- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ രാത്രി ഉറങ്ങാൻ അനുവദിക്കുന്നില്ല; ഒന്നുകണ്ണ് അടയ്ക്കുമ്പോഴേക്കും വിളിച്ച് ഉണർത്തും; നിരന്തരം പീഡിപ്പിക്കുന്നത് ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥർ; എൻഐഎ കോടതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് മൊഴി കൊടുത്തതോടെ ബദൽ നീക്കവുമായി ജയിൽ വകുപ്പ്
കൊച്ചി: ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. എൻഐഎ കോടതിക്ക് മുമ്പാകെയാണ് മൊഴി നൽകിയത്. അഭിഭാഷകരെ ഒഴിവാക്കി സരിത്തിനെ ചേംബറിൽ വിളിച്ചു വരുത്തിയാണ് എൻ ഐ എ കോടതി മൊഴിയെടുത്തത്. മൊഴിയെടുക്കൽ ഒന്നേകാൽ മണിക്കൂറോളം നീണ്ടു.
മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് സരിത്ത് മൊഴി നൽകിയിരിക്കുന്നത്. ജയിൽ സൂപ്രണ്ടടക്കം മൂന്നുപേർ നിരന്തരമായി പീഡിപ്പിച്ചെന്ന് സരിത്ത് കോടതിയിൽ പറഞ്ഞു. ജയിലിൽ ഉറങ്ങാൻ അനുവദിക്കുന്നില്ല. രാത്രി ഉറങ്ങുന്നതിനിടയിൽ നിരന്തരം വിളിച്ചുണർത്തുന്നുവെന്നും സരിത്ത് പറഞ്ഞിട്ടുണ്ട്. സരിത്തിന് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
മാനസികവും ശാരീരികവുമായ പീഡനം ഉണ്ടാവരുതെന്ന് ജയിൽ ഡി ജി പിയോട് കോടതി പറഞ്ഞു. സരിത്തിന്റെ മൊഴിയിൽ തുടർ നടപടി തീരുമാനിക്കാൻ കോടതി തിങ്കളാഴ്ച വാദം കേൾക്കും. ഭീഷണി ഉണ്ടായിരുന്നുവെന്നും എല്ലാം കോടതിയിൽ പറഞ്ഞെന്നും സരിത്ത് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിലിൽ സരിത്തിനെ കാണാൻ എത്തിയ അമ്മയോടും സഹോദരിയോടുമാണ് തനിക്ക് ജയിൽ അധികൃതരിൽ നിന്ന് ഭീഷണിയുള്ള കാര്യം അറിയിച്ചത്.
ഇന്നലെയാണ് തനിക്ക് ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ ജയിൽ അധികൃതർ നിർബന്ധിക്കുന്നുവെന്നും അഭിഭാഷകൻ മുഖേന സരിത്ത് കോടതിയെ അറിയിച്ചത്. തുടർന്ന് പ്രത്യേക സിറ്റിങ് നടത്തി ഇയാളുടെ മൊഴിയെടുക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. മൊഴിയെടുപ്പ് പൂർത്തിയായി.
സരിത്തിനും റെമീസിനും എതിരെ ജയിൽ വകുപ്പ്
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിൽ അറസ്റ്റിലായ സരിത്തിനും റെമീസിനുമെതിരെ ജയിൽ വകുപ്പ്. ഇരുവർക്കെതിരെ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി. ഇരുവരുമുള്ള പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ജയിൽ ഡിജിപിക്കും, ഇവരുടെ കേസുകൾ നിലനിൽക്കുന്ന കോടതികൾക്കും റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ജയിൽ ചട്ടത്തിനു വിരുദ്ധമായി ഇരുവർക്കും പാഴ്സലുകൾ വരുന്നുണ്ട്. ഭക്ഷണം, വസ്ത്രങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയാണ് വരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റമീസ് ജയിലിനുള്ളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വരുന്ന പാഴ്സലുകൾ കൈമാറാത്തതിന് ജയിലുദ്യോഗസ്ഥരെ ഇരുവരും ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഈ മാസം എട്ടിനാണ് ജയിൽ ഡിജിപിക്ക് നൽകിയത്.
ഇതിനിടെ പ്രതികളെ കേരളത്തിന് പുറത്തേക്കുള്ള ജയിലിലേക്ക് മാറ്റാനാണ് കസ്റ്റംസ് ആലോചിക്കുന്നത്. കസ്റ്റംസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. ഇക്കാര്യത്തിൽ പ്രതികളുടെ സമ്മതവും തേടും. ജയിലിൽ ഭീഷണിയും സമ്മർദ്ദവുമുണ്ടെന്ന പരാതിയെ തുടർന്നാണ് നീക്കം.
മറുനാടന് മലയാളി ബ്യൂറോ