ന്യുഡൽഹി: ഓറക്കിളിൽ നിന്നും രാജിവെച്ച കോട്ടയംകാരൻ ഇനി മുതൽ ഗൂഗിളിന്റെ തലപ്പത്ത്. നവംബർ 26ന് ഗൂഗിളിൽ ജോലിയിൽ പ്രവേശിക്കുന്ന തോമസ് കുര്യനെ (51) ഓർത്ത് നമുക്കും അഭിമാനിക്കാം. ഗൂഗിൾ ക്ലൗഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായാണ് (സിഇഒ) കോട്ടയം പാമ്പാടി കോത്തല സ്വദേശി തോമസ് കുര്യൻ ചുമതലയേൽക്കുന്നത്. 26നു ഗൂഗിളിൽ പ്രവേശിക്കുന്ന തോമസ് കുര്യൻ ജനുവരിയിൽ സിഇഒയായി ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന സിഇഒ ഡയാൻ ഗ്രീൻ, ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റിന്റെ ഡയറക്ടർ സ്ഥാനത്തു തുടരും. ഇതാദ്യമായാണ് ഒരു മലയാളി ഗൂഗിളിന്റൈ ഇത്രയും ഉന്നതമായ ഒരു പദവിയിൽ എത്തുന്നത്.

ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ഓറക്കിളിൽ നിന്നും തോമസ് കുര്യൻ പടിയിറങ്ങിയത്. എന്നാൽ ഓറക്കിളിൽ നിന്നും പടിയിറങ്ങിയതിന് തൊട്ടു പിന്നാലെ തന്നെ തോമസ് കുര്യനെ ഗൂഗിൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഒറാക്കിൾ കോർപ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്പ്മെന്റ് പ്രസിഡന്റ് സ്ഥാനം തോമസ് കുര്യൻ രാജിവെച്ചത. ഇതിന് തൊട്ടു പിന്നാലെ തന്നെ ഗൂഗിൾ തോമസ് കുര്യനുമായി ചർച്ച നടത്തുകയും ഉന്നത പദവി തന്നെ വാഗ്ദാനം ചെയ്യുകയുമായിരുന്നു.

ഒറാക്കിൾ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഒറാക്കിളിൽ നിന്നു കുര്യൻ രാജിവെച്ചത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് കൂടുതൽ സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതിൽ കമ്പനി ഊന്നൽ നൽകണമെന്നുള്ള കുര്യന്റെ നിലപാട് ലാരി എല്ലിസൺ പിന്തുണക്കാതിരുന്നതാണ് കുര്യന്റെ രാജിയിലേക്ക് നയിച്ചത്. ഇതോടെ 22 വർഷം ഓറക്കിളിൽ പ്രവർത്തിച്ച പരിചയവുമായി ഗൂഗിളിലെത്തുന്ന പുള്ളോലിക്കൽ തോമസ് കുര്യൻ മലയാളികൾക്കും അഭിമാനമായി മാറും.

എന്നാൽ ഗൂഗിൾ ക്ലൗഡ് മേധാവി സ്ഥാനത്ത് നിന്നും ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ തന്റെ ലക്ഷ്യം പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് തോമസ് കുര്യൻ. ഒറാക്കിളിൽ തനിക്ക് അനുവാദം ലഭിക്കാതിരുന്നത് ഗൂഗിൾ ക്ലൗഡിന്റെ മേധാവി സ്ഥാനത്ത് നിന്നും ചെയ്തുകാണിക്കാൻ തോമസ് കുര്യന് അവസരം ലഭിക്കും. ആമസോൺ, മൈക്രോ സോഫ്റ്റ് പോലുള്ള മുഖ്യ എതിരാളികളാണ് ഈ രംഗത്ത് ഗൂഗിളിന് വെല്ലുവിളിയായുള്ളത്.


യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും സ്റ്റാൻഫോഡ് സർവകലാശാലയിൽനിന്ന് എംബിഎയും നേടി. 1996ൽ ഓറക്കിളിലെത്തിയ തോമസ് കുര്യൻ 2015ൽ പ്രസിഡന്റ് പദവിയിലെത്തി. പ്രോഡക്ട് ഡവലപ്‌മെന്റ് വിഭാഗം മേധാവിയായിരിക്കെ സെപ്റ്റംബറിലാണു സ്ഥാനമൊഴിഞ്ഞത്. ക്ലൗഡ് ഇടപാടു രംഗത്തു ആമസോണിനും മൈക്രോസോഫ്റ്റിനും ഐബിഎമ്മിനും പിന്നിലുള്ള ഗൂഗിളിനെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്ന ദൗത്യമാണു തോമസ് കുര്യനെ കാത്തിരിക്കുന്നത്.

ഡയാൻ ഗ്രീൻ ഒഴിയുന്ന സ്ഥാനത്തേക്കാണ് തോമസ് കുര്യൻ എത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഗൂഗിൾ ക്ലൗഡിന്റെ മേധാവിയാണ് ഡയാന ഗ്രീൻ. 2012 മുതൽ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ഡയറക്ടർമാരിലൊരാളാണ്. നവംബർ 26 നാണ് തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡിൽ ചേരുക. 2019 ആദ്യമായിരിക്കും അദ്ദേഹം ഗൂഗിൾ ക്ലൗഡ് മേധാവി സ്ഥാനം ഏറ്റെടുക്കുക. അതുവരെ ഡയാന ഗ്രീൻ തന്നെ ആസ്ഥാനത്ത് തുടരും. നവംബർ 26 നാണ് തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡിൽ ചേരുക. അതുവരെ നിലവിലെ മേധാവി ഡയാന ഗ്രീൻ തന്നെ തൽസ്ഥാനത്ത് തുടരും. 2019 വരെയാണ് തോമസ് കുര്യന്റെ കാലാവധി.