മലപ്പുറം: ഗൾഫിൽ നിന്നുള്ള സ്വർണ്ണക്കടത്ത് വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതിനായി സാധാരണകുടുംബങ്ങളെ സ്വർണ്ണക്കടത്ത് മാഫിയെ ഇരായ്ക്കുന്നതായാണ് വിവരം. ഇതിനായി ദുബായ് വിമാനത്താവളത്തിൽ മലയാളി യാത്രികരെ വലവീശുന്ന കള്ളക്കടത്ത് ഏജന്റുമാർ സജീവമെന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു.

നാട്ടിലേക്കു പുറപ്പെടുന്നവരുടെ, പ്രത്യേകിച്ചു കുടുംബസമേതം, പക്കൽ സ്വർണമടക്കമുള്ള കള്ളക്കടത്തുവസ്തുക്കൾ കൊടുത്തയയ്ക്കുകയാണ് ഏജന്റുമാരുടെ ദൗത്യം. വിമാനത്താവളത്തിലെത്തുന്ന മലയാളികളെ നിരീക്ഷിച്ചശേഷം, പണം വാഗ്ദാനം ചെയ്താണു കള്ളക്കടത്തിൽ പങ്കാളിയാക്കുന്നത്. ഇതിൽ പലരും പിടിക്കപ്പെടുമ്പോഴാണ് ഇക്കാര്യം മനസ്സിലാകുന്നത്. ഇതുകൊണ്ട് തന്നെ മാഫിയയുടെ തലപ്പത്തുള്ളവരെ തിരിച്ചറിയാൻ കഴിയാതെയും വന്നു. പരസ്യമായി തന്നെ ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ ഇത്തരം സംഘങ്ങൾ സജീവമാണെന്നും അന്വേഷണ ഏജൻസികൾ തിരിച്ചറിയുന്നു. യുഎഇ പൊലീസിനെ ഇക്കാര്യം ഉടൻ അറിയിക്കും.

കഴിഞ്ഞ 21നു പുലർച്ചെ 4.21നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കരിപ്പൂരിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യാനെത്തിയ മലപ്പുറം സ്വദേശികളായ കുടുംബത്തെ സ്വർണക്കടത്തുകാർ സമീപിച്ചു. സ്വർണം നാട്ടിലെത്തിക്കാൻ പണം വാഗ്ദാനം ചെയ്‌തെങ്കിലും അവർ നിരസിച്ചതോടെ സംഘം മറ്റു യാത്രക്കാരെ സമീപിച്ചു. ഒരു കിലോഗ്രാം സ്വർണം കടത്താൻ വാഹകർക്ക് 20,000 രൂപയാണു വാഗ്ദാനം. ഇതിൽ പലരും വീഴുകയാണ്. അതേസമയം, ഇത്രയും സ്വർണം കടത്തുന്ന വിവരം ഡി.ആർ.ഐക്കോ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനോ കൈമാറിയാൽ ഒന്നരലക്ഷം രൂപ സർക്കാർ പാരിതോഷികം നൽകും. മുമ്പിത് അരലക്ഷം രൂപ മാത്രമായിരുന്നു.

ഇത്തരത്തിൽ മാഫിയയെ കൂടുക്കാനാണ് കസ്റ്റംസിന്റെ നീക്കം. വിവരദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. വിവരദാതാവിന്റെ വിലാസത്തിൽ കൃത്യം ഒരുമാസത്തിനുള്ളിൽ പാരിതോഷികത്തിന്റെ പകുതിത്തുക എത്തിക്കും. ബാക്കിത്തുക പിടിച്ചെടുത്ത സ്വർണം സംബന്ധിച്ച കേസ് അവസാനിക്കുന്ന ദിവസം െകെമാറും. സമീപകാലത്തു സ്വർണക്കടത്ത് വർധിച്ചതോടെയാണു പാരിതോഷികവും വർധിപ്പിച്ചത്. അതിനുശേഷം കള്ളക്കടത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കസ്റ്റംസിനും ഡി.ആർ.ഐക്കും ലഭിക്കുന്നുണ്ട്. ഇതിൽ നിന്നാണ് ഏജന്റുമാർ ഗൾഫിൽ ്പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭിച്ചത്.

അതുകൊണ്ട് തന്നെ കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധനകൾ കർശനമാക്കും. എല്ലാവരേയും സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനമുണ്ട്. ആരും മാഫിയയുടെ ചതിക്കുഴിയിൽ വീഴരുതെന്നാണ് കസ്റ്റംസ് നിർദ്ദേശിക്കുന്നത്.