- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തു കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ; ഹവാല ഇടപാടിന്റെ തെളിവുകളും ലഭിച്ചതോടെ അന്വേഷണം മുറുകി; സ്വപ്ന സുരേഷിനൊപ്പമുള്ള വിദേശ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ശിവശങ്കരന്റെ അറസ്റ്റു സാധ്യതയും കൂടി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് സിപിഎം നേതാക്കൾ രംഗത്തെത്തുന്നതും അറസ്റ്റു സാധ്യത മുന്നിൽ കണ്ട്; കോൺസുലേറ്റ് ഉദ്യോഗസ്ഥർ സ്വപ്നയ്ക്കും സരിത്തിനും കൈമാറിയ പാഴ്‌സലിൽ ഉള്ളത് വിദേശ കറൻസി ആയിരുന്നുവെന്നും റിപ്പോർട്ടുകൾ
കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ എൻഫോഴ്‌സ്‌മെന്റ് മുമ്പാകെ ലഭിച്ചിരിക്കുന്നത് നിർണായകമായ തെളിവുകൾ. സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തുമായി എം ശിവശങ്കരൻ പുലർത്തിയ സൗഹൃദം അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിക്കുമോ എന്ന സംശയത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. രണ്ട് തവണ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു വിട്ടയച്ച ശിവശങ്കരനെ വീണ്ടും എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹവാല ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഇതോടെ പുറത്തുവന്നിട്ടുണ്ട്. അതേസമയം എം ശിവശങ്കരനിലേക്ക് അന്വേഷണം കൂടുതൽ എത്തുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ സിപിഎം നേതാക്കൾ അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറഞ്ഞു രംഗത്തെത്തി. തോമസ് ഐസക്ക്, ജി സുധാകരൻ, എ വിജയരാഘവൻ തുടങ്ങിയവർ ഇതിനോടകം തന്നെ ശിവശങ്കരനെ തള്ളിപ്പറഞ്ഞു കഴിഞ്ഞു.
അതേസമയ സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നാ സുരേഷും സരിത്തും യു.എ.ഇ. കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കൊപ്പം പലതവണ ഗൾഫിലേക്ക് യാത്രചെയ്തതായി അന്വേഷണ ഏജൻസികൾക്കും വിവരം ലഭിച്ചിട്ടുണ്ട്. ഒപ്പം യാത്രചെയ്ത കോൺസുലേറ്റ് ഉദ്യോഗസ്ഥർ, കേരളത്തിൽനിന്നും കൊണ്ടുപോയ പാഴ്സൽ സ്വപ്നയ്ക്കും സരിത്തിനും യു.എ.ഇ.യിൽവെച്ച് കൈമാറിയിരുന്നു. ഇതിൽ വൻതോതിൽ വിദേശകറൻസി ആയിരുന്നുവെന്നാണ് കരുതുന്നത്. കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പരിശോധനയില്ലാതെ വിമാനയാത്ര ചെയ്യാം. യു.എ.ഇ.യിലെത്തിയ ഉദ്യോഗസ്ഥർ അവിടെ തങ്ങാതെ യൂറോപ്പിലേക്ക് യാത്രതുടർന്നതും ദുരൂഹമാണ്.
അതിനിടെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇ.ഡി.) മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനോട് ലൈഫ് മിഷൻ സംബന്ധിച്ച് ചോദ്യങ്ങളാരാഞ്ഞു. യു.എ.ഇ.യിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റും ലൈഫ് മിഷനുമായുള്ള കരാറിനെക്കുറിച്ചും അതിന്റെ പകർപ്പുമാണ് ആരാഞ്ഞത്. കസ്റ്റംസും ഇത് അന്വേഷിച്ചിരുന്നു. റെഡ്ക്രസന്റ് ഏതാണ്ട് 18 കോടി രൂപയാണ് വീടുകളുടെ നിർമ്മാണത്തിനായി നൽകാമെന്ന് ഏറ്റിരുന്നത്.
കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി യുണിടാക് പ്രതിനിധികൾ നേരിട്ട് ചർച്ചനടത്തിയിരുന്നു. കരാർ ലഭിക്കാൻ സ്വപ്നയും സംഘവും യുണിടാക്കിനോട് 20 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പാതിമാത്രമാണ് നൽകിയത്. ഇതാണ് ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നത്. 2018 ഒക്ടോബറിൽ പ്രളയദുരിതാശ്വാസ ധനസമാഹരണത്തിനുള്ള യാത്രയ്ക്കുമുമ്പ് 2017-ലും 2018-ലും ഏപ്രിലിൽ ശിവശങ്കർ സ്വപ്നയുമൊത്ത് വിദേശയാത്ര നടത്തിയെന്ന് ഇ.ഡി.ക്ക് വ്യക്തമായിട്ടുണ്ട്.
2018 ഏപ്രിലിൽ ശിവശങ്കറിന്റെ ഒമാൻ യാത്രയ്ക്കിടയിൽ സ്വപ്ന അവിടെയെത്തി അദ്ദേഹത്തെ കണ്ടു; മടക്കയാത്ര ഒരുമിച്ചായിരുന്നു. 2018 ഒക്ടോബറിൽ പ്രളയദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യുഎഇ യാത്രയിലും ശിവശങ്കറിനെ സ്വപ്ന അനുഗമിച്ചു. ശിവശങ്കറിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച ഈ വിവരങ്ങൾ സ്വപ്നയുടെ മൊഴിയിലുമുണ്ടെന്നാണു വിവരം. ഇവയുടെ വിശദാംശങ്ങൾക്കായി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടെന്ന നിലപാട് ഇന്നലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലും ഇഡി ആവർത്തിച്ചു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിൽ സ്വർണം കടത്താൻ പ്രതികൾ ദുബായിൽ ഗൂഢാലോചന നടത്തിയത് 2019 ഓഗസ്റ്റിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ശിവശങ്കർ നിർദേശിച്ച പ്രകാരം അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും സ്വപ്നയും ചേർന്ന് ബാങ്ക് ലോക്കർ എടുക്കുന്നത് 2018 നവംബറിലും. സ്വർണക്കടത്തിനു മുൻപു തന്നെ സ്വപ്നയും ശിവശങ്കറും സമ്പത്തു പങ്കുവച്ചതിന്റെ തെളിവായാണ് ഇതിനെ അന്വേഷണസംഘം വിലയിരുത്തുന്നത്. പ്രളയദുരിതാശ്വാസം തേടിയുള്ള സംഘത്തെ സ്വപ്ന അനുഗമിക്കുന്ന വിവരം അവരെ നയിച്ച മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് മൊഴി.
സ്വപ്നയ്‌ക്കൊപ്പം വിദേശയാത്ര നടത്തിയതായി ഇഡി കണ്ടെത്തിയ തീയതികളിൽ ശിവശങ്കറിന്റെ ഔദ്യോഗിക ദൗത്യങ്ങൾ ഇങ്ങനെയായിരുന്നു. 2017 ഏപ്രിൽ: കൊച്ചി സ്മാർട് സിറ്റി പദ്ധതി തുടർപ്രവർത്തനങ്ങളുടെ അവലോകനം ചെയ്യാനായി ആദ്യം പോയി. പിന്നീട്, 2018 ഏപ്രിൽ മാസത്തിൽ ദുബായിൽ വാർഷിക നിക്ഷേപ സംഗമത്തിനു ശേഷം ഐടി കമ്പനികളുടെ സഹകരണസാധ്യത തേടി ശിവശങ്കർ ഒമാനിലെത്തി. ഈ യാത്രയുടെ ചെലവ് കൊച്ചി ഇൻഫോപാർക്കിന്റെ അക്കൗണ്ടിൽ നിന്ന്. എന്നാൽ, ഒമാനിൽ നിന്ന് കേരളത്തിൽ നിക്ഷേപം വന്നതായി ഇതുവരെ സൂചനയില്ല. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ സംഘം യുഎഇയിൽ ഉണ്ടായിരുന്നപ്പോഴുമായിരുന്നു ഈ സന്ദർശനം.
നേരത്തെ സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണം സംബന്ധിച്ച് നേരത്തെ സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. അവർക്ക് ഇത് വിവാഹ സമയത്ത് ലഭിച്ചതാണെന്നായിരുന്നു വിശദീകരണം. വിവാഹ ദിവസം സ്വർണം ധരിച്ച് നിൽക്കുന്ന ചിത്രവും കോടതിയിൽ നൽകിയിരുന്നു. എം. ശിവശങ്കറിന്റെ നിർദേശത്തെ തുടർന്നാണ് ലോക്കറിൽ സ്വർണം വച്ചത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഇവർക്ക് എം. ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി കഴിഞ്ഞ ദിവസം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ദുരൂഹ ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ എം. ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം സ്വപ്ന സ്വർണക്കടത്ത് കേസിൽ പിടിയിലാകും മുമ്പ് വിദേശ കറൻസി രാജ്യത്തിന് പുറത്തെത്തിക്കുന്നതിന് എം. ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ജൂണിൽ വിദേശത്തേക്കു പോയ വന്ദേഭാരത് വിമാനങ്ങളിൽ അഞ്ച് വിദേശികൾക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം ശിവശങ്കർ വിമാനക്കമ്പനിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദേശ ലോക്ഡൗണിൽ കുടുങ്ങിയ യുഎഇ പൗരന്മാരെ കയറ്റിവിടാനാണ് സഹായിച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ കയറിപ്പോയത് വിദേശികളല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എട്ട് ബാഗേജുകളും ഇവർ കടത്തിയിട്ടുണ്ടെന്നും കാര്യമായ പരിശോധനയില്ലാതെയാണ് ഇത് കടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇഡി സ്വപ്നയോട് ചോദിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ