- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് കേസിൽ സ്വപ്നയേയും കൂട്ടാളികളേയും സഹായിച്ചവരിൽ കസ്റ്റംസിലെ ഉന്നതരും; പ്രതി സരിത്തിനെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടിൽ പരാമർശം; സ്വർണം കടത്തിയ നാൾ മുതൽ സ്വപ്നയ്ക്കും സരിത്തിനും ലൈവ് അപ്പ് ഡേറ്റ്സ് എത്തിച്ച ഉദ്യോഗസ്ഥനെ തപ്പാൻ കേന്ദ്ര സാമ്പത്തിക രഹസ്യാമേന്വേഷണ സംഘം; തിരയുന്നത് കസ്റ്റംസിലെ ഉന്നതരേയും
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്നയേയും കൂട്ടാളികളേയും സഹായിച്ചവരിൽ കസ്റ്റംസിലെ ഉദ്യോഗസ്ഥരും. സ്വർണക്കടത്ത് കണ്ണികളിലെ സംഘങ്ങൾ കസ്റ്റംസിലും ഉണ്ടെന്ന സൂചന നൽകിയാണ് കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കോഫെപൊസ റിപ്പോർട്ടിലെ 41-ാം പേജിലാണ് പരാമർശങ്ങൾ.
സ്വർണംകടത്താനുപയോഗിച്ച നയതന്ത്രബാഗേജ് തടഞ്ഞുവെച്ച നാൾമുതൽ സ്വപ്നയ്ക്കും സംഘത്തിനും 'ലൈവ് അപ്ഡേറ്റുകൾ' ലഭിച്ചിരുന്നു. ഈ വിവരങ്ങൾ മുഖ്യപ്രതി റമീസിനും കൈമാറിയിരുന്നു. സ്വർണക്കടത്തുകേസ് പ്രതി സരിത്തിനെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വപ്നാ സുരേഷിന്റെ മൊഴിയാണ് റിപ്പോർട്ടിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.
ഇതിനുസമാനമായി മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കസ്റ്റംസിന് വീഴ്ച സംഭവിച്ചിരുന്നു എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സൂചന നൽകുന്നുണ്ട്. ബുധനാഴ്ച ശിവശങ്കറിനെ അറസ്റ്റുചെയ്യാനുള്ള കസ്റ്റംസ് ശ്രമം ഇ.ഡി. തടയുകയും ചെയ്തു. കേന്ദ്രത്തിൽനിന്ന് ഇ.ഡി.ക്കാണ് അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി നൽകിയതെന്നതും ശ്രദ്ധേയമാണ്.
ജൂൺ 30-നാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിലുള്ള നയതന്ത്രബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ജൂലായ് ഒന്നിന് കാർഗോ കോംപ്ലക്സിലേക്ക് ബാഗേജ് എത്തിച്ചു. ഇതിനിടയിൽത്തന്നെ ബാഗേജിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലർ സംശയമുന്നയിച്ചിരുന്നു. സംഭവിക്കുന്ന കാര്യങ്ങളെല്ലാം സ്വർണക്കടത്തുകേസ് പ്രതികളായ സരിത്തിനും സന്ദീപിനും യഥാസമയം ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. എയർകാർഗോ കോംപ്ലക്സിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ സരിത്തിന് നേരിട്ടറിയാമായിരുന്നു.
ജൂലായ് രണ്ടിന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ സരിത്തിനെ ഫോണിൽ വിളിച്ചിട്ടുണ്ട്. നയതന്ത്രബാഗേജ് പരിശോധനകൂടാതെ കടത്തിവിടുന്നതിലുള്ള പ്രതിബന്ധങ്ങൾ ഈ ഉദ്യോഗസ്ഥനും സരിത്തും ചർച്ചചെയ്തിരുന്നു. ഈ സമയത്ത് സ്വപ്നയുടെ വീട്ടിലായിരുന്നു സരിത്ത്. ഈ ഉദ്യോഗസ്ഥൻ വീണ്ടും വിളിച്ച് കസ്റ്റംസ് ചീഫ് കമ്മിഷണറുടെ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും സരിത്തിന് കൈമാറി. കോൺസുലേറ്റിന്റെ പി.ആർ.ഒ. പദവിയിൽനിന്ന് സരിത്തിനെ നീക്കിക്കൊണ്ടുള്ള കത്ത് 2020 ഏപ്രിലിൽത്തന്നെ കോൺസൽ ജനറൽ കസ്റ്റംസിന് ഉൾപ്പെടെ നൽകിയിരുന്നതാണ്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും കസ്റ്റംസിനെതിരേ പരാമർശമുണ്ട്. 2019 ഏപ്രിലിൽ നയതന്ത്രബാഗേജ് വിട്ടുകിട്ടാൻ എം. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടുകയും ബാഗേജ് പരിശോധനകൂടാതെ കടന്നുപോവുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
മറുനാടന് ഡെസ്ക്