- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം കടത്താൻ ഒത്താശ ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ; കണ്ണൂർ വിമാനത്താവളത്തിൽ പിരിച്ചുവിട്ടത് മൂന്നു പേരെ; നടപടി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സമിത് കുമാറിന്റേത്; ഉദ്യോസ്ഥ ഒത്താശയിൽ സ്വർണ്ണക്കടത്തു ലോബി കടത്തിയത് 11 കിലോ സ്വർണം
കണ്ണൂർ: കേരളം വിടും മുമ്പ് സ്വർണ്ണക്കടത്തുകാർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ. കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഒത്താശ ചെയ്ത മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചു സുമിത് കുമാർ. സ്വർണകടത്തിന് കൂട്ടുനിന്ന മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.
ഇതോടെ കള്ളക്കടത്ത് സംഘങ്ങളും കസ്റ്റംസും തമ്മിലുള്ള ബന്ധമാണ് വെളിച്ചത്തു വരുന്നത്. രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ഒത്താശ ചെയ്യുന്നതിന് കസ്റ്റംസിന് അകത്തുനിന്നു തന്നെ ഒരു സംഘം പ്രവർത്തിക്കുന്നതിന്റെ വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്സിന് ലഭിച്ചിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയതിന് ഒത്താശ നൽകിയ മൂന്ന് കസ്റ്റംസ് ഇൻസ്‌പെക്ടർമാരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പിരിച്ചുവിട്ടത്. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്ക് എതിരെയാണ് നടപടി. പ്രിവന്റീവ് വിഭാഗം കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെതാണ് ഉത്തരവ്.
ഡൽഹി സ്വദേശിയായ രോഹിത് ശർമയ്ക്കും ബിഹാർ സ്വദേശിയായ സാകേന്ദ്ര പാസ്വാനും ഉത്തർപ്രദേശ് സ്വദേശിയായ കൃഷൻ കുമാറിനും വേണ്ട നിർദ്ദേശങ്ങൾ നൽകിയത് മറ്റൊരു ഉദ്യോഗസ്ഥനായ രാഹുൽ പണ്ഡിറ്റാണ്.
2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോഗ്രാവുമായി മൂന്ന് കാരിയർമാർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പതിനൊന്ന് കിലോ സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്തിയിട്ടുണ്ട് എന്ന് വ്യക്തമായത്. കള്ളക്കടത്തിന് വേണ്ട ഒത്താശ ഉദ്യോഗസ്ഥർ ചെയ്തു. അന്ന് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്‌പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശാനുസരണമാണ് കണ്ണൂരിലെ മൂന്ന് ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നത് എന്നും അന്വേഷണസംഘം കണ്ടെത്തി.
2019 ഓഗസ്റ്റിൽ തന്നെ നാല് ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു. രാഹുൽ പണ്ഡിറ്റ് ആണ് വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്തിന് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്നത് എന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞവർഷം ഇയാളെ പിരിച്ചുവിട്ടു.
കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥരും സസ്‌പെൻഷൻ കാലാവധിക്കു ശേഷം കൊച്ചിയിൽ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാർട്ടേഴ്‌സിൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ഇവർക്ക് കള്ളക്കടത്തിൽ വ്യക്തമായ പങ്കുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടി.
മറുനാടന് മലയാളി ബ്യൂറോ