- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺസൽ ജനറലിന്റെ വസതി റെയ്ഡ് ചെയ്യാത്തത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന നിഗമനത്തിൽ; അവസരം മുതലെടുത്ത് 10 മൊബൈൽ ഫോണും പെൻഡ്രൈവുകളും കടത്താൻ നീക്കം; പൊളിച്ച് കസ്റ്റംസും; സാങ്കേതിക പരിശോധന നിർണ്ണായകമാകും; സ്വർണ്ണ കടത്തിലെ അതിബുദ്ധി കുടുങ്ങുമോ?
തിരുവനന്തപുരം: ഡോളർ കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള അനുമതി ഇനിയും കസ്റ്റംസിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്ത് അടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം വഴി മുട്ടിയ അവസ്ഥയുമാണ്. ഇതിനിടെയാണ് യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയുടെ ബാഗുകളിൽനിന്നു 10 മൊബൈൽ ഫോണും പെൻഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തത്. ഏതായാലും ഈ തെളിവുകളിൽ അന്വേഷണം തുടരാനാണ് നീക്കം. ഈ ഫോണിലും പെൻഡ്രൈവിലും നിർണ്ണായക വിരവങ്ങൾ ഉണ്ടെങ്കിൽ കസ്റ്റംസ് നടപടികൾ എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് കേന്ദ്ര സർക്കാർ അനുമതി നൽകുമോ എന്നതും നിർണ്ണായകാണ്.
മൊബൈൽ ഫോണുകൾ നേരത്തേ ഉപയോഗിച്ചിരുന്നവ ആണെന്നതിനാൽ കൂടുതൽ പരിശോധനയ്ക്കു കസ്റ്റംസ് തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഈ മൊബൈലിൽ നിന്ന് നിർണ്ണായക വിരവങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ. ഈ വിവരങ്ങളിൽ തുടരന്വേഷണത്തിന് അനുമതി നിഷേധിച്ചാൽ സ്വർണ്ണ കടത്ത് കേസ് തന്നെ അപ്രസക്തമാകും.
വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ദുബായിലേക്ക് അയയ്ക്കാനിരുന്ന ബാഗുകളാണു കസ്റ്റംസ് പരിശോധിച്ചത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപ്, കഴിഞ്ഞ ഏപ്രിലിൽ യുഎഇയിലേക്കു മടങ്ങിയ ജമാൽ അൽസാബി പിന്നീടു തിരികെ വന്നില്ല. ഇയാളെ ചോദ്യം ചെയ്യാനും കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞില്ല.
നയതന്ത്ര പരിരക്ഷ മറയാക്കിയാണ് ഇയാൾ യുഎഇയിലേക്ക് കടന്നത്. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളുടെ അന്വേഷണത്തിനിടെ അൽസാബിയുടെ പങ്കാളിത്തം സംബന്ധിച്ചു പ്രതികൾ മൊഴി നൽകിയിരുന്നു. കോൺസൽ ജനറലിന്റെ വസതി റെയ്ഡ് ചെയ്യാൻ കസ്റ്റംസ് ആലോചിച്ചെങ്കിലും അത് 2 രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന നിഗമനത്തിൽ വേണ്ടെന്നു വച്ചു. ഇനി ഇന്ത്യയിലേക്കു തിരിച്ചുവരാനാകില്ലെന്നു ബോധ്യമായതോടെയാണു തന്റെ സാധനങ്ങളെല്ലാം ദുബായിലേക്ക് അയയ്ക്കുന്നതിനു അൽസാബി അനുമതി തേടിയത്. ഇവിടെ കസ്റ്റംസ് ഇടപെട്ടു.
നയതന്ത്ര പരിരക്ഷയില്ലാത്ത അൽസാബിയുടെ ബാഗേജുകൾ പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചു. മൊബൈൽ ഫോൺ പിടിച്ചെടുത്തതിനെതിരെ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ രംഗത്തെത്തി. കസ്റ്റംസും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായെങ്കിലും മൊബൈൽ ഫോണും പെൻഡ്രൈവുകളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പെൻ ഡ്രൈവുകളിൽ എന്തായിരിക്കും ഉള്ളതെന്നതും നിർണ്ണയാകമാണ്. ഇവ പരിശോധിച്ച ശേഷം വിശദാംശങ്ങൾ കേന്ദ്രത്തെ അറിയിക്കും. അതിന് ശേഷം അവരുടെ അനുമതിയോടെ മാത്രമേ തുടർ നീക്കങ്ങൾ ഉണ്ടാകൂ.
എയർ കാർഗോ കോംപ്ലക്സിലാണ് പരിശോധന നടക്കുന്നത്. ജമാൽ അൽ സാബിയുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതിനുള്ള അപേക്ഷ കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. സ്വർണക്കടത്ത് ചർച്ചയായതിന് പിറകേ അൽസാബി വിദേശത്തേക്ക് പോയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ബാഗേജുകളിൽ ചിലത് ഇവിടെ ഉണ്ടായിരുന്നു. ഇത് യുഎഇയിൽ എത്തിക്കാൻ ജമാൽ അൽ സാബി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു കസ്റ്റംസ് നിലപാട്. ഇത് കേന്ദ്രത്തിനും തള്ളിക്കളയാനായില്ല.
കേസുമായി ബന്ധപ്പെട്ട അന്വേഷണം വിദേശത്തടക്കം നടക്കേണ്ടതുണ്ട് എന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. പരിശോധനയിൽ ലഭിക്കുന്ന തെളിവുകൾ കേസിന് സഹായകമാവുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അപ്പോഴും അന്വേഷണം ഇനി മുമ്പോട്ടു പോകുമോ എന്ന സംശയവും സജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ