കൊച്ചി: ജനം ടി.വി മുൻ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൽനിന്ന് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ മാറ്റി. കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ പകർപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നിയമവിഭാഗത്തിലേക്കാണ് മാറ്റിയത്.

അനിൽ നമ്പ്യാർക്ക് എതിരായ മൊഴി പുറത്തുവന്നതോടെ ഇതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായിയിരുന്നു. മൊഴി ചോർന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽനിന്ന് മാറ്റിയത്. മൊഴി ചോർന്നതിൽ കേന്ദ്രവും അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോർന്നത്. ഇതു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. കസ്റ്റംസ് സംഘത്തിലെ ഉന്നതർ ഇതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അനിൽ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം വഴിതിരിച്ച് വിടാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉച്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് കുറ്റപ്പെടുത്തി.

അന്വേഷണം നയിച്ചത് അനീഷ് രാജൻ എന്ന ഉദ്യോഗസ്ഥനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ ആരും വിളിച്ചില്ലെന്ന് പരസ്യമായി പറഞ്ഞത് ഇടത് ബന്ധങ്ങളുള്ള അനീഷ് രാജനായിരുന്നു. ഇതിനെതുടർന്ന് അനീഷ് രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി. ഇതിൽ പ്രതികാര ബുദ്ധിയോടെ ചിലർ പ്രവർത്തിച്ചുവെന്നാണ് ഉയരുന്ന വാദം. പിന്നിൽ കസ്റ്റംസിലെ ഇടതു അനുകൂലികളാണെന്നാണ് നിഗമനം. ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമെന്നും വിലയിരുത്തുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാരും കാണുന്നത്. അതുകൊണ്ട് തന്നെ മൊഴി ചോർന്നതിൽ അന്വേഷണവും വരും.

ആരുടെ കയ്യിൽ നിന്നാണു മൊഴി ചോർന്നതെന്നും ഈ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോർത്തിയതിൽ ദുരൂഹതയുണ്ടെന്നുമാണു വിലയിരുത്തൽ. കസ്റ്റംസ് ആസ്ഥാനത്ത് നിന്ന് ഇതിൽ ആശങ്ക അന്വേഷണസംഘത്തെ അറിയിച്ചു. മറ്റ് അന്വേഷണ ഏജൻസികളും അതൃപ്തി അറിയിച്ചിട്ടുണ്ട്. എൻഐഎയും നിരശയിലാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുൻപു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ നൽകിയ മൊഴിയാണ് ചോർന്നത്. ഈ മൊഴി കോടതിയിലും സമർപ്പിച്ചു. ഇതും അനീഷ് രാജിനെ മാറ്റിയതിന് ശേഷമായിരുന്നു. ബിജെപിക്കെതിരെ മൊഴി ഉള്ളതു കൊണ്ടാണ് ഇതെന്ന വാദം അപ്പോഴേ സജീവമായിരുന്നു.

കസ്റ്റംസ് കൊച്ചി ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ സ്ഥലം മാറ്റാൻ ബിജെപി നേതൃത്വത്തിലെ ചിലർ കാണിച്ച അമിതാവേശം വിനയായെന്ന വിലയിരുത്തൽ ബിജെപിയിൽ ശക്തിപ്രാപിച്ചിരുന്നു. തിടുക്കപ്പെട്ടു ഈ രീതിയിൽ ഒരു നീക്കം അനീഷ് രാജിനെതിരെ വേണ്ടിയിരുന്നില്ലെന്നാണ് ബിജെപിയിലെ ഒരു പ്രബലവിഭാഗം ശക്തമായി വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ജനം ടിവിയിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് വിനയായതെന്ന് ഇവർ ഇപ്പോൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് പ്രതികരിച്ച അനീഷ് രാജിനെ നാഗ്പൂരിലേക്കാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്ന വേളയിൽ സ്ഥലം മാറ്റിയത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുള്ള മൊഴിയാണ് ഇതെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവർ അന്ന് രംഗത്ത് വന്നിരുന്നു. അനീഷ് രാജിന്റെ ഇടത് അനുകൂല ബന്ധം തുറന്നു കാട്ടി മറ്റു പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നതോടെ വിവാദം കനത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ കസ്റ്റംസ് ഓഫീസിലേക്ക് അനീഷ് രാജിനെ മാറ്റിയത്.

അനീഷ് രാജിന് കൊടുക്കാവുന്ന ഏറ്റവും 'മികച്ച' സമ്മാനമായാണ് ഈ സ്ഥലം മാറ്റത്തെ അനീഷ് രാജിനെ പ്രബലമായി എതിർത്ത ബിജെപിയിലെ ഒരു വിഭാഗം അന്ന് വിശേഷിപ്പിച്ചത്. മടങ്ങിവരുമ്പോൾ സംഘിയായി വരും എന്നാണ് സ്വകാര്യ സംഭാഷണങ്ങളിൽ ഇവർ പ്രതികരിച്ചത്. പക്ഷെ അന്ന് തന്നെ അനീഷ് രാജിനെതിരെ ഒരു നടപടിയും അവശ്യമില്ലെന്നു ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രം ഭരിക്കുന്നത് ബിജെപി. കസ്റ്റംസ് കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസി. അതുകൊണ്ട് തന്നെ നീക്കങ്ങൾ അവശ്യമില്ലെന്നാണ് ഒരു വിഭാഗം നിലപാട് എടുത്തത്. കസ്റ്റംസിന് രാഷ്ട്രീയക്കളികൾക്ക് മുതിരില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റംസിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു അനീഷ് രാജ്. ഈ ഒരു പ്രസ്താവനയുടെ പേരിൽ അനീഷ് രാജിനെതിരെ നടപടികൾ ആവശ്യമില്ലെന്നാണ് ഇവർ വാദിച്ചത്.

അനീഷ് രാജിന്റെ സ്ഥലം മാറ്റത്തിൽ സ്വാഭാവികമായി കസ്റ്റംസിൽ അതൃപ്തി വളർന്നുവന്നിരുന്നു. കേസുകളിൽ രാഷ്ട്രീയം നോക്കുക കസ്റ്റംസിന്റെ രീതിയല്ല. ഇത് ദേശീയ അന്വേഷണ ഏജൻസികളിൽ ഉൾപ്പെടുന്നതുമാണ്. പ്രസ്താവനയിൽ നടപടി ആവശ്യപ്പെട്ടു ചില ബിജെപി നേതാക്കൾ അനീഷ് രാജിനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റം വന്നത്. ഇതോടെ കസ്റ്റംസ് അന്വേഷണം ശക്തമാക്കുകയും ആരും തന്നെ ഊരിപ്പോകാത്ത വിധം കേസിൽ പിടിമുറുക്കുകയും ചെയ്തു. ഈ നീക്കമാണ് അനിൽ നമ്പ്യാർക്ക് വിനയായത്. സ്വർണക്കടത്ത് കേസിൽ നിന്നും തടിയൂരാൻ ആവശ്യമായ നിർദ്ദേശമാണ് അനിൽ നമ്പ്യാർ സ്വപ്നയെ അങ്ങോട്ട് വിളിച്ച് നൽകിയത്. സ്വപ്ന കുടുങ്ങിയപ്പോൾ ഒപ്പം നിന്ന എല്ലാവരും കുടുങ്ങുകയും ചെയ്തു. മൊഴിയിൽ ഒരു തിരുത്തലും ഒരിക്കലും വരാതിരിക്കാൻ ശ്രദ്ധിച്ച കസ്റ്റംസ് സ്വപ്നയുടെ മൊഴി പ്രത്യേകാനുമതി തേടി കോടതിയിൽ ഫയൽ ചെയ്തു. സാധാരണ ഗതിയിൽ കുറ്റപത്രത്തോടോപ്പമാണ് മൊഴി ഫയൽ ചെയ്യുക. ഇവിടെ കസ്റ്റംസ് നേരത്തെ തന്നെ ഫയൽ ചെയ്തു. സ്വപ്നയുടെ മൊഴി രേഖയായി കോടതിക്ക് മുന്നിൽ വന്നു. ഇതോടെയാണ് അനിൽ നമ്പ്യാരുടെ മാരത്തോൺ ചോദ്യം ചെയ്യൽ വന്നത്.

സ്വപ്നയ്ക്കും അനിൽ നമ്പ്യാർക്കും അടുപ്പമുണ്ടെന്നു കസ്റ്റംസിന് മനസിലായിരുന്നു. അതിന്റെ തെളിവുകളും അവരുടെ കൈവശമുണ്ട്. സ്വപ്നയോടുള്ള അടുപ്പം തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിനയായത്. ഇത്ര ഗാഡമായ അടുപ്പം അനിൽ നമ്പ്യാർക്ക് സ്വപ്നയോട് ഇല്ലെങ്കിലും സ്വപ്നയ്ക്ക് വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തുകയും ഒപ്പമിരുന്നു ഡിന്നറും മദ്യവും സേവിച്ച വ്യക്തിയാണ് അനിൽ നമ്പ്യാർ. ഇത് മനസിലാക്കിയാണ് അനിൽ നമ്പ്യാരെക്കൂടി സ്വപ്ന ബന്ധത്തിന്റെ ,കസ്റ്റംസ് ചോദ്യം ചെയ്തത്. അനീഷ് രാജിന്റെ ട്രാൻസ്ഫർ പ്രശ്‌നം മുന്നിൽ നിൽക്കുന്നതിനാൽ സംശയാസ്പദമായ ഒരാളും കേസിൽ നിന്നും ഊരിപ്പോരേണ്ടതില്ലെന്നു കസ്റ്റംസ് തീരുമാനിക്കുകയും സ്വപ്നയുടെ മൊഴി അനുവാദം വാങ്ങി കോടതിയിൽ രേഖയാക്കുകയും ചെയ്തു. ഇതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ ബിജെപി-ജനം ടിവി ബന്ധം കൂടി വന്നത്. അനീഷ് രാജ് പ്രശ്‌നത്തിൽ ഇടത് ബന്ധം ആരോപിച്ച് രംഗത്ത് മുൻപ് രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നു. ഇതെല്ലാം പരിവാറിനുള്ളിൽ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

അനിൽ നമ്പ്യാർ-സ്വപ്ന ബന്ധം വെളിയിൽ വന്നപ്പോൾ അത് മൊത്തത്തിൽ പരിവാർ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയായെന്നാണ് ആർഎസ്എസിന്റെ ഒരു വിഭാഗവും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെയാണ് ബിജെപി-ആർഎസ്എസ് ചാനൽ അല്ലാതിരുന്നിട്ടുകൂടി ചാനലിൽ നിന്ന് അനിൽ നമ്പ്യാരെ മാറ്റിനിർത്തണം എന്ന് ചാനൽ മേധാവികളോട് പരിവാർ നേതൃത്വം ആവശ്യമുന്നയിച്ചത്.