കണ്ണുർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായി ആരോപിച്ച് കസ്റ്റംസ് അറസ്റ്റു ചെയ്ത അഴീക്കൽ കപ്പ കടവ് സ്വദേശി അർജുൻ ആയങ്കിയുടെ കാർ കസ്റ്റംസ് പരിശോധിച്ചു.ചൊവ്വാഴ്‌ച്ച രാവിലെയാണ് കസ്റ്റംസ് കണ്ണുർ പരിയാരം പൊലിസ് സ്റ്റേഷനിൽ കാർ പരിശോധിക്കാനെത്തിയത്. ചക്കരക്കൽ ചെമ്പിലോട് ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി സി.സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ചുവന്ന സ്വിഫ്റ്റ് കാർ.

രാമനാട്ടുക്കരയിൽ സ്വർണക്കടത്ത് സംഘത്തെ പിൻതുടർന്നെത്തിയ സംഘം അപകടത്തിൽപ്പെട്ട ദിവസം അർജുൻ ആയങ്കി ഈ കാറുമായി കരിപ്പുർ വിമാനതാവളത്തിലെത്തിയതായി സി.സി.ടി.വി ദൃശ്യത്തിൽ നിന്നും കസ്റ്റംസിന് വ്യക്തമായിരുന്നു.ഇതിനെ തുടർന്നാണ് അന്വേഷണം നടക്കുന്നതിനിടെ ഒളിവിൽ പോയ അർജുൻ ആയങ്കി ഈ കാർ അഴീക്കൽ കപ്പക്കടവ്‌സിൽക്കിലെ ആളൊഴിഞ്ഞ ഗോഡൗണിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.

പിന്നീട് ഈ സംഭവം വാർത്തയായതിനെ തുടർന്ന് അർജുന്റെ കാർ മണിക്കുറുകൾക്കുള്ളിൽ അവിടെ നിന്നും കടത്തികൊണ്ടു പോവുകയായിരുന്നു പിന്നീട് പരിയാരം കുളപ്പുറത്തെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ നിന്നുമാണ് കാർ കണ്ടെത്തിയത്. തുടർന്ന് നമ്പർ പ്‌ളേറ്റ് പറിച്ചെടുത്ത കാർ പരിയാരം പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു ചൊവ്വാഴ്‌ച്ച രാവിലെ കാർ പരിശോധിച്ച കസ്റ്റംസ് സംഘം കാറിൽ നിന്നും അർജുൻ ആയങ്കിയുടെ വിരലടയാളം പരിശോധിച്ചിട്ടുണ്ട്.ഇതിനിടെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞ് ആകാശ് തില്ലങ്കേരിയും കസ്റ്റംസിന് മൊഴി നൽകി.

അർജുനുമായി കേവലം പാർട്ടി ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ആ കാശിന്റെ മൊഴി.നേരത്തെ അർജുന്റെ ഭാര്യ അമലയും സുഹൃത്തും മുൻ ഡിവൈഎഫ്ഐ നേതാവുമായ സി.സജേഷും അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് കസ്റ്റംസിന് മൊഴി നൽകിയിരുന്നു.