കൊച്ചി: സ്വർണക്കടത്തിൽ എൻഐഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതി സന്ദീപ് നായർ അടക്കം അഞ്ചുപേർ മാപ്പുസാക്ഷികൾ. സന്ദീപ് നായർ അടക്കം അഞ്ചുപേരെ മാപ്പുസാക്ഷിയാക്കാനുള്ള എൻഐഎ അപേക്ഷ കോടതി അംഗീകരിച്ചു. കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. എന്നാൽ മറ്റു കേസുകൾ നിലനിൽക്കുന്നതിനാൽ സന്ദീപ് നായർക്ക് പുറത്തിറങ്ങാനാവില്ല.

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കോടതിയിൽ എൻഐഎ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാപ്പുസാക്ഷിയാക്കുന്നതിന് എൻഐഐ നേരത്തെ തന്നെ നടപടികൾ ആരംഭിച്ചിരുന്നു. സന്ദീപ് നായരുടെ രഹസ്യമൊഴി എൻഐഎ രേഖപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. തുടർന്ന് മാപ്പുസാക്ഷിയാക്കണമെന്ന എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സന്ദീപ് നായർ അടക്കം അഞ്ചുപേരെ മാപ്പുസാക്ഷിയാക്കാനുള്ള അപേക്ഷയാണ് കോടതി അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് കേസിൽ സന്ദീപ് നായർക്ക് കോടതി ജാമ്യം അനുവദിച്ചത്.

കേസിൽ സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചുവെങ്കിലും പുറത്തിറങ്ങാൻ സാധിക്കില്ല. എൻഫോഴ്സ്മെന്റ് കേസും കസ്റ്റംസ് കേസിൽ കോഫെ പോസെ ചുമത്തിയതിനാലുമാണ് സന്ദീപ് നായർക്ക് പുറത്തിറങ്ങാനാവാത്തത്. മുഹമ്മദ് അൻവർ, അബ്ദുൾ അസീസ്, നന്ദഗോപാൽ തുടങ്ങിയവരാണ് മാപ്പുസാക്ഷികളായ മറ്റു പ്രതികൾ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. സ്വർണം കടത്താൻ സഹായിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം.