ലോസാഞ്ചലസ്: ശബ്ദലേഖനത്തിന് ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ഗോൾഡൻ റീൽ പുരസ്‌കാരം മലയാളിയും ഓസ്‌കർ ജേതാവുമായ റസൂൽ പൂക്കുട്ടിക്ക്. ഡൽഹിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ നിർഭയ എന്ന ജ്യോതിസിങ്ങിനെക്കുറിച്ചുള്ള 'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററിയിലെ മികവിനാണ് അംഗീകാരം.

നിർഭയയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി 'ഇന്ത്യാസ് ഡോട്ടറി'ന്റെ സംവിധായിക ലെസ്‌ലി ഉഡ്‌വിൻ ആയിരുന്നു. ഇന്ത്യയിലേക്ക് ആദ്യമായാണ് ഒരു ഗോൾഡൻ റീൽ എത്തുന്നത്. ഇന്ത്യൻ യുവത്വത്തിന്റെ ചേതനയ്ക്കാണ് ഈ പുരസ്‌കാരമെന്നും നിർഭയയുടെ ആത്മാവിന് ഇത് സമർപ്പിക്കുന്നുവെന്നും റസൂൽ ട്വീറ്റ് ചെയ്തു.

ശനിയാഴ്ച ലോസ് ആഞ്ചലസിലെ വെസ്റ്റിൻ ബോണവെഞ്ചർ ഹോട്ടൽ ആൻഡ് സ്യൂട്ട്‌സിലായിരുന്നു പുരസ്‌കാരദാന ചടങ്ങ്. 'ജ്യോതിയെ (നിർഭയ)ക്കുറിച്ചുള്ള ഒരു ചിത്രത്തിൽ സഹകരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായാണ് കണ്ടത്. ഇന്ന് അത് ലോകത്തിലെ ഏറ്റവും പ്രൗഢമായ ഒരു വേദിയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. തീർച്ചയായും ജ്യോതിക്കും അവളുടെ മാതാപിതാക്കൾക്കുമായി ഞാനീ പുരസ്‌കാരം സമർപ്പിക്കുന്നു'വെന്ന് റസൂൽ പറഞ്ഞു.