കലിഫോർണിയ: 73-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദ റെനവെന്റ് തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം സംവിധാനം ചെയ്ത അലെജാന്ദ്രോ ഇനാരിറ്റു തന്നെയാണു മികച്ച സംവിധായകൻ.

ഈ ചിത്രത്തിലെ അഭിനയത്തിന് ലിയനാർഡോ ഡി കാപ്രിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി. ദ റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രീ ലാർസൺ മികച്ച നടിയായി. സിൽവസ്റ്റർ സ്റ്റാലനും കേറ്റ് വിൻസ്ലെറ്റുമാണ് മികച്ച സഹനടനും സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടത്.

മ്യൂസിക് കോമഡി വിഭാഗത്തിൽ മാറ്റ് ഡാമൻ മികച്ച മടനും ജെന്നിഫർ ലോറൻസ് മികച്ച നടിക്കുമുള്ള പുരസ്‌കാരം നേടി. റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത മാർഷ്യൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മാറ്റ് ഡാമൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോയ് എന്ന ചിത്രത്തിലൂടെയാണ് ജെന്നിഫർ ലോറൻസ് പുരസ്‌കാരം നേടിയത്.

ചൊവ്വയിലെത്തുന്ന ബഹിരാകാശ പര്യവേഷകന്റെ കഥയാണ് മാർഷ്യൻ പറഞ്ഞത്. അൽ പാച്ചിനോ, മാർക്ക് റുഫാലോ, ക്രിസ്റ്റ്യൻ ബല്ലെ, സ്റ്റീവ് കാരൽ എന്നീ നടന്മാരെ പിന്തള്ളിയാണ് മാറ്റ് ഡാമൻ മികച്ച നടനായത്. ക്രീഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സിൽവസ്റ്റർ സ്റ്റാലൻ പുരസ്‌കാരം നേടിയത്. സ്റ്റീവ് ജോബ്‌സ് എന്ന ചിത്രത്തിന് കേറ്റ് വിൻസ്ലെറ്റും. ആപ്പിൾ കമ്പനി സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഉപദേശകയും മാർക്കറ്റിങ് എക്‌സിക്യൂട്ടീവുമായ ജോവാന്ന ഹോഫ്മാന്റെ വേഷമാണ് കേറ്റ് വിൻസ്ലെറ്റ് ചെയ്തത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ചിത്രത്തിലൂടെ ആരോൺ സോർകിൻ നേടി. എന്നിയോ മോറികോൺ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. ഹേറ്റ്ഫുൾ ഐറ്റ് ചിത്രത്തിനാണ് പുരസ്‌കാരം.

അമേരിക്കൻ ഹൊറർ സ്റ്റോറി എന്ന ടി.വി സിനിമയിലെ പ്രകടനത്തിന് പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. താനൊരു നടിയാവാനാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ ഗായികയായെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നേരത്തെ ഗ്രാമി അവാർഡ് നേടിയിട്ടുള്ള ലേഡി ഗാഗ പറഞ്ഞു. മികച്ച ടെലിവിഷൻ ചിത്രമായി മിസ്റ്റർ റോബോട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഷോ മീ എ ഹീറോ എന്ന ചിത്രത്തിലൂടെ ഓസ്‌കാർ ഐസക്കാണ് ഈ വിഭാഗത്തിൽ മികച്ച നടനായത്.