ബീജിങ്: കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ള ചൈനയിൽ ക്രിസ്ത്യൻ പള്ളി തകർത്തു. ഷാൻസി പ്രവിശ്യയിലെ ലിൻഫണിലുള്ള ഗോൾഡൻ ലാംപ്സ്റ്റാൻഡ് പള്ളിയാണ് തകർത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ള ചൈനയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന വിമർശനം നിലനിൽക്കെയാണ് പുതിയ സംഭവം.

മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പൊലീസാണ് ഗോൾഡൻ ലാംപ്സ്റ്റാൻഡ് പള്ളി തകർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പള്ളി തകർത്തത്.ഒരു മാസത്തിനുള്ളിൽ ഇത്തരത്തിൽ ചൈനയിൽ അരങ്ങേറുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഭൂമിക്കടിയിലുള്ള പള്ളി ഹാളിൽ സ്‌ഫോടകവസ്തുക്കൾ വച്ച് തകർക്കുകയായിരുന്നു.

30 ലക്ഷം ഡോളർ ചെലവിട്ടാണ് പള്ളി നിർമ്മിച്ചത്. പള്ളിക്ക് കീഴിൽ അരലക്ഷം വിശ്വാസികളാണ് ഉള്ളത്. വർഷങ്ങൾക്കു മുൻപു പണിത പള്ളി പെർമിറ്റില്ലെന്ന കാരണം പറഞ്ഞാണ് തകർത്തത്. ആദ്യം പള്ളിക്ക് ചുറ്റും വലിയ പൊലീസ് സംഘങ്ങളെ കണ്ടു. പിന്നെ വലിയ സ്‌ഫോടന ശബ്ദം കേട്ടു. അപ്പോഴാണ് പള്ളി പൊളിച്ചതറിഞ്ഞതെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു.

92 മുതൽ സുവിശേഷം പ്രസംഗിക്കുന്ന ദമ്പതികളാണ് വലിയ പിരിവുകൾ നടത്തി പള്ളി പണിതത്. പള്ളി പണിതപ്പോൾ ഗവൺമെന്റിൽ നിന്ന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.പള്ളികൾക്ക് ഔദ്യോഗികമായ അംഗീകാരം വേണം, പാസ്റ്റർമാർ ഗവൺമെന്റിന്റെ നിർബന്ധിതമായ നിയമങ്ങൾ പാലിച്ചിരിക്കണം എന്നിവയാണ് ചൈനീസ് സർക്കാരിന്റെ നയങ്ങൾ

കഴിഞ്ഞ മാസം ഷാൻസിയിലെ തന്നെ മറ്റൊരു പള്ളിയും ഇത്തരത്തിൽ തകർക്കപ്പെട്ടിരുന്നു. ഈ പള്ളി തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ട് യഥാർത്ഥത്തിൽ 20 വർഷം മാത്രമേ ആയിട്ടുള്ളു.2009ൽ നൂറിലധികം വരുന്ന പൊലീസും കൊള്ളക്കാരും ചേർന്ന് പള്ളി തകർക്കുകയും ബൈബിളുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു. 60 ദശലക്ഷം ക്രിസ്ത്യാനികൾ ചൈനയിലുള്ളതായാണ് കണക്കുകൾ.