- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ചുള്ള സ്വർണ്ണക്കടത്ത് കൂടുന്നു; ദുബായിൽ നിന്നും വന്ന മഞ്ചേരിക്കാരൻ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചപ്പോൾ ഇരിങ്ങൽ സ്വദേശി സ്വർണം ഒളിപ്പിച്ചത് മിക്സിക്ക് അകത്ത്; 40ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി മിക്സിക്കത്തും, ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ സ്വർണവുമായി രണ്ടുപേർ പിടിയിൽ. ദുബായിൽ നിന്നും എയർഇന്ത്യാ എക്സ്പ്രസിൽ വന്ന മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് 582ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയപ്പോൾ, ദുബായിൽ നിന്നും നിന്നും എയർഇന്ത്യാ എക്സ്പ്രസിൽ തന്നെ വന്ന ഇരിങ്ങൽ സ്വദേശിയായ യുവാവ് സ്വർണം മിക്സിക്കകത്തു ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. ഏകദേശം 40ലക്ഷം രൂപ വിലവരുന്ന സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.
കള്ളക്കടത്തിനെ കുറിച്ച് കസ്റ്റംസ് അന്വേഷണവും തുടർനടപടികളും പുരോഗമിച്ചുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അസിസ്റ്റന്റ് കമ്മീഷണർ എം. സിനോയ് കെ. പ്രകാശ്, ഇൻപെക്ടർമാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസൽ, കപിൽദേവ് സുറിറ, ഹെഡ് ഹെവിൽദാർ ഇ.വി.മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണക്കടത്ത് പിടികൂടിയത്.
അതേ സമയം കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചുള്ള സ്വർണ്ണക്കടത്ത് വൻതോതിൽ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് മാസത്തിനിടെ 19 കോടിയോളം രൂപ വില വരുന്ന 40കിലോയോളം വരുന്ന സ്വർണ്ണമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയത്.
സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയുടെ ഭാഗമായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും പൊലീസ് സ്വർണം പിടികൂടാറുള്ളത്.കസ്റ്റംസും പൊലീസും അറിയാതെ പോവുന്ന സ്വർണ്ണക്കടത്ത് ഇതിന്റെ പലയിരട്ടി വരും. സ്വർണം കടത്തുന്നവരെ വിമാനത്താവളത്തിൽ വച്ച് തന്നെ പിടികൂടാനായാലേ സ്വർണക്കടത്ത് കുറയ്ക്കാനാവൂ. അതിവിദഗ്ദ്ധമായാണ് സ്വർണം കടത്തുന്നതെന്നതിനാൽ ഇവ കണ്ടുപിടിക്കാൻ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും കസ്റ്റംസിന് ഒരുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കസ്റ്റംസിൽ ജീവനക്കാരുടെ കുറവുണ്ട്.ഫെബ്രുവരി മുതൽ ജൂൺ വരെ 43 കേസുകളിലായി 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികളിൽ ഏറെയുമെന്ന് പൊലീസ്. 25 വാഹനങ്ങളും പിടികൂടി. സ്വർണ്ണക്കടത്തിന്റെ പേരിൽ കൊലപാതകങ്ങൾ വരെ നടക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് സ്വർണ്ണക്കടത്ത് കാരിയറായി പ്രവർത്തിച്ചിരുന്ന പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുൾ ജലീൽ ക്രൂരമായ മർദ്ദനമേറ്റ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു.
കടത്തികൊണ്ടുവന്ന സ്വർണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ സുഹൃത്തുക്കളും പരിചയക്കാരും തന്നുവിടുന്ന സാധനങ്ങൾ എന്താണെന്ന് നോക്കാത്തത് മൂലം വിമാനത്താവളത്തിൽ കുടുങ്ങുന്നവരുമുണ്ട്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നൽകണമെന്ന് പറഞ്ഞ് ഏൽപ്പിക്കുന്നത് ഇത്തരത്തിൽ സ്വർണ്ണപ്പൊതികളായിരിക്കും. പിടികൂടുന്നത് വലിയ അളവിലുള്ളതാണെങ്കിൽ ജയിൽ ശിക്ഷയടക്കം അനുഭവിക്കേണ്ടി വരുമെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്