- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടുന്നത് പതിവായി; പുതുവഴികൾ പരിശോധിച്ചു സ്വർണ്ണ മാഫിയ; സ്വർണ്ണ പാാന്റ്സ് ധരിച്ച് എത്തിയിട്ടും ഒത്തില്ല! കള്ളക്കടത്തിന്റെ പുതുവഴി പരീക്ഷിച്ച യുവാവ് കൈയോടെ കസ്റ്റംസ് പിടിയിൽ; പാന്റ്‌സിൽ പൂശിയിരുന്നത് 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വർണം
കരിപ്പൂർ: മലദ്വരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം വിമാനത്താവളത്തിൽ പിടികൂടിയ സംഭവങ്ങളെ കുറിച്ച് അടുത്തകാലത്തായി നിരന്തര വാർത്തകൾ വന്നിരുന്നു. ഇതോടെ കാലപ്പഴക്കം ചെന്ന ഈ ശൈലി ഉപേക്ഷിക്കുകയാണ സ്വർണ്ണക്കടത്തു മാഫിയ. പകരം മറ്റു മാർഗ്ഗങ്ങളാണ് ഇപ്പോൾ സ്വർണ്ണക്കടത്തുകാർ സ്വീകരിക്കുന്നത്. പല മാതൃകകൾ ഇതിനായി സ്വർണ്ണക്കടത്തുകാർ പരീക്ഷിച്ചു കഴിഞ്ഞു. പാന്റ്‌സിനുള്ളിൽ സ്വർണം പൂശി സ്വർണം കടത്താൻ ശ്രമിച്ച യുവാവിന്റെ തന്ത്രം എന്തായാലും വിലപ്പോയില്ല.
പാന്റ്‌സിനുള്ളിൽ സ്വർണം പൂശി കള്ളക്കടത്തിന്റെ പുതുവഴി പരീക്ഷിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ ആകുകയായിരുന്നു. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ കോഴിക്കോട്ടെത്തിയ കാസർകോട് ഉപ്പള സ്വദേശി ഷാഫി (31) ആണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം പെയിന്റ് അടിക്കുന്ന രീതിയിൽ പാന്റ്‌സിനുള്ളിൽ തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പെട്ടെന്നു കാണാതിരിക്കാൻ ലൈനിങ് മാതൃകയിൽ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. സ്വർണം പൂശിയ, 1.3 കിലോഗ്രാം ഭാരമുള്ള പാന്റ്‌സ് ധരിച്ചെത്തിയ യുവാവിനെ കസ്റ്റംസ് സംഘം കൈയോടെ പൊക്കുകയായിരുന്നു.
ഡിആർഐക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാന്റ്‌സിൽ 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോഗ്രാം സ്വർണം പൂശിയിട്ടുണ്ടെന്നാണു കരുതുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ സാന്നിധ്യത്തിൽ പാന്റ്‌സ് കത്തിച്ചാണു സ്വർണം ഉരുക്കിയെടുക്കുക. എന്നാൽ, വിദേശത്തുനിന്നെത്തിയ യുവാവിന്റെ ക്വാറന്റീൻ പൂർത്തിയായ ശേഷമേ തുടർ നടപടികളുണ്ടാകൂ. പാന്റ്‌സ് കസ്റ്റഡിയിലെടുത്തു. ക്വാറന്റീൻ കഴിഞ്ഞ് ഹാജരാകാൻ നോട്ടിസ് നൽകി യാത്രക്കാരനെ വിട്ടയച്ചു.
ഇതിനു പുറമേ, റാസൽഖൈമയിൽനിന്ന് എത്തിയ വടകര സ്വദേശി മുസ്തഫ (41) വസ്ത്രത്തിൽ ഒളിപ്പിച്ച 1.32 കിലോഗ്രാം സ്വർണ മിശ്രിതം, ഷാർജയിൽനിന്നെത്തിയ മലപ്പുറം സ്വദേശി ലുക്മാൻ (27) ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച 1.09 കിലോഗ്രാം സ്വർണമിശ്രിതം, 50 ഗ്രാം സ്വർണാഭരണം എന്നിവയും കസ്റ്റംസ് കണ്ടെടുത്തു.
സോക്‌സിനുള്ളിലും ധരിച്ച പാന്റിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കിയുമാണ് ഇവർ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. സ്വർണമിശ്രിതത്തിന് പുറമെ സ്വർണ ചെയിനും ഇവരിൽ നിന്ന് പിടിച്ചെടുത്തുട്ടുണ്ട്. കരിപ്പൂർ സ്വർണ്ണക്കടത്തും ക്വട്ടേഷൻ സംഘങ്ങൾ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതും ചർച്ചയാകുന്നതിനിടെയാണ് ഒരു കോടി വിലവരുന്ന സ്വർണം പിടികൂടിയിരിക്കുന്നത്. ഇന്നലെ മാത്രം ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ