- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ നമ്പ്യാരും സ്വപ്നയുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതിന് പിന്നാലെ അന്വേഷണ തലപ്പത്ത് വീണ്ടും മാറ്റം; കസ്റ്റംസ് അന്വേഷണ മേൽനോട്ടത്തിൽ നീന്ന് നീക്കിയത് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിനെ; കസ്റ്റംസ് ലീഗൽ ഡിവിഷനിലേക്ക് സ്ഥലം മാറ്റവും; മൊഴിപകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതും അന്വേഷണത്തെ ബാധിച്ചെന്ന് വിലയിരുത്തൽ; സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റുന്നത് രണ്ടാം തവണ
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണ സംഘത്തിൽ വീണ്ടും അഴിച്ചുപണി. അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിനെയാണ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത്. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോർന്ന വിഷയത്തിലാണ് നടപടിയെന്നാണ് സൂചന. മൊഴി ചോർന്നതിൽ കസ്റ്റംസ് ഉന്നതതല അന്വേഷണം ആരംഭിച്ച ഉടനെയാണ് ഇത്തരത്തിലൊരു തീരുമാനം.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിനെ അന്വേഷണ സംഘത്തിൽ നിന്ന് നീക്കിയതിന് പുറമെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നും കസ്റ്റംസ് ലീഗൽ ഡിവിഷനിലേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട മൊഴി മാത്രം ചോർന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ടടക്കം റെയ്ഡുകൾ നടത്തിയത് എൻ.എസ് ദേവായിരുന്നു. മൊഴി ചോർന്നതിൽ കസ്റ്റംസ് ഉന്നതതല അന്വേഷണം ആരംഭിച്ച ഉടനെയാണ് ഇത്തരത്തിലൊരു തീരുമാനം. അനിൽ നമ്പ്യാരെ ഫോൺ ചെയ്തുവെന്ന് പറയുന്നതടക്കമുള്ള സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്നത് വെള്ളിയാഴ്ചയാണ്. കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. മൊഴി പകർപ്പ് ചോർന്നത് കസ്റ്റംസിനുള്ളിൽ നിന്നാണോ അതോ മറ്റേതെങ്കിലും ഏജൻസി വഴിയാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
സ്വപ്നയുടെ മൊഴി പകർപ്പ് പുറത്തായത് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ബിജെപിയെ സഹായിക്കണമെന്ന് അനിൽ നമ്പ്യാർ സ്വപ്നയോട് പറഞ്ഞടതക്കം പുറത്തു വന്നത് സിപിഎമ്മും മറ്റു കക്ഷികളും ആയുധമാക്കുകയും ചെയ്തിരുന്നു. സർക്കാറിനെതിരെ ആക്രമണ രംഗത്തുണ്ടായിരുന്ന ബിജെപി പ്രതിരോധത്തിലേക്ക് മാറുന്ന കാഴ്ചയാണ് അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലിനും മൊഴി പുറത്താകലിന് ശേഷവും ഉണ്ടായത്.
അനിൽ നമ്പ്യാരുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്ന് സ്വപ്ന മൊഴിയിൽ പറയുന്നു. ദുബയിൽ അനിൽ നമ്പ്യാർക്കെതിരേ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസ് ഒഴിവാക്കുന്നതിന് സഹായം തേടിയാണ് നമ്പ്യാർ തന്നെ പരിചയപ്പെടുന്നത്. ഇതിനു ശേഷം നമ്പ്യാരുമായി താൻ അടുത്ത ബന്ധം തുടർന്നു. തനിക്ക് കോൺസുലേറ്റിലുള്ള സ്വാധീനം നന്നായി അറിയാമായിരുന്ന നമ്പ്യാർ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ സഹായിക്കുന്ന നിലപാടെടുക്കാൻ കോൺസുലേറ്റിനെ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചത്. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരപ്രശ്‌നമാകും. അതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുലർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.
ജൂലൈ അഞ്ചിനാണ് അനിൽ നമ്പ്യാർ സ്വപ്നയെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നൽകിയാൽ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാർ സ്വപ്നയെ ഉപദേശിച്ചു. കോൺസുലർ ജനറൽക്ക് നൽകേണ്ട കത്തിന്റെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ താൻ ഒളിവിൽ പോയതിനാൽ പിന്നെ അനിൽ നമ്പ്യാരുമായി ബന്ധപ്പെടാനോ കത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനോ സാധിച്ചില്ലെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ