- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തു കേസ് പൂട്ടിക്കെട്ടി എന്നു എഴുതി തള്ളാൻ വരട്ടെ! കസ്റ്റംസ് അന്വേഷണവുമായി മുന്നോട്ടു പോകാൻ ഉറച്ചു തന്നെ; ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ തീരുമാനം; പിടിച്ചെടുത്ത സ്വർണം കണ്ടുകെട്ടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസ് എല്ലാം തെരഞ്ഞെടുപ്പോടെ അവസാനിച്ചു എന്നു കരുതിയിടത്തു നിന്നും തുടങ്ങാൻ കസ്റ്റംസ് നീക്കം. കേസിലെ അന്വേഷണം രാഷ്ട്രീയക്കാരിൽ നിന്നും തിരിഞ്ഞ് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്കാണ് നീങ്ങുന്നത്. സ്വർണക്കടത്ത് കേസിൽ അതീവ നിർണായക നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു.
ഇരുവർക്കും വിദേശകാര്യമന്ത്രാലയം വഴി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇവർക്കെതിരെ ലഭിച്ച മൊഴികൾ ഉൾപ്പെടുത്തിയാണ് നോട്ടീസ് നൽകിയത്. പിടിച്ചെടുത്ത സ്വർണം കണ്ടുകെട്ടാതിരിക്കാനും നികുതി വെട്ടിച്ചതിന് പിഴ ഈടാക്കാതിരിക്കാനും കാരണം ബോധിപ്പിക്കണമെന്നാണ് നിർദ്ദേശം. നോട്ടീസിന് 30 ദിവസത്തിനകം മറുപടി നൽകണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മറുപടി ലഭിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകും.
ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നൽകിയത്. കോൺസുൽ ജനറൽ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വർണം പിടിച്ചതിന് പിന്നാലെ ഗൾഫിലേക്ക് കടന്നിരുന്നു.
ജൂൺ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതിൽ പതിനാലരകോടി രൂപയുടെ സ്വർണം ഉണ്ടെന്നു കണ്ടെത്തുന്നു. ഈ ബാഗ് കോൺസൽ ജനറലിന്റെ പേരിൽ വന്ന നയതന്ത്ര ബാഗാണ്. അതിനാൽ തന്നെ ബാഗ് തുറക്കുന്നത് തടയാൻ അറ്റാഷയും കോൺസുൽ ജനറലും കസ്റ്റംസിന്റെ മേൽ സമ്മർദ്ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയിരുന്നു. നയതന്ത്ര ബാഗുവഴി വരുന്ന സ്വർണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവർക്കും എതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. ഇരുവർക്കുമുള്ള നയതന്ത്ര പരിരഷയും യുഎഇ സർക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ