മൂന്നാർ:നല്ലത് ചെയ്യുമെന്ന പ്രതീക്ഷിലാണ് അവർ ജയിപ്പിച്ചത്. പക്ഷേ രണ്ട് വർഷമായിട്ടും അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കമ്പനിയും രാഷ്ട്രീയക്കാരും എല്ലാ വഴിയും തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്.

ഞാൻ ചെല്ലുന്ന വീട്ടുകാരെ ഭയപ്പെടുത്തുന്നു. ഗ്രാമസഭ വിളിക്കുന്നത് പോലും അറിയിക്കുന്നില്ല. പഞ്ചായത്തിൽ ചെന്നാൽ ഒരുകാര്യത്തിനും നടപടിയില്ല. 5 മണിവരെ നിർത്തും .പിന്നെ നാളെ വരാൻ പറയും. എല്ലാം കൊണ്ടും മടുത്തു.. ഇനി എല്ലാം മുഖ്യമന്തി തീരുമാനിക്കട്ടെ.. ജീവിതത്തിനും മരണത്തിനുമിടയിലെ പോരാട്ടമാണിപ്പോൾ എന്റെ ജീവിതം.-പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടേതാണ് വാക്കുകൾ.

മൂന്നാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ തന്നെ ഒരുപ്രവർത്തനങ്ങളും നടത്താൻ കമ്പിനിയും രാഷ്ട്രീയക്കാരും അനുവദിക്കുന്നില്ലന്നും ഈ കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹത്തിന്റെ തീരമാനത്തിന്റെ അടിസ്ഥാനത്തിലാവും തന്റെ ഭാവി ജീവിതമെന്നുമാണ് ഗോമതി അഗസ്റ്റിൻ വീഡിയോ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും പക വീട്ടുന്ന തരത്തിലും പ്രതികാരം ചെയ്യുന്ന വിധത്തിലുമാണ് പെരുമാറുന്നത്. ഇതുമൂലം കഴിഞ്ഞ കുറെ മാസങ്ങളായി ഒരു വിധത്തിലുള്ള വികസന പ്രവർത്തനങ്ങളും തന്റെ വാർഡിൽ നടത്തായിട്ടില്ല.ജനങ്ങൾ അർഹിക്കുന്ന പദ്ധതികളാണ് ഇതുമൂലം അവതാളത്തിലാകുന്നത്.

മൂന്നാർ പൊമ്പള സമരം നയിച്ചതിന്റെ പേരിലും പോരാട്ടങ്ങൾ തുടർന്നതിന്റെയും പേരിലാണ് തനിയ്‌ക്കെതിരെയുള്ള നീക്കങ്ങൾ നടക്കുന്നത്. തോട്ടം തൊഴിലാളികളെ തന്നിൽ നിന്നും അകറ്റാൻ വ്യാജആരോപണങ്ങൾ പരത്തുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുകയാണ്. ഇതുമൂലം ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തീർത്തും ദുസ്സഹമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ചത് അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ്. തോട്ടം തൊഴിലാളികൽക്ക് സേവനം ചെയ്യുവാനുള്ള അവസരം തടസ്സപ്പെടുത്തുക വഴി ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടികളും അവരോട് ദ്രോഹമാണ് കാട്ടുന്നതെന്നും അവർ പറഞ്ഞു.

പൊമ്പള ഒരുമയുടെ പേരിൽ സമരം ചെയ്ത സ്ത്രീകളെ അധിക്ഷേപിച്ചതിന്റെ പേരിൽ മന്ത്രി എം.എം.മണി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തിൽ മൂന്നാറിൽ സമരം നടത്തിയത് വലിയ വാർത്തത്തയായിരുന്നുയഇതിന് പിന്നാലെയാണ് ഗോമതി തന്റെ ഇപ്പോഴത്തെ ദുരവസ്ഥ വെളിപ്പെടുത്തി കാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്.