തിരുവനന്തപുരം: ഗൂഗിളേ.. എന്നാലും ഇങ്ങനെയൊക്കെ വേണ്ടിയിരുന്നോ? സോഷ്യൽ മീഡിയ ഇപ്പോൾ തിരിഞ്ഞിരിക്കുന്നതു ഗൂഗിളിനെതിരെയാണ്. നടി സരിതയുടെ വിവരങ്ങൾക്കൊപ്പം സോളാർ കേസ് പ്രതി സരിത എസ് നായരുടെ ചിത്രങ്ങൾ ഗൂഗിൾ പേജിൽ പ്രത്യക്ഷപ്പെട്ടതാണ് ചർച്ചയ്ക്ക് ഇടനൽകിയത്.

ഇംഗ്ലീഷിൽ സരിത എന്നു ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോഴാണ് നടി സരിതയുടെ വിവരങ്ങൾക്കൊപ്പം സരിത എസ് നായരുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. സരിത എസ് നായരുടെ ചിത്രങ്ങൾക്കു താഴെ ദക്ഷിണേന്ത്യയിലെ നടിയാണെന്നും തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി 140ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും കുറിക്കുന്നു ഗൂഗിൾ. 1959ൽ ജനിച്ച സരിതയ്ക്ക് 57 വയസായെന്നും മുകേഷ്, വെങ്കട സുബ്ബയ്യ എന്നിവർ ജീവിതപങ്കാളികൾ ആയിരുന്നെന്നും തേജസ് ബാബു, ശ്രാവൺ ബാബു എന്നിവർ കുട്ടികളാണെന്നും ഗൂഗിൾ സ്ഥാപിക്കുന്നുണ്ട്.

സരിതയുടെ വിവരണം വായിച്ചു ഞെട്ടുന്ന അറിവാർഥികൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കുമ്പോഴാണ് നടി സരിതയുടെ ചിത്രവും അത്ര ശ്രദ്ധിക്കപ്പെടാതെ കാണുന്നത്. എന്തായാലും ഒന്നോ രണ്ടോ ചിത്രങ്ങളിൽ അഭിനയിച്ച സരിത ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നടിയാക്കി മാറ്റിയ ഗൂഗിളിനെ ട്രോളുകയാണു സൈബർ ലോകം. തെന്നിന്ത്യയിലെ എഴുപതുകളിലും എൺപതുകളിലും പ്രധാന നടിയായിരുന്ന സരിതയുടെ വിവരങ്ങളാണ് സരിതാ എസ് നായരുടേതായി കാണിക്കുന്നത്. മുകേഷ് മുൻ ഭർത്താവുകുന്നത് ഇതുകൊണ്ടാണ്. എങ്ങനെയാണ് സോളാർ നായികയുടെ പ്രൊഫൈലിന് സമാനമായി ഈ പിശക് എത്തിയെന്നത് ആർക്കും വ്യക്തമല്ല.

സോളാർ നായികയാണ് സരിതയെന്ന് ആർക്കും വ്യക്തമാവുകയുമില്ല. മുകേഷിന്റെ മുൻ ഭാര്യയായ സരിതയുടെ പ്രൊഫൈൽ പേജിൽ അവരുടേതായി ചിത്രം വിക്കി പീഡിയ നൽകിയിട്ടില്ല. ഇതാകും ഗൂഗിളിൽ കൂടുതലായി സെർച്ച ചെയ്യുന്ന സരിതയ്‌ക്കൊപ്പം ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ പ്രധാന നടിയായിരുന്ന സരിതയുടെ വിവരങ്ങൾ എത്താൻ കാരണമെന്നാണ് വിലയിരുത്തൽ. എതായാലും ഈ പിശകിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. സോളാറിലെ സരിതയും ചില വിഡിയോ സിനിമകളിൽ അഭിനയിച്ചിരുന്നു. ഷാജി കൈലാസ് ചിത്രത്തിലും മുഖം കാട്ടിയെന്നാണ് റിപ്പോർട്ട്. ഇത്തരം വാർത്തകളും സെർച്ചുകളും സോളാറിലെ പ്രതിയേയും സിനിമാ നടിയാക്കി ഗൂഗിൾ മാറ്റാൻ കാരണമായെന്ന വിലയിരുത്തലുണ്ട്.

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു എൺപതുകളിൽ സരിത. തമിഴിലും കന്നഡിയിലും അവാർഡുകൾ വാരിക്കൂട്ടിയ പ്രതിഭ. സംവിധായക പ്രതിഭ കെ ബാലചന്ദ്രറിന്റെ കണ്ടെത്തലായിരുന്നു സരിത. കമൽഹാസനുമായി തകർത്തഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ സരിത പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. ബാലചന്ദ്രറിന്റെ തമിഴ് സിനിമകളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞ നടിയുടെ ദാമ്പത്യം അതിന് മുമ്പേ തുടങ്ങിയിരുന്നു. പതിനാറ് വയസ്സുള്ളപ്പോഴായിരു്‌നു ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബ്ബയ്യയായിരുന്നു ഭർത്താവ്. ആറുമാസം മാത്രമായിരുന്നു ഈ ദാമ്പത്യത്തിന്റെ കാലം. അഭിപ്രായ ഭിന്നതയെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. പിന്നീട് സിനിമയോടായി ഏറെ നാൾ സരിതയുടെ പ്രണയം.

മലയാളത്തിലെ നാടക കുടുംബത്തിൽ നിന്ന് മുകേഷ് സിനിമയിലെത്തുന്നത് എൺപതുകളുടെ തുടക്കത്തിലാണ്. നാടകാചാര്യൻ ഒ മാധവന്റേയും വിജയകുമാരിയുടേയും മകനായ മുകേഷ് ബലൂൺ എന്ന ചിത്രത്തിലൂടെ 1982ൽ വെള്ളിത്തിരയിലെത്തി. പിന്നീട് പ്രിയദർശൻ ചിത്രങ്ങളിലൂടെ മോഹൻ ലാലിനൊപ്പം മലയാളിയെ ചിരിപ്പിച്ച് മലയാളിയുടെ പ്രിയതാരമായി. സെറ്റുകളിൽ തമാശ നിറച്ച് ലൊക്കേഷനുകളിൽ സജീവമായി മുകേഷ്. സ്വഭാവനടനും നായകനുമായി മുകേഷും വെള്ളിത്തിരയിൽ സജീവമാകുമ്പോഴാണ് സരിത ജീവിതത്തിലേക്ക് കടന്നുവരുന്നത്. കാതോട് കാതോരമെന്ന സൂപ്പർ ഹിറ്റിലൂടെ സ്വഭാവ നടികളുടെ മുൻനിരയിൽ മലയാളത്തിൽ സരിത സജീവമായിരുന്നു. പിസി 369 എന്ന പി ചന്ദ്രകുമാർ സിനിമയുടെ സെറ്റിലാണ് സരിത-മുകേഷ് പ്രണയത്തിന്റെ തുടക്കം. തനിയാവർത്തനമെന്ന സിനിമയുടെ സെറ്റിൽ പ്രണയം പൂത്തുലഞ്ഞു. അങ്ങനെ സരിതയും മുകേഷും വിവാഹിതരാകാൻ തീരുമാനിച്ചു.

1987ലാണ് മുകേഷും സരിതയും വിവാഹം കഴിച്ചത്. സരിത മലയാളത്തിലും തമിഴിലും നായികയായി തിളങ്ങി നിന്ന കാലത്തായിരുന്നു അവരുടെ വിവാഹം. ഏതാനും ചിത്രങ്ങളിൽ കൂടി അഭിനയിച്ച ശേഷം അവർ കുടുംബിനിയായി മാറി. വിവാഹ ശേഷമാണ് മുകേഷിന്റെ കരിയർ ഗ്രാഫ് ഉയരുന്നത്. സഹനടനിൽ നിന്ന് നായകനായി തിരക്കുള്ള നടനായി മുകേഷ് മാറി. അപ്പോഴും രണ്ട് ആൺമക്കളുടെ കാര്യങ്ങളുമായി സരിത വീട്ടിൽ തന്നെ കഴിഞ്ഞു. ഇവരുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട ഒന്നും വാർത്തകളിൽ എത്തിയില്ല. എല്ലാം സന്തുഷ്ടമാണെന്ന് ഏവരും കരുതി. 2007ലാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുണ്ടെന്നത് പുറംലോകമറിയുന്നത്. വിവാഹമോചനക്കേസ് കോടതിയിലുമെത്തി. അപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങളെത്തിയില്ല. എന്നാൽ മേതിൽ ദേവകിയെ മുകേഷ് വിവാഹം കഴിച്ചതോടെ പൊട്ടിത്തെറികളെത്തി. ഏതായാലും മുകേഷുമായുള്ള ബന്ധം അവസാനിപ്പിച്ച് രണ്ട് മക്കളുടെ കാര്യം നോക്കി കഴിയുകയാണ് സരിത. ഈ വിവരങ്ങൾ തന്നെയാണ് സോളാർ നായികയുടെ പ്രൊഫൈലിനൊപ്പം ഗുഗിൾ നൽകുന്നത്.