- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാർ ഒഴിയുന്നില്ല; പുതിയ സർക്കാർ ഉണ്ടാകുന്നതുവരെ റിസോർട്ടിൽ തുടരാൻ തീരുമാനം; പൊലീസിന്റെ നിരന്തരമായ അഭ്യർത്ഥനകളും ഫലം കണ്ടില്ല; ബലം പ്രയോഗിച്ച് എംഎൽഎമാരെ ഒഴിപ്പിക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചു
ചെന്നൈ: കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽനിന്നും എംഎൽഎമാരെ ഒഴിപ്പിക്കാനുള്ള നീക്കം തമിഴ്‌നാട് പൊലീസ് ഉപേക്ഷിച്ചു. എംഎൽഎമാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണിത്. റിസോർട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് എംഎൽഎമാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തിയെങ്കിലും അവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. പുതിയ സർക്കാരുണ്ടാകുന്നതുവരെ റിസോർട്ടിൽ തുടരുമെന്നാണ് എംഎൽഎമാരുടെ നിലപാട്. വൈകിട്ട് നാലു മണിക്കു മുൻപ് റിസോർട്ട് ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരമേഖലാ ഐജിയും കാഞ്ചീപുരം എസ്‌പിയും എംഎൽഎമാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് പൊലീസും എംഎൽഎമാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. റിസോർട്ടിന് പുറത്ത് ഇപ്പോഴും കനത്ത പൊലീസ് സന്നാഹം തുടരുകയാണ്. അതേസമയം, എംഎൽഎമാർ തടവിലാണെന്ന മധുര സൗത്ത് എംഎൽഎ ശരവണന്റെ പരാതിയിൽ പൊലീസ് എംഎൽഎമാരിൽനിന്നും മൊഴിയെടുത്തു. റിസോർട്ടിൽനിന്നും ഒഴിഞ്ഞുപോകാൻ അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് പൊലീസ് അനുവദിച്ച സമയം നാലു മണിക്ക് അവസാനിച്ചിരു
ചെന്നൈ: കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽനിന്നും എംഎൽഎമാരെ ഒഴിപ്പിക്കാനുള്ള നീക്കം തമിഴ്‌നാട് പൊലീസ് ഉപേക്ഷിച്ചു. എംഎൽഎമാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണിത്. റിസോർട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് എംഎൽഎമാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തിയെങ്കിലും അവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
പുതിയ സർക്കാരുണ്ടാകുന്നതുവരെ റിസോർട്ടിൽ തുടരുമെന്നാണ് എംഎൽഎമാരുടെ നിലപാട്. വൈകിട്ട് നാലു മണിക്കു മുൻപ് റിസോർട്ട് ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരമേഖലാ ഐജിയും കാഞ്ചീപുരം എസ്‌പിയും എംഎൽഎമാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് പൊലീസും എംഎൽഎമാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. റിസോർട്ടിന് പുറത്ത് ഇപ്പോഴും കനത്ത പൊലീസ് സന്നാഹം തുടരുകയാണ്. അതേസമയം, എംഎൽഎമാർ തടവിലാണെന്ന മധുര സൗത്ത് എംഎൽഎ ശരവണന്റെ പരാതിയിൽ പൊലീസ് എംഎൽഎമാരിൽനിന്നും മൊഴിയെടുത്തു.
റിസോർട്ടിൽനിന്നും ഒഴിഞ്ഞുപോകാൻ അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് പൊലീസ് അനുവദിച്ച സമയം നാലു മണിക്ക് അവസാനിച്ചിരുന്നു. ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ഇവരെ റിസോർട്ടിൽനിന്ന് നീക്കാൻ പൊലീസ് ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
അതിനിടെയാണ് എംഎൽഎമാരെ ശശികല തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് മധുര സൗത്ത് എംഎൽഎ എസ്. ശരവണൻ തമിഴ്‌നാട് ഡിജിപിക്കു പരാതി നൽകിയത്. ശശികല, പകരക്കാരനും അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവുമായ എടപ്പാടി പളനിസാമി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. തമിഴ്‌നാട് ഡിജിപി തനിക്കു ലഭിച്ച പരാതി കൂവത്തൂർ പൊലീസിന് കൈമാറുകയായിരുന്നു.
ഇതേത്തുടർന്ന് കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ പൊലീസ് പരിശോധന നടത്തി. കമാൻഡോകൾ ഉൾപ്പെടെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ എംഎൽഎമാരും കാഞ്ചീപുരം എസ്‌പിയും തമ്മിൽ വാക്കേറ്റമുണ്ടായി. ശരവണന്റെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ എംഎൽഎമാരുടെ സംഘം തട്ടിക്കയറിയത്. തുടർന്ന് കമാൻഡോകളും പൊലീസും റിസോർട്ടിനുള്ളിൽനിന്നും പിൻവാങ്ങി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി വൈകി പനീർസെൽവം ക്യാംപിലെത്തിയ ശരവണൻ, കാവൽക്കാരുടെ കണ്ണുവെട്ടിച്ച് രാത്രി മതിൽ ചാടിയാണ് താൻ രക്ഷപ്പെട്ടതെന്ന് അവകാശപ്പെട്ടിരുന്നു. വേഷം മാറിയാണ് റിസോർട്ടിന് പുറത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിശ്വാസ വോട്ടെടുപ്പു നടന്നാൽ പനീർസെൽവം അനായാസം ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നിലവിൽ പനീർസെൽവം ക്യാംപിലുള്ളവരും റിസോർട്ടിൽ താമസിക്കുന്നവരും പനീർസെൽവത്തിന് വോട്ടുചെയ്യുമെന്നായിരുന്നു ശരവണന്റെ നിലപാട്.



