- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോയേയും മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു; കൊച്ചി കസ്റ്റംസ് ഓഫീസിൽ അനിൽ നമ്പ്യാർ ഹാജരായി; മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്യുന്നത് സ്വപ്നയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ; ബിജെപിക്ക് സ്വർണക്കടത്തിൽ ബന്ധമില്ലെന്നും അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നതിൽ ബിജെപിക്ക് ആശങ്കയിലെന്നും പ്രതികരിച്ച് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെയും മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും .ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ അരുൺ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. തിരുവനന്തപുരത്ത് സ്വപ്നയ്ക്ക് താമസിക്കാൻ വേണ്ടി ശിവശങ്കറിന്റെ നിർദ്ദേശപ്രാകാരം ഫ്ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് അരുൺ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഈ ഫ്ളാറ്റിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കസ്റ്റംസ് അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്.
മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. വ്യാഴാഴ്ച 11 മണിയോടെ അനിൽ നമ്പ്യാർ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനിൽനമ്പ്യാർ.
സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ചമയ്ക്കാൻ അനിൽ നമ്പ്യാർ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴി. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.
അതേ സമയം അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തെതതിയിട്ടുണ്ട്. സ്വർണ്ണക്കടത്തു കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. കേസിൽ പ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണ കണ്ടെടുത്ത ദിവസം സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്.
സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവിൽ പോയത്. സംഭാഷണത്തിലെ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. ഇക്കാര്യങ്ങൾ കസ്റ്റംസ് അനിൽ നമ്പ്യാരിൽ ചോദിച്ചറിയും. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശ്യം.
സന്ദീപ് നായർ ബിജെപി പ്രവർത്തകനാണെന്ന ആരോപണം നേരത്തെ വലിയ തോതിൽ ഉയർന്നിരുന്നു, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപെന്നും ഇയാളുടെ ഫേസ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രമുണ്ടെന്നും ചൂണ്ടിക്കാട്ടി സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. ഫേസ്ബുക്കിലെ പോസ്റ്റുകളിൽ സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപി അനുഭാവമാണ്.
ബിജെപി കൗൺസിലറുടെ ഡ്രൈവറായി ഏറെക്കാലം സന്ദീപ് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്നിവയെല്ലാം ഉയർത്തിയായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. എന്നാൽ, ഇത് നിഷേധിച്ച് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ രം?ഗത്തെത്തുകയും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്