- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിക്കെതിരെ മൊഴി കൊടുത്ത പൊലീസുകാരികൾ ചെയ്തത് അന്വേഷണ രഹസ്യം ചോർത്തൽ; സിജി വിജയനും റെജിമോൾക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തുകൊടുക്കാൻ കേന്ദ്ര ഏജൻസി; സ്വപ്നാ സുരേഷിന്റെ സുരക്ഷയ്ക്ക് പൊലീസിനെ ഇനി ആവശ്യപ്പെടാനും ഇടയില്ല; സ്വർണ്ണ കടത്തിൽ രണ്ടും കൽപ്പിച്ച് ഇഡിയും
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖാ വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ മൊഴിനൽകിയ വനിതാ പൊലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇ.ഡി രംഗത്ത്. പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവർതന്നെ അന്വേഷണ ഏജൻസിയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. കത്ത് നൽകും. വനിതാ ഉദ്യോഗസ്ഥയ്ക്ക് എതിരെ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. സ്വപ്‌നാ സുരേഷിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പൊലീസിനെ ആവശ്യപ്പെടുന്നത് പുനരാലോചിക്കാനും ഇ.ഡി. തീരുമാനിച്ചിട്ടുണ്ട്.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയൻ, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോൾ എന്നീ സിവിൽ പൊലീസ് ഓഫീസർമാരാണ് ഇ.ഡി.ക്കെതിരേ മൊഴി നൽകിയത്. ഇതിന് പിന്നിൽ പൊലീസ് അസോസിയേഷനിലെ ഉന്നതനാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ കേസ് സിബിഐയെ പോലൊരു കേന്ദ്ര ഏജൻസി അന്വേഷിക്കാനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് സ്വപ്നയുടെ ഫോൺ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവർ മൊഴി നൽകിയത്.
ഇത് ക്രിമിനൽ ചട്ടപ്രകാരം രഹസ്യം ചോർത്തലിൽ ഉൾപ്പെടുത്താവുന്ന കുറ്റമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്. ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് സ്വപ്നയ്ക്ക് പരാതിപ്പെടാം. ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ സമ്മർദം ചെലുത്തി എന്നത് നിയമപരമായി നിലനിൽക്കുന്ന ഒന്നല്ല. കേസ് തെളിയിക്കാൻ പല ചോദ്യങ്ങളും ചോദിക്കും. അതിന് പിന്നിൽ സമ്മർദ്ദങ്ങളൊന്നുമില്ല. അതാണ് അന്വേഷണ ഏജൻസികളുടെ രീതിയെന്നാണ് അവരുടെ നിലപാട്. ഇതോടെ കേസ് പുതിയ തലത്തിലെത്തുകയാണ്.
സ്വപ്നാ സുരേഷിന്റെ മുഖ്യമന്ത്രിയെ ന്യായീകരിക്കൽ പുറത്തായത് കുരുക്കാകുക കേരളാ പൊലീസിന് തന്നെ എന്നാണ് ഇതോടെ ലഭിക്കുന്ന സൂചന. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ, സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരിയുടെ മൊബൈൽ ഫോണിൽനിന്നു പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥനെ താൻ വിളിച്ചിരുന്നെന്ന സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. ഈ വിഷയത്തിലെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി നിലപാടാകും ഇനി നിർണ്ണായകം. പൊലീസുകാരി പറഞ്ഞ കാര്യങ്ങൾ താൻ ഫോണിലൂടെ ആവർത്തിക്കുകയായിരുന്നു. തന്നെ രക്ഷപ്പെടുത്തുമെന്ന ഉറപ്പിലാണു പൊലീസുകാരിയുടെ ഫോണിൽ സംസാരിക്കാൻ തയാറായതെന്നു കസ്റ്റംസ് കേസിൽ മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയിലും ഇ.ഡിക്കു കഴിഞ്ഞ ഡിസംബറിൽ എഴുതിക്കൊടുത്ത മൊഴിയിലും സ്വപ്ന ആവർത്തിക്കുന്നുണ്ട്. ഈ സാഹചര്യമാണ് കേരളാ പൊലീസിന് വിനയാകുന്നത്. സ്വപ്നയെ കൊണ്ട് മുഖ്യമന്ത്രിയുടെ പേരു പറയിക്കാൻ ശ്രമിക്കുന്ന ഇഡി ഉദ്യോഗസ്ഥരെ താൻ കണ്ടുവെന്ന് പൊലീസുകാരി മൊഴി കൊടുത്തിരുന്നു. ഇതും ചട്ടലംഘനമാണെന്ന് ഇഡി പറയുന്നു.
സ്വപ്നയുടെ ഫോൺ സംഭാഷണം പുറത്തു വന്നത് പൊലീസുകാരിൽ കൂടെയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം തുടങ്ങി. പൊലീസ് അസോസിയേഷൻ നേതാവായിരുന്നു സ്വപ്നയെ അനുഗമിക്കേണ്ട പൊലീസുകാരികളെ നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് തന്നെ മൊഴി കൊടുത്ത പൊലീസുകാരിയും സിപിഎം അനുഭാവിയായിരുന്നു. ഫോൺ സംഭാഷണം ചോർന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണമാണ് നടന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെയായിരുന്നു ഈ അന്വേഷണം. ഇതിലാണ് ഇഡിക്കെതിരെ മൊഴി പൊലീസുകാരി കൊടുത്തത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന് തിരിച്ചറിവിലാണ് സ്വപ്നയുടെ മൊഴി മജിസ്ട്രേട്ടിന് മുന്നിലും എടുപ്പിച്ചത്. അതുകൊണ്ട് തന്നെ പൊലീസിന്റെ ന്യായങ്ങൾ നിലനിൽക്കില്ല.
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ചോദ്യം ചെയ്യലിന് പ്രതികളെ കിട്ടിയാൽ പിന്നെ പൊലീസുകാരെ ആ ഭാഗത്ത് അടുപ്പിക്കുകയില്ലെന്നതാണ് പതിവ്. ആരേയും കാട്ടുകയുമില്ല. അതുകൊണ്ട് തന്നെ സ്വപ്നയുടെ മൊഴി എടുക്കൽ കണ്ടെന്ന പൊലീസുകാരിയുടെ വാദം നിലനിൽക്കില്ലെന്ന് പൊലീസ് സേനയിലുള്ളവരും പറയുന്നു. സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്നും അവർ പറയുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ ഇനിയുള്ള നീക്കങ്ങൾ ഏറെ പ്രസക്തമാണ്. ഭീഷണിക്ക് വഴങ്ങാതെ സ്വപ്നയ്ക്ക് മജിസ്ട്രേട്ടിന് മുന്നിൽ സത്യം പറയാൻ അവസരമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കേരള സർക്കാരിന്റെ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് കേന്ദ്ര ഏജൻസി കണക്കു കൂട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ