പുതുവർഷം സമാഗതമാവുകയാണ്. ഈ അവസരത്തിൽ വർഷം തോറും മിക്കവരും ചില പ്രതിജ്ഞകളും ദൃഢനിശ്ചയങ്ങളും എടുക്കാറുമുണ്ട്. എന്നാൽ അവയിൽ പലതും ഫെബ്രുവരിയോടെ ലംഘിക്കുകയാണ് മിക്കവരും ചെയ്യുന്നത്. 10ൽ നാലുപേരും ഇത്തരം തീരുമാനങ്ങൾ വർഷം തുടങ്ങി രണ്ടാഴ്ചയ്ക്കകം ലംഘിക്കുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ തീരുമാനങ്ങളിൽ ചില പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയാൽ അവ എളുപ്പം പാലിക്കാനാകും. നമ്മുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പ് വരുത്തുന്നതും എളുപ്പത്തിൽ നടപ്പിൽ വരുത്താവുന്നതുമായ 25 തീരുമാനങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഇവ നടപ്പിലാക്കിക്കൊണ്ട് ആരോഗ്യസമ്പൂർണമായ ഒരു പുതുവർഷം 2015ൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഇനി പറയുന്ന 25 കാര്യങ്ങൾ പുതുവർഷത്തിൽ നടപ്പിൽ വരുത്താൻ ഒന്ന് ആത്മാർത്ഥമായി യത്‌നിച്ച് നോക്കൂ. അതിലൂടെ നിങ്ങളുടെ ആരോഗ്യവും ആയുസ്സും വച്ചടിവച്ചടി അഭിവയോധികി പ്രാപിക്കുന്നത് കാണാം.

1. ടൂത്ത് ബ്രഷ് തിളപ്പിക്കുക

നിങ്ങളിൽ എത്ര പേർ ടൂത്ത് ബ്രഷ് ചൂടുവെള്ളത്തിൽ കഴുകാറുണ്ട്...? ഭൂരിഭാഗം പേരും ഇല്ലെന്നാകും ഉത്തരമേകുക. എന്നാൽ പുതുവർഷത്തിൽ ടൂത്ത് ബ്രഷ് ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിക്കുമെന്ന് തീരുമാനിക്കുക. നിരവധി ബാക്ടീരിയകളുടെ വളർത്ത് തൊട്ടിലാണ് ടൂത്ത് ബ്രഷ് എന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഒരു ശരാശരി ടൂത്ത് ബ്രഷിൽ 10 ദശലക്ഷത്തിലധികം സൂക്ഷ്മാണുക്കൾ ഉണ്ടാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും അപകടകാരിയായ ഇകോളി ബാക്ടീരിയ വരെ ഇതിലുണ്ടാകാൻ സാധ്യതയേറെയാണ്. ഇവ നമ്മെ ബാധിക്കാതിരിക്കാൻ ആഴ്ചയിലൊരിക്കലെങ്കിലും ബ്രഷ് തിളപ്പിക്കുക.

2. കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ആം റെസ്റ്റ് ഉപയോഗിക്കരുത്

കസേരയിൽ നിന്നെണീക്കുമ്പോൾ മിക്കവരും ആം റെസ്റ്റ് ഉപയോഗിക്കുന്നത് കാണാം. എന്നാൽ ഇത് ആരോഗ്യകരമായ ശീലമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ആംറെസ്റ്റ് ഉപയോഗിക്കാതെ എഴുന്നേൽക്കുന്നതിലൂടെ നിങ്ങളുടെ മസിലുകൾ ശക്തമാകുമെന്നും പിൽക്കാലത്ത് വീഴുന്നത് ഇതിലൂടെ ഇല്ലാതാക്കാമെന്നുമാണ് കണ്ടെത്തൽ. ഇതിനായി കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ആദ്യം കാലുകൾ നിലത്ത് ഉറപ്പിച്ച് നിർത്തുക. പിന്നീട് വയറിലെ മസിലുകൾ ശക്തിപ്പെടുത്തി പൃഷ്ഠഭാഗം ഉയർത്തി എഴുന്നേൽക്കുകയാണ് ചെയ്യേണ്ടത്. ഈ പരിശീലനത്തിലൂടെ മസിലുകളെ കരുത്തുറ്റതാക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

3. നിത്യേന ഒരു പോട്ട് യോഗർട്ട് കഴിക്കുക

പ്രമേഹത്തെ തടയാൻ പാൽഉൽപന്നങ്ങൾ നല്ലതാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 125 ഗ്രാമുള്ള ഒരു ചെറിയ പോട്ട് ദിവസത്തിൽ അഞ്ച് തവണയായി കഴിക്കുന്നതിലൂടെ പ്രമേഹം വരാനുള്ള സാധ്യത 28 ശതമാനമായി കുറയ്ക്കാമെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പാലുൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഉപകാരിയായ ബാക്ടീരിയയും വൈറ്റമിൻ കെയുടെ ഒരു പ്രത്യേക രൂപവും ഇതിന് സഹായിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.

4. ഒരു സമയത്ത് ഒരു മൂക്ക് മാത്രം ചീറ്റുക

ജലദോഷമുണ്ടാകുമ്പോൾ മൂക്കിൽ നിന്ന് ഒലിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത പറഞ്ഞറിയിക്കാനാകില്ല. അപ്പോൾ മൂക്ക് ഒന്ന് ആഞ്ഞ് ചീറ്റിയാൽ ലഭിക്കുന്ന ആശ്വാസവും വാക്കുകളിലൊതുക്കാനാവില്ല. എന്നാൽ ഇത്തരത്തിൽ രണ്ട് മൂക്കുകളും ഒന്നിച്ച് ചീറ്റുന്നത് ഇൻഫെക്ഷൻ ഉണ്ടാക്കാൻ ഇടയാക്കുമെന്നാണ് വെർജിനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഓവെൻ ഹെൻഡ്‌ലെ പറയുന്നത്. പകരം ഓരോ മൂക്ക് മാറി മാറി ചീറ്റുകയാണ് ആരോഗ്യകരമായ ശീലമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

6.കാർ വിൻഡോകൾ തുറന്നിടുക

ജലദോഷമുള്ള ഒരാൾക്കൊപ്പം നിങ്ങൾ അടച്ചിട്ട കാറിനുള്ളിലോ റൂമിലോ ആണെങ്കിൽ അതിന്റെ ഒരു വിൻഡോയെങ്കിലും തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ജലദോഷം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഓസ്‌ട്രേലിയയിലെ ക്യൂൻസ് ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്. ജലദോഷമുള്ള ഒരാൾക്കൊപ്പം നിങ്ങൾ അടച്ചിട്ട കാറിൽ 90 മിനുറ്റ് ചെലവഴിച്ചാൽ നിങ്ങൾക്ക് ജലദോഷം പിടിപെടാനുള്ള സാധ്യ 99.9 ശതമാനമാണെന്നാണ് മുന്നറിയിപ്പ്.

7. മുറിയിലെ താപം കുറയ്ക്കുക

മുറിയിലെ താപനില അൽപം ഡിഗ്രി കുറയ്ക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അതായത് ഇങ്ങന ചെയ്യുന്നതിലൂടെ ശരീരത്തിന് ഗുണം ചെയ്യുന്ന ബ്രൗൺ ഫാറ്റിന്റെ അളവ് വർധിക്കാനിടയാകുകയും ആരോഗ്യം വർധിക്കുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവിന് സ്ഥിരത കൈവരുത്താൻ സാധിക്കുന്നു.

8. ഡിജിറ്റൽ ക്ലോക്കിന് പകരം പഴയ ക്ലോക്കുപയോഗിച്ചാൽ നന്നായുറങ്ങാം

ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഡിജിറ്റൽ അലാറം ക്ലോക്കിന് പകരമായി പഴയ ഫാഷനിലുള്ള ക്ലോക്ക് ഉപയോഗിച്ചാൽ നന്നായി ഉറങ്ങാമത്രെ. സ്ലീപ് എക്‌സ്പർട്ടായ ഡോ. നെയ്ൽ സ്റ്റാൻലിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വേണ്ടത്ര ഉറക്കമുണ്ടായാൽ അലാറത്തിന്റെ സഹായമില്ലാതെ നമുക്ക് ഉണർന്നെണീക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. അലാറം ക്ലോക്കാകുമ്പോൾ നാം ഇടയ്ക്കിടെ ആകാംക്ഷ കാരണം സമയം നോക്കിപ്പോകുമെന്നും ഇത് ഉറക്കത്തിന് ഭംഗം വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരമ്പരാഗത ക്ലോക്കിലൂടെ ഇത് സാധ്യമല്ലാത്തതിനാൽ നല്ല ഉറക്കം ലഭിക്കും. കൂടാതെ ഡിജിറ്റൽ ക്ലോക്കിൽ നിന്നും വരുന്ന ഡിം ലൈറ്റ് മെലാട്ടൊനിൽ ഹോർമോണിനെ ഉയർത്തുകയും ഇത് ഉറക്കത്തെ ഇല്ലാതാക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

9. ഇബുപ്രോഫെന് പകരം പാരസെറ്റമോൾ ഉപയോഗിക്കുക

പനിക്ക് കഴിക്കുന്ന പാരസെറ്റമോൾ ഇബുപ്രോഫെനെക്കാൾ ഡോസ് കൂടിയതാണെന്നാണ് ചിലരുടെ തെററിദ്ധാരണ. എന്നാൽ പാരസെറ്റമോളാണ് മറ്റേതിനേക്കാൾ നല്ലതെന്നാണ് റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയിലെ സുൽത്താൻ ഡജാനി പറയുന്നത്. വയറിന്റെ ലൈനിംഗിന് ഇബുപ്രോഫെൻ ആപത്ത് വരുത്തുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പാരസെറ്റമോൾ അത്ര ദോഷം വരുത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

10. ലിഫ്റ്റിന് പകരം പടിക്കെട്ടുകൾ നടന്ന് കയറുക

ലിഫ്റ്റുണ്ടെങ്കിൽ പടിക്കെട്ടുകൾ കയറാൻ മിക്കവർക്കും മടിയാണ്. ഈ ശീലം പുതുവർഷത്തിൽ ഉപേക്ഷിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. രണ്ടു മിനുറ്റ് പടിക്കെട്ടുകൾ കയറിയാൽ 21 കാലറി എരിച്ച് കളയാനാകുമെന്നാണ് വിഗദ്ധർ പറയുന്നത്. ഇതിലൂടെ ഒരാഴ്ച 500 കലോറിയെങ്കിലും നിങ്ങൾക്ക് എരിച്ച് കളയാനാകും. ഇതിലൂടെ നിങ്ങളുടെ കാലുകളുടെ പേശികളുടെയും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യവും മെച്ചപ്പെടും.

12.പച്ചിലകൾ കഴിക്കുക

ദിവസേന രണ്ട് ടേബിൾ സ്പൂണോളം പച്ചിലകൾ കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം വരുന്നത് 14 ശതമാനം വരെ തടയാനാകും. സ്പിനാക്ക്, കേൽ
അല്ലെങ്കിൽ ബ്രോങ്കോളി തുടങ്ങിയവ ഇത്തരത്തിൽ കഴിക്കാവുന്നതാണ്. ലെയ്‌സെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പുറകിൽ

13. ടിവി കാണുന്നത് കുറയ്ക്കുക

25 വയസ്സിന് ശേഷം ടിവി കാണുന്നത് കുറച്ച് കൊണ്ടു വരുന്നത് ആയുസ്സ് വർധിപ്പിക്കാൻ നല്ലതാണ്. ഓരോ മണിക്കൂർ ടിവി കാണുന്നത് നിങ്ങളുടെ ആയുസ്സ് 22 മിനുറ്റ് കുറയ്ക്കുമെന്നാണ് യുഎസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. ടിവി കാണാൻ കുറെ സമയം നിഷ്‌ക്രിയമായിരിക്കുന്നതിലൂടെ മസിലുകൾ ദുർബലപ്പടുന്നത് ശരീരത്തിന് ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. കുറേ നേരമിരുന്നാൽ ഷുഗർ, കൊഴുപ്പ് എന്നിവയെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റ ശേഷി കുറയുകയും ചെയ്യുന്നു.

14. കാപ്പികുടി ശീലം നല്ലത്

ദിവസം ഒരു കപ്പ് കാപ്പികുടിച്ച് കൊണ്ട് തുടങ്ങുന്നത് നല്ലതാണെന്നാണ് ഗവേഷകർ പറയുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ഫൈറ്റോ കെമിക്കലുകൾ അല്ലെങ്കിൽ ആന്റി ഓക്‌സൈഡുകൾ പ്രമേഹം, പാർക്കിൻസൺസ്, അൽഷിമേഴ്‌സ് തുടങ്ങിയവയെ പ്രതിരോധിക്കും.

15. 15 മിനുറ്റ് നേരത്തെ ഉറങ്ങാൻ പോകുക

പുതുവർഷത്തിൽ പതിവുറങ്ങാൻ പോകുന്നതിനേക്കാൾ 15 മിനുറ്റ് മുമ്പ് ബെഡിലേക്ക് പോകുക. ഇതിലൂടെ ഒരു മാസത്തിൽ ഏഴരമണിക്കൂർ അധികം ഉറങ്ങാൻ സാധിക്കുന്നു. ഇതിലൂടെ ശരീരത്തിന് സ്വയം റിപ്പയർ ചെയ്യാനും നവീകരിക്കാനും സമയം ലഭിക്കുന്നുവെന്ന് സ്ലീപ് എക്‌സ്‌പെർട്ടായ ഡോ. നെയ്ൽ സ്റ്റാൻലി പറയുന്നു.

16. ഒരു മൈൽ ദൂരമാണെങ്കിൽ നടന്ന് പോകുക

വീടിന് സമീപത്തുള്ള ഒരു മൈൽ സർക്കിൾ ലോക്കൽ മാപ്പിൽ അടയാളപ്പെടുത്തുക. ഈ ദൂരത്തിലെവിടെ പോകാനും നടന്ന് പോകൽ ശീലമാക്കുക. നടത്തം ആരോഗ്യത്തിനും ആയുസ്സിനും വളരെ നല്ലതാണ്. ഒരു മൈൽ നടത്തത്തിലൂടെ 100 കലോറിയാണ് എരിച്ച് കളയാനാകുന്നത്. സ്ഥിരമായുള്ള നടത്തത്തിലൂടെ ഓർമക്കുറവ്, സമമർദം, ഹൃദയരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം.

17. അഞ്ച് ശതമാനം ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുക

പൊണ്ണത്തടിയോട് പൊരുതി പരാജയപ്പെട്ടയാളാണോ നിങ്ങൾ...? എന്നാൽ പുതുവർഷത്തിൽ ശരീരഭാരത്തിന്റെ 5 ശതമാനമെങ്കിലും കുറയ്ക്കാൻ ശ്രമിക്കുക. ഇതിലൂടെ സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത 22 ശതമാനം കുറയ്ക്കാൻ സാധിക്കും. യുഎസിലെ ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെന്ററിലെ ഡോ ആനി മാക് തിയർനാൻ ആണ് ഇത് പറയുന്നത്.

18. വോബിൾ കുഷ്യൻ ഉപയോഗിക്കുക

ഓഫീസ് ചെയറിൽ ഒരു വോബിൾ കുഷ്യൻ ഉപയോഗിക്കുന്നത് ശീലമാക്കുക. ഇതിലൂടെ ബാക്ക്‌പെയിൻ പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനാകും. ഈ കുഷ്യനിലൂടെ ചലനങ്ങൾ സുഖകരമാകുകയും മസിലുകൾക്കുണ്ടാക്കുന്ന ദോഷം കുറയുകയും ചെയ്യുന്നു.

19. ആൽക്കഹോൾ വിഷയത്തിൽ 5:2 നിയമം പാലിക്കുക

ആഴ്ചയിൽ അഞ്ച് ദിവസം മദ്യം തൊടാതിരിക്കുകയും രണ്ടു ദിവസം കഴിക്കുകയും ചെയ്യുകയെന്നാണീ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ അമിതമദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾ കുറച്ച് കൊണ്ടുവരാനാകും.

20. കൈമുട്ടിലേക്ക് തുമ്മുക

സാധാരണ ആളുകൾ തുമ്മലുണ്ടാകുമ്പോൾ കൈപ്പത്തി കൊണ്ട് മറച്ചാണ് തുമ്മുന്നത്. ഇതിലൂടെ കൈപ്പത്തികളിലേക്ക് രോഗാണുക്കൾ പടരുന്നു. നാം ആർക്കെങ്കിലും കൈകൊടുക്കുമ്പോൾ
അയാൾക്കും പകരുന്നു. ഇതൊഴിവാക്കാൻ തുമ്മുന്നത് കൈമടക്കി കൈമുട്ടുകളിലേക്കാക്കിയാൽ നന്നായിരിക്കുമെന്ന് ലണ്ടനിലെ ക്യൂൻ മേരി മെഡിക്കൽ സ്‌കൂളിലെ പ്രഫ. ജോൺ ഓക്‌സ്‌ഫോർഡ് നിർദ്ദേശിക്കുന്നു.

21. ദിവസത്തിൽ അൽപനേരം നിൽക്കുക

ദിവത്തിൽ അൽപനേരമെങ്കിലും നിൽക്കണം. ഇതിലൂടെ ഹൃദയമിടിപ്പ് വർധിപ്പിക്കാനും അതുവഴി ഹൃദ്രോഗസാധ്യതയും പ്രമേഹസാധ്യതയും കുറയ്ക്കാനാകുന്നു. കൂടാതെ അധികമുള്ള കലോറി എരിച്ച് കളയാനും സാധിക്കുന്നു. ദിവസത്തിൽ മൂന്ന് മണിക്കൂറിലധികം തുടർച്ചയായി ഇരുന്നാൽ നിങ്ങളുടെ ആയുസ്സ് രണ്ട് വർഷം കുറയുമെന്നാണ് 2012ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം മുന്നറിയിപ്പ് നൽകുന്നത്. ദിവസവും ഒരു മണിക്കൂർ അധികം നിൽക്കുകയാണെങ്കിൽ ആഴ്ചയിൽ 300 കലോറിയും വർഷത്തിൽ 16,000 കലോറിയും എരിച്ച് കളയാനാകും.

22. ഷോപ്പിങ് ബില്ലുകൾ മനസ്സിൽ കണക്ക് കൂട്ടുക

ഇനി ഷോപ്പിംഗിന് പോകുമ്പോൾ ഓരോ ഐറ്റത്തിനും നിങ്ങൾ ചെലവാക്കുന്ന തുക മനസ്സിൽ കണക്കു കൂട്ടുക. ഇതിലൂടെ നിങ്ങളുടെ ഓർമശക്തി വർധിപ്പിക്കാനാകും. ഇതിലൂടെ മസ്തിഷ്‌കത്തിന്റെ ഭാഗമായ വർക്കിങ് മെമ്മറിയുടെ പ്രവർത്തനം ത്വരിതപ്പെടുത്താനാകും. 25 വയസ്സിന് ശേഷം വർക്കിങ് മെമ്മറിയിൽ ഓരോ പത്ത് വർഷം കൂടുന്തോറും അഞ്ച് മുതൽ പത്ത് ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പരിശീലനത്തിലൂടെ ഇത് വർധിപ്പിക്കാനാകുമെന്നും തെളിഞ്ഞിട്ടുണ്ട്.

23. മനഃപൂർവം ചുമയ്ക്കുക

ടിവി കാണാനോ മറ്റെന്തിനെങ്കിലുമോ കുത്തിയിരിക്കുമ്പോൾ രണ്ട് വിരലുകൾ പൊക്കിളിനടുത്തുകൊണ്ടു വന്ന് ചുമയ്ക്കാൻ ശ്രമിക്കുക. ഇതിലൂടെ നിങ്ങളുടെ ഉദരപേശികൾ സജീവമാകുകയും ശരീരത്തിന്റെ പുറക് ഭാഗത്ത് കേടുപാടില്ലാതെ സംരക്ഷിക്കപ്പെടുകയും ചെയ്യും. തുടർച്ചയായിരിക്കേണ്ടി വരുമ്പോൾ ഇത്തരം വ്യായാമങ്ങൾ ചെയ്താൽ ബാക്ക്‌പെയിൻ ഇല്ലാതാകും.

25. ഉറങ്ങാനൊരുങ്ങുമ്പോൾ കൊക്കോ കുടിക്കുക

ഉറങ്ങാൻ പോകുന്നതിന് മുമ്പ് കൊക്കോ കുടിക്കുന്നത് നല്ലതാണെന്നാണ് പുതിയൊരു പഠനം തെളിയിക്കുന്നത്. കൊക്കോയിലെ ആന്റി ഓക്‌സിഡന്റുകൾ പ്രായമായവരിലെ ഓർമ്മയെ മെച്ചപ്പെടുത്തുമെന്നാണ് കണ്ടെത്തിരിക്കുന്നത്. രക്തചംക്രണം വർധിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. കോളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരാണിത് കണ്ടെത്തിയിരിക്കുന്നത്.