- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇ. കോൺസൽ ജനറൽ കേരളത്തിൽ പ്രവർത്തിച്ചത് കേന്ദ്ര സംസ്ഥാന പ്രോട്ടോക്കോൾ നിയമങ്ങൾ ലംഘിച്ച്; മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം; മുഖ്യമന്ത്രിയുടെ ഓഫീസിലും യോഗം ചേർന്നു; വെളിപ്പെടുത്തൽ പ്രതികൾക്ക് നൽകിയ ഷോക്കോസ് നോട്ടീസിൽ; സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്
തിരുവനന്തപുരം: യു.എ.ഇ. കോൺസൽ ജനറൽ കേരളത്തിൽ പ്രവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ നിയമങ്ങളും കാറ്റിൽ പറത്തിയെന്ന് കസ്റ്റംസ്. സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും കസ്റ്റംസ് വെളിപ്പെടുത്തി.
സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും യോഗങ്ങൾ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയിൽ വീണതായുള്ള സൂചനയും കസ്റ്റംസിന്റെ നോട്ടീസിലുണ്ട്. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികൾക്ക് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോൾ ഓഫീസിനെ മറികടന്ന് സംസ്ഥാന സർക്കാർ വൈ കാറ്റഗറി സുരക്ഷ കോൺസൽ ജനറലിന് നൽകി. ഇത് പലഘട്ടങ്ങളിലും അദ്ദേഹം നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്തുവെന്നും കസ്റ്റംസ് നോട്ടീസിൽ പറയുന്നു. മൂന്ന് പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 260 പേജുള്ള ഷോക്കോസ് നോട്ടീസാണ് കസ്റ്റംസ് പ്രതികൾക്ക് അയച്ചത്.
വിയറ്റ്നാമിൽ കോൺസൽ ജനറലായി ജോലി ചെയ്യുമ്പോൾ അവിടെയും ഇവർ കള്ളക്കടത്ത് നടത്തിയിരുന്നു. യു.എ.ഇയിൽനിന്ന് നിരോധിത മരുന്ന്, സിഗരറ്റ് അടക്കമുള്ളവ വിയറ്റ്നാമിലേക്ക് കടത്തി ഇൻസ്റ്റാഗ്രമിലൂടെ കോൺസൽ ജനറലും കൂട്ടരും വിൽപന നടത്തി. ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചാണ് കോൺസൽ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ കേരളത്തിലേക്കെത്തിയതെന്നും നോട്ടീസിൽ പരാമർശമുണ്ട്.
സരിത്തിനേയും സന്ദീപിനേയും ഉപയോഗിച്ച് കേരളത്തിൽ കള്ളക്കടത്ത് നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. പിന്നീട് സ്വപ്ന, റമീസ് എന്നിവരിലൂടെ സ്വർണ്ണക്കടത്തിലേക്ക് തിരിഞ്ഞു. കേരളത്തിൽനിന്ന് കള്ളക്കടത്തിലൂടെ ലഭിക്കുന്ന പ്രതിഫലത്തിൽ കള്ളനോട്ടുണ്ടോ എന്ന് തിരിച്ചറിയാനായി കോൺസൽ ജനറലിന്റെ നിർദേശപ്രകാരം സരിത്ത് നോട്ടെണ്ണൽ യന്ത്രം വാങ്ങി നൽകിയെന്നും നോട്ടീസിൽ പറയുന്നു.
സ്വർണക്കടത്തിന് പിന്നാലെ ഡോളർ കടത്തുകേസിലും കസ്റ്റംസ് ഷോക്കോസ് നോട്ടീസ് നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും, ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്കും നോട്ടീസ് അയക്കാനാണ് തീരുമാനം. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ അന്വേഷണം തുടരും. ഉന്നതരുടെ പങ്കാളിത്തത്തിൽ ഖാലിദ് നൽകുന്ന വിവരങ്ങളാകും നിർണായമാവുകയെന്നും കസ്റ്റംസ്.
സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുൽ ജനറലിനും, അറ്റാഷെയ്ക്കുമുൾപ്പെടെ 52 പേർക്ക് ഷോക്കോസ് നൽകി തുടങ്ങിയതിനൊപ്പമാണ് അനുബന്ധമായുള്ള ഡോളർ കടത്തു കേസിലും കസ്റ്റംസ് നോട്ടീസ് തയ്യാറായത്. കേസിൽ നാലാം പ്രതിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഡോളർ കടത്തിലെ പ്രധാന പ്രതിയായ യു എ ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻ മേധാവി ഖാലിദ്, മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്തോഷ് ഈപ്പൻ എന്നിവർക്കും കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകും.
കേസിൽ നേരിട്ട് പ്രതികളായ അഞ്ചു പേർക്കാണ് ആദ്യ ഘട്ടത്തിൽ നോട്ടീസ് അയക്കുന്നത്. ഡോളർ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്ത മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം തുടരുമെന്നും, ഖാലിദ് അലി ഷൗക്രിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഉന്നതരുടെ പങ്കാളിത്തത്തെ കുറിച്ച് സ്ഥിരീകരണം ലഭിക്കുകയുള്ളുവെന്നും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഒരു ലക്ഷത്തി തെണ്ണൂറായിരം ഡോളറാണ് സ്വപ്നയുൾപ്പെടെയുള്ള സ്വർണക്കടത്ത് കേസ് പ്രതികളുടെ സഹായത്തോടെ ഖാലിദ് കടത്തിയത്. 2019 ജൂലൈ അഞ്ചിനാണ് ഖാലിദ് ഈജിപ്തിലേക്ക് കടന്നത്.
ലൈഫ്മിഷൻ കോഴപ്പണമാണ് ഡോളറാക്കി കടത്തിയതെന്നും, ഡോളർ കടത്തിൽ സംസ്ഥാനത്തെ പല പ്രമുഖർക്കും പങ്കുണ്ടെന്നുമായിരുന്നു സ്വപ്നയുടെയും, സരിത്തിന്റെയും മൊഴി. സ്വർണക്കടത്തിലും, ഡോളർ കടത്തിലും ഷോക്കോസ് നോട്ടീസായതോടെ കസ്റ്റംസ് കേസ് വിചാരണ നടപടികളിലേക്ക് കടക്കുകയാണ്.
ന്യൂസ് ഡെസ്ക്