിയ പ്രവാസിയാണ് കടത്തിലെ പ്രധാനിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വ്യവസായിയിലേക്ക് എത്താനുള്ള തെളിവുകൾ കൃത്യമായി അന്വേഷണ സംഘത്തിന് കിട്ടിയിട്ടുമില്ല. സ്വർണ്ണ കടത്തിൽ മൊഴിക്കപ്പുറമുള്ള തെളിവുകൾ ഈ വ്യവസായിയ്‌ക്കെതിരെ കിട്ടുമോ എന്ന അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്. തൊട്ടാൽ പൊള്ളുമെന്നതും കൊണ്ട് തന്നെ കരുതലോടെ മാത്രമേ മുമ്പോട്ട് പോകൂ. അതിനിടെ സ്വപ്‌നയുടെ മൊഴിയുള്ള എല്ലാവരും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. തെളിവുകൾ കിട്ടിയാൽ ഉടൻ ഇവരെ അറസ്റ്റ് ചെയ്യാനാണ് കേന്ദ്ര ഏജൻസികൾക്ക് മുകളിൽ നിന്ന് കിട്ടിയിരിക്കുന്ന നിർദ്ദേശം. നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഒരു ഇൻഫ്‌ളുവൻഷ്യൽ പേഴ്‌സൺ ഉണ്ടെന്ന് പരാമർശം ഉണ്ടായിരുന്നു.

ഈജിപ്ത്തിൽ നൈൽ നദിക്കും ചെങ്കടലിനുമിടയിലുള്ള പർവതപ്രദേശത്ത് നിന്നാണ് സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഖനനും ചെയ്യുന്നത്. ഇവിടെ ഒരു പ്രവാസിക്ക് ഖനിയുണ്ടെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജൻസികൾ. സ്വർണ്ണ കടത്തുകാർ ഇയാളെ പേരേര എന്നാണ് വിളിക്കുന്നത്. അൽ അറബിയും പേരേരയും രണ്ടു പേരാണെന്ന വിലയിരുത്തലാണുള്ളത്. ഈ വ്യക്തികളിലേക്ക് സൂചന നൽകുന്ന പ്രത്യക്ഷ തെളിവൊന്നും കിട്ടാത്തതും കേന്ദ്ര ഏജൻസികളെ വലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ അന്വേഷണം മുമ്പോട്ട് പോകൂ. സ്വർണ്ണ കടത്തിൽ തീവ്രവാദ ബന്ധം തെളിയിക്കാൻ ഈജിപ്ഷ്യൻ ബന്ധം തെളിയിച്ചാൽ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് എൻഐഎ നീങ്ങുന്നത്.

സ്വർണക്കടത്തിന് പിന്നിൽ യു.എ.ഇ. പൗരനായ വ്യവസായി ദാവൂദ് അൽ അറബിയെന്ന് കെ.ടി. റമീസിന്റെ മൊഴി ഏറെ ചർച്ചയായിരുന്നു. 12 തവണ യു.എ.ഇയിൽനിന്ന് സ്വർണം കടത്തിയിട്ടുണ്ടെന്നും എന്നാൽ ഫൈസൽ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും റമീസിന്റെ മൊഴിയിൽ പറയുന്നു. ദാവൂദ് അൽ അറബി മലയാളിയാണെന്നും റമീസ് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയിലെ അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. കോടതി തന്നെ വമ്പൻസ്രാവുകൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഇത്. സ്വപ്നാ സുരേഷും സരിത്തും കസ്റ്റംസിന് കൊടുത്ത മൊഴിയിലും ഒരു പ്രവാസി വ്യവസായി കടന്നു കൂടിയിട്ടുണ്ടെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിലാണ് ദാവൂദ് അൽ അറബിയും പേരേരയും സംശയ നിഴലിലാകുന്നത്.

സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്തത്. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാർ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരമെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഭരണ പദവിയുള്ള നേതാവ് സംശയ നിഴലിലാണെന്ന് മാസങ്ങൾക്ക് മുമ്പേ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയതോടെ എല്ലാം ഡൽഹിയും വീക്ഷിക്കുന്നുണ്ട്.

ഇതിൽ പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ ആരെന്ന ചർച്ചകളാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. രാഷ്ട്രീയക്കാരും പ്രവാസി വ്യവസായികളും മാത്രമാണ് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതരായുള്ളത്. അതുകൊണ്ടാണ് ചർച്ച പുതിയ തലത്തിലേക്ക് എത്തുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്ത് കേസിൽ അന്വേഷണം മുന്നോട്ടു നീങ്ങവേ തെളിയുന്നത് ഉന്നത രാഷ്ട്രീയ-രാഷ്ട്രീയ ബിസിനസ് ബന്ധങ്ങൾ തന്നെയാണ്. ഉന്നതരെ കേന്ദ്രമാക്കി തന്നെ വേണം ഇനിയുള്ള അന്വേഷണം എന്ന് തന്നെയാണ് അന്വേഷണ ഏജൻസികളെ കുഴയ്ക്കുന്നത്. മുപ്പത് കിലോ സ്വർണം അടങ്ങിയ നയതന്ത്ര പാഴ്‌സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച വിവരം അറിഞ്ഞപ്പോൾ അത് വിട്ടു നൽകാൻ ബന്ധപ്പെട്ടത് പ്രമുഖ പ്രവാസി വ്യവസായിയാണ്. സ്വപ്നയുടെ മൊഴിയിലുള്ളത് ഈ പ്രവാസി വ്യവസായിയുടെ പേരാണ്. യുഎഇ കോൺസുലെറ്റിന്റെ പേരിൽ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ അത് വിട്ടു നൽകണം എന്നാണ് പ്രവാസി വ്യവസായി ആവശ്യപ്പെട്ടത്. ഈ ഇടപെടൽ പറഞ്ഞത് കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്.

അറ്റാഷെയോട് ഈ കാര്യം പറഞ്ഞത് കോൺസൽ ജനറലാണ്. പേടിക്കേണ്ട കാര്യമില്ല. പ്രവാസി വ്യവസായി ഇടപെട്ടിട്ടുണ്ട്. കസ്റ്റംസ് ബാഗ് പിടിച്ചു വെക്കില്ല. അവർ അത് വിട്ടുകൊടുത്തില്ലെങ്കിൽ യുഎഇയിലേക്ക് തിരികെ അയക്കും എന്നാണ് കോൺസൽ ജനറൽ പറഞ്ഞത് എന്നാണ് സ്വപ്ന പറഞ്ഞതായുള്ള മൊഴിയിൽ ഉള്ളത്. കേന്ദ്രസർക്കാരിനു കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ അനുബന്ധമായി ചേർത്ത സ്വപ്നയുടെ മൊഴിയിലാണ് ഈ പരാമർശമുള്ളത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ ഉന്നത ബന്ധങ്ങൾ മറ നീക്കുകയാണ്. കേസിൽ പ്രവാസി വ്യവസായിയും അന്വേഷണത്തിന്റെ നിഴലിലായി. ഈ ചർച്ചയാണ് ഇപ്പോൾ വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നത്. സ്വപ്നയുടെ മൊഴിയിൽ നിന്നുള്ള വിവരങ്ങളും സ്വപ്നയുടെ ഫോണിൽ നിന്നു തിരിച്ചെടുത്ത ചില വാട്‌സാപ് സന്ദേശങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണത്തിൽ നിർണായകമായ മറ്റു ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ റിബൻസ് നൽകിയ മൊഴിയും നിർണ്ണായകമാണ്. കൊൽക്കത്ത സ്വദേശി മുഹമ്മദ് എന്നയാളുടെ പേരിലാണ് ആദ്യം സ്വർണം കടത്തിയിരുന്നത്. ബാവ, ഷാഫി എന്നിവർക്ക് വേണ്ടി നാല് തവണയാണ് മുഹമ്മദിന്റെ പേരിൽ സ്വർണം കടത്തിയത്. വാട്ടർ പ്യൂരിഫെയറിൽ ഒളിപ്പിച്ചായിരുന്നു സ്വർണം എത്തിച്ചത്. എന്നാൽ അഞ്ചാം തവണ കാർഗോ എത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇതോടെ കാർഗോ തിരിച്ചയച്ചെന്നും ആറാം തവണ മുതലാണ് ദാവൂദ് അൽ അറബിയുടെ പേരിൽ സ്വർണം കടത്താൻ തുടങ്ങിയതെന്നും റമീസിന്റെ മൊഴിയിലുണ്ട്. ദാവൂദ് അൽ അറബി സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ അടുത്ത ആളാണ്. ദാവൂദും റബിൻസും ചേർന്നാണ് യു.എ.ഇയിൽനിന്ന് സ്വർണമടങ്ങിയ കാർഗോ അയച്ചിരുന്നത്. ഫൈസൽ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും കൂട്ടുപ്രതിയായ ജലാലിന്റെ സുഹൃത്താണ് ഫൈസൽ ഫരീദെന്നും റമീസ് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.