- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷ് ജയിൽ മോചിതയാകുന്നത് അമ്മയുടെയും അമ്മാവന്റെയും ആൾ ജാമ്യത്തിൽ; എൻഐഎ കോടതിയിൽ ജാമ്യ നടപടികൾ പൂർത്തിയായി; കസ്റ്റംസ്, ഇഡി കേസുകളിൽ നടപടികൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് അമ്മയുടെയും അമ്മാവന്റെയും ആൾജാമ്യത്തിൽ ജയിൽമോചിതയാകും. എൻഐഎ കോടതിയിൽ സ്വപ്നയുടെ ജാമ്യ നടപടികൾ പൂർത്തിയായി. ജാമ്യക്കാരുടെ ഭൂമിയുടെ കരമടച്ച രസീതാണ് കോടതിയിൽ ഹാജരാക്കിയത്.
ജാമ്യത്തിന് സ്വപ്ന 25 ലക്ഷം രൂപയുടെ ബോണ്ട് തുക കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയുടെ ജാമ്യ നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പൊലീസ് ചാർജ് ചെയ്ത കേസുകളിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതര കോടതികളിലെ നടപടികൾകൂടി പൂർത്തിയായാൽ പ്രതിക്ക് ജയിൽ മോചിതയാകാം.
സ്വപ്ന ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. അറസ്റ്റിലായി ഒരു വർഷവും അഞ്ചുമാസവും പൂർത്തിയായ ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറു കേസുകളിലാണ് സ്വപ്നയെ റിമാൻഡ് ചെയ്തത്. ഇതിൽ എല്ലാ കേസുകളിലും ഇവർക്ക് കോടതികൾ ജാമ്യം അനുവദിച്ചിട്ടുണ്ട്.
എല്ലാ കേസുകളിലെയും ജാമ്യ ഉപാധികൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ രേഖകൾ തിരുവനന്തപുരം കോടതിയിൽ എത്തിച്ചാൽ മാത്രമേ ഇവർക്ക് പുറത്തിറങ്ങാനാവൂ. സ്വപ്നയ്ക്കൊപ്പം ജയിലിലായ സരിത് ഉൾപ്പടെയുള്ള പ്രതികളുടെ കോഫെപോസ കരുതൽ തടങ്കൽ കാലാവധി പൂർത്തിയാക്കിയാൽ മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ.
2020 ജൂലൈ 11നാണ് സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽനിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വി മാനത്താവളത്തിൽ വച്ച് യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽനിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ