കൊച്ചി: സ്വർണക്കള്ളകടത്തുക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഇഡി ഭീഷണിപ്പെടുത്തി. ഇ.ഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും സന്ദീപ് മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്ദീപിന്റെ മൊഴി നിർണ്ണായകമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്.

ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

സന്ദീപിന്റെ മൊഴി നിർണ്ണായകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ജയിലിൽ നടന്ന ചോദ്യം ചെയ്യലിൽ ഇഡിക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് എറണാകുളം സിജെഎം കോടതി അനുമതി നൽകിയിരുന്നു.