- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയറ്റ്നാമിൽ കടത്തിയത് നിരോധിത മരുന്നും ലഹരിയും; പിടിയിലായപ്പോൾ തിരിച്ചു വിളിച്ച യുഎഇ പിന്നീട് അയച്ചത് തിരുവനന്തപുരത്തേക്ക്; സരിത്തിനേയും സ്വപ്നയേയും സന്ദീപിനേയും കൂട്ടു പിടിച്ച് കടന്നത് സ്വർണ്ണ കടത്തിൽ; കള്ളനോട്ട് ഭയത്തിൽ വാങ്ങിയത് നോട്ടെണ്ണൽ യന്ത്രം; അൽസാബി ആളു ചില്ലറക്കാരനല്ല; സ്വർണ്ണ കടത്തിൽ മുഖ്യ ആസൂത്രകൻ കോൺസുൽ ജനറൽ
കൊച്ചി: സ്വർണക്കള്ളക്കടത്തു കേസ് വീണ്ടും സജീവ ചർച്ചകളിലേക്ക്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചാണ് സ്വർണ്ണ കടത്തിലെ പ്രധാനികളാണ് പ്രധാന ഗൂഢാലോചനക്കാർ. ഇവർക്ക് വിദേശകാര്യമന്ത്രാലയം വഴി അന്വേഷണ ഏജൻസികൾ നോട്ടീസ് നൽകിയിരുന്നു. യു.എ.ഇ. കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിയ്ക്കെതിരെയാണ് കണ്ടെത്തലുകൾ ഏറെയും. വിയറ്റ്നാമിൽ ജോലി ചെയ്യുമ്പോഴും കടത്തിലൂടെ അൽസാബി പണമുണ്ടാക്കിയിരുന്നു. ഇതാണ് കേരളത്തിലും ചെയ്തത്.
യുഎഇ മുൻ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും ചീഫ് അക്കൗണ്ടന്റിനും അയച്ച കാരണംകാണിക്കൽ നോട്ടീസിലാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ. നിരോധിത മരുന്നും ലഹരിപദാർഥങ്ങളും വിയറ്റ്നാമിലേക്ക് കടത്തിയതിന് നടപടി നേരിട്ട ആളാണ് ജമാൽ ഹുസൈൻ അൽസാബിയെന്ന് നോട്ടീസിൽ പറയുന്നു. ഇന്ത്യയിലെത്തും മുമ്പ് വിയറ്റ്നാമിലെ കോൺസൽ ജനറലായിരുന്നു. നിരോധിത മരുന്നുകളും സിഗററ്റും ഉൾപ്പെടെ നയതന്ത്ര ബാഗേജിലൂടെ വിയറ്റ്നാമിലേക്ക് കടത്തി. പിടിയിലായപ്പോൾ തിരിച്ചുവിളിച്ചു. തുടർന്നാണ് തിരുവനന്തപുരം കോൺസുലേറ്റിൽ എത്തിയത്. സരിത്തിനെയും സന്ദീപിനെയും ഉപയോഗിച്ച് ഇവിടെയും കച്ചവടത്തിന് പദ്ധതിയുണ്ടായിരുന്നെന്നും നോട്ടീസിൽ പറയുന്നു.
അൽസാബിയും സാമ്പത്തികവിഭാഗം മേധാവി ഖാലിദും ചേർന്നാണ് തന്ത്രങ്ങൾ ഒരുക്കിയത്. വിയറ്റ്നാമിൽ യു.എ.ഇ. കോൺസുലേറ്റിൽ ജോലിചെയ്തപ്പോൾ സിഗരറ്റും മറ്റു ചില വസ്തുക്കളും ഇവർ കടത്തിയിരുന്നു. ഇതിൽ പിടിയിലായി. തുടർ നടപടിയുടെ ഭാഗമായാണ് ഇരുവർക്കും തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതും സുവർണ്ണാവസരമാക്കി മാറ്റി. കേരളത്തിലെ മന്ത്രിമാരെ അടക്കം കൂടെ നിർത്തി തട്ടിപ്പിന് പുതിയ തലം നൽകി.
കേരളത്തിലെത്തിയ അൽസാബി ഇവിടെയും അനധികൃതമായി പണം എങ്ങനെ സമ്പാദിക്കാമെന്ന് ആലോചിച്ചിരുന്നു. യു.എ.ഇ. കോൺസുലേറ്റിലെ പി.ആർ.ഒ. സരിത്തുമായി ഉണ്ടായ പരിചയം ഖാലിദ് തട്ടിപ്പിനായി മുതലെടുത്തു. തങ്ങൾ വിയറ്റ്നാമിൽ നടത്തിയ കടത്തിനെപ്പറ്റി ഖാലിദ് സരിത്തിനോട് വിവരിച്ചു. കേരളത്തിൽ തട്ടിപ്പിന്റെ സാധ്യതയായിരുന്നു ഖാലിദിന് അറിയേണ്ടിയിരുന്നത്.
ഇതിനായി യോഗം വിളിച്ചു, ഈ യോഗത്തിൽ സരിത്ത് സുഹൃത്തായ സന്ദീപിനെ ഖാലിദിന് പരിചയപ്പെടുത്തി. ഇവിടെവച്ചാണ് ഡിപ്ലോമാറ്റിക് ബാഗ് വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് സന്ദീപ് പറയുന്നത്. അറബികൾ ഡിപ്ലോമാറ്റിക് കാർഗോ വഴി അവശ്യവസ്തുക്കൾ എത്തിക്കാറുണ്ടെന്നും ഇതിന് കസ്റ്റംസ് പരിശോധനയില്ലാത്തതിനാൽ സ്വർണവും ഈ വഴി കടത്താമെന്നും തീരുമാനിക്കുകയായിരുന്നു. അങ്ങനെ സ്വർണം കേരളത്തിലേക്ക് ഒഴുക്കി.
കോൺസുൽ ജനറലും ഖാലിദും സ്വർണം, സിഗരറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഊദ്, യു.എ.ഇ.യിൽ നിരോധിച്ച മരുന്നുകൾ എന്നിവ വിയറ്റ്നാമിൽ നയതന്ത്ര പരിരക്ഷയിൽ കടത്തിയിരുന്നു. ഇവ ഇൻസ്റ്റഗ്രാം വഴി വിറ്റ് പണമുണ്ടാക്കി. സരിത്തിന്റേയും സ്വപ്നയുടെ മൊഴിയിലും ജമാൽ ഹുസൈൻ അൽസാബിയും ഖാലിദും വിയറ്റ്നാമിൽ കള്ളക്കടത്ത് നടത്തി അധികവരുമാനം ഉണ്ടാക്കിയതായി സമ്മതിക്കുന്നുണ്ട്. അക്കൗണ്ടിൽ തിരിമറിനടത്തി ഇവർ വരുമാനം ഉണ്ടാക്കിയ വിവരവും സ്വപ്നയുടെ മൊഴിയിലുണ്ട്.
വരുന്ന പണത്തിൽ കള്ളനോട്ടുണ്ടോ എന്ന് പരിശോധിക്കാൻ അൽസാബി നോട്ടെണ്ണൽ യന്ത്രം വാങ്ങിയതെന്ന് കസ്റ്റംസിന്റെ നോട്ടീസിൽ പറയുന്നു. സരിത്താണ് യന്ത്രം വാങ്ങി നൽകിയത്. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയിൽ പിടിക്കപ്പെടാതെ ഡോളർ കടത്തുന്നതിന് സ്കാനറും വാങ്ങിയിരുന്നു. ബാഗേജുകളിൽ ഡോളർ നിറച്ച ശേഷം, ഇത് തങ്ങളുടെ സ്കാനറിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു വിമാനത്താവളത്തിലേക്ക് അയച്ചിരുന്നത്.
സംസ്ഥാനമന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും തങ്ങളെ മറികടന്ന് യു.എ.ഇ. കോൺസുലേറ്റുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതായി പ്രോട്ടോകോൾ വിഭാഗം ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്. പ്രോട്ടോകോൾ വിഭാഗത്തെ ഇരുട്ടിൽ നിർത്തിയായിരുന്നു ഈ 'ബന്ധങ്ങൾ'. സംസ്ഥാന മന്ത്രിമാരെ ഓരോ കാരണങ്ങളുണ്ടാക്കി കോൺസുലേറ്റ് ഓഫീസിലേക്ക് ക്ഷണിക്കൽ സ്ഥിരം പരിപാടിയാക്കി മാറ്റിയിരുന്നുവെന്നും നോട്ടീസിൽ പറയുന്നുണ്ട്.
യുഎഇ കോൺസുലേറ്റ് അധികൃതർ മുഖ്യമന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നെന്ന് പറയുന്നു. കോൺസുലേറ്റ് അധികൃതർ ഓഫീസ് ഔദ്യോഗികമായി സന്ദർശിച്ച കാര്യം മുഖ്യമന്ത്രിതന്നെ സ്ഥിരീകരിച്ചതാണ്. അതിനെയാണ് കസ്റ്റംസ് ദുർവ്യാഖ്യാനിച്ചിട്ടുള്ളത് എന്ന് സർക്കാരും വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ