കാഞ്ഞിരപ്പള്ളി: ഗുഡ്‌നെസ് ടിവിയുടെ ''ദാവീദിന്റെ കിന്നരങ്ങൾ'' സംഗീത മെഗാഷോയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. അനേകായിരങ്ങൾക്ക് ആത്മീയ ഉണർവ്വേകുന്ന ദൈവാലയ ഗാനശുശ്രൂഷകരെ അണിനിരത്തി ദൈവാരൂപി പകർന്നേകുന്ന ഗുഡ്‌നെസ് ടിവിയുടെ സംരംഭങ്ങൾ അഭിനന്ദനീയമാണെന്ന് മാർ അറയ്ക്കൽ സൂചിപ്പിച്ചു.

ഗുഡ്‌നെസ് ടിവി ചെയർമാൻ റവ.ഡോ.അഗസ്റ്റിൻ വല്ലൂരാൻ അദ്ധ്യക്ഷത വഹിച്ചു. മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഗുഡ്‌നെസ് ടിവി പ്രോഗ്രാം ഡയറക്ടർ റവ.ഫാ.മാത്യു തടത്തിൽ, ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, റവ.ഫാ.മാത്യു പുത്തൻപറമ്പിൽ, ഗുഡ്‌നെസ് ടിവി മാനേജിങ് ഡയറക്ടർ പീറ്റർ കെ.ജോസഫ് എന്നിവർ ആശംസകളും നേർന്നു. ്ര

പ്രഥമഘട്ടത്തിൽ കേരളത്തിലെ 31 കേന്ദ്രങ്ങളിലായി 3000-ലേറെ കത്തോലിക്കാ ഇടവകകളിൽ നിന്നുള്ള ദൈവാലയ ഗായകസംഘങ്ങളാണ് ദാവീദിന്റെ കിന്നരങ്ങളിൽ പങ്കുചേരുന്നത്. തുടർന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും അവസരമൊരുക്കും. ഗാനശുശ്രൂഷകളിൽ സമർപ്പണം നടത്തിയവരെ ആദരിക്കലും ദൈവികാനുഭവങ്ങളുടെ പങ്കുവയ്ക്കലും ഉൾക്കൊള്ളുന്ന സംഗീത മെഗാഷോ പീറ്റർ കെ.ജോസഫ് സംവിധാനം ചെയ്യുന്നു. 2017 ഫെബ്രുവരി മുതൽ ഗുഡ്‌നെസ് ടിവി ''ദാവീദിന്റെ കിന്നരങ്ങൾ''സംപ്രേഷണം ചെയ്യുന്നതാണ്.