ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച ഗൂഗിൾ ഒടുവിൽ മാപ്പുപറഞ്ഞു. ക്രിമിനലുകളുടെ പട്ടിക തീരഞ്ഞാൽ കിട്ടുന്ന പേജിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രവും വന്നതിനാണ് ഗൂഗിൾ ഒടുവിൽ മാപ്പുപറഞ്ഞത്. അതേസമയം സെർച്ച് എന്ജിൻ മാപ്പു പറഞ്ഞെങ്കിലും ഇപ്പോഴും മോദിയുടെ ചിത്രം തന്നെയാണ് പേജിൽ കാണിക്കുന്നത്. ഗൂഗിളിൽ ലോകത്തെ ടോപ്പ് 10 ക്രിമിനലുകളെ തിരഞ്ഞപ്പോഴാണ് മോദിയുടെ ചിത്രങ്ങൾ ആദ്യ പേജിൽ വന്നത്. ഇത് വിവാദമായതോടെയാണ് ഗൂഗിൾ ക്ഷമാപണം നടത്തിയത്.

സെർച്ച് റിസൾട്ടുകൾ തങ്ങളുടെ അഭിപ്രായമല്ലെന്നും ഇന്റർനെറ്റിൽ ചിത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്ന രീതികൾ അനുസരിച്ചാണ് തിരച്ചിൽ ഫലം വരുന്നതെന്നുമാണ് ഗൂഗിൾ ഇതിന് നൽകിയ വിശദീകരണം. ഇത് പലപ്പോഴും അമ്പരപ്പിക്കുന്ന തിരച്ചിൽ ഫലം നൽകാറുണ്ട്. എന്തെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. തിരച്ചിൽ ഫലങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സേർച്ച് അൽഗോരിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ഗൂഗിൾ ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്..

ലോകത്തെ പത്ത് പ്രധാന ക്രിമിനലുകളുടെ കൂട്ടത്തിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം, അൽ ഖാ ഇദ നേതാവ് ഒസാമ ബിൻ ലാദൻ, ഭീരരൻ ഹാഫിസ് സയിദ്, അയ്മൻ അൽ സവാഹിരി എന്നിവരുമുണ്ട്. ഇവർക്കൊപ്പമാണ് മോദിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഗുജറാത്തിലെ സ്‌കൂളുകളിലെ പാഠുസ്തകങ്ങളിലെ വർണ്ണവിവേചനത്തെക്കുറിച്ചുള്ള ബ്രിട്ടണിലെ ടെലിഗ്രാഫ് പത്രത്തിന്റെ വെബ്‌സൈറ്റിൽ മോദിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രമാണ് ക്രിമിനലുകളെക്കുറിച്ചുള്ള തിരച്ചിൽ ഫലത്തിൽ വരുന്നതെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഈ ലേഖനത്തിൽ മോദിയെ കുറിച്ച് ഒരു പരാമർശം മാത്രമേ വരുന്നുള്ളൂ. എന്നിട്ടും സെർച്ചിൽ മോദിയുടെ ചിത്രം വന്നു.

കുറ്റവാളികളെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളും അദ്ദേഹത്തിന്റെ ചിത്രം സർച്ചിൽ വരാൻ വഴിയൊരുക്കുമെന്നും ഗൂഗിൾ പറയുന്നു. തിരച്ചിൽ ഫലത്തിൽ ചിത്രം വന്നതുകൊണ്ട് മോദി ഒരു കുറ്റവാളിയാണെന്ന് അർഥമില്ലെന്ന് ഗൂഗിൾ വക്താവ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം മോദിയെ മനപ്പൂർവ്വം ആക്രമിക്കാൻ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇതെന്ന സംശയവും ചില കോണുകളിൽ നിന്നും ഇന്നയിച്ചിട്ടുണ്ട്.