സാൻഫ്രാൻസിസ്‌കോ: സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ലൈംഗികാതിക്രമങ്ങൾ മൂലം അനുഭവിച്ച യാതനകളുടെ കഥകൾ  തുറന്ന് പറയുന്ന സമയത്താണ് ഐടി ഭീമനായ ഗൂഗിളിലും പ്രതിഷേധ കൊടുങ്കാറ്റ് വീശുകയാണെന്ന വാർത്ത പുറത്ത് വരുന്നത്. കമ്പനിയിൽ സ്ത്രീ ജീവനക്കാർക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അധികൃതർ ഗുരുതരമായ വീഴ്‌ച്ച വരുത്തിയെന്ന് ആരോപിച്ച് ഗൂഗിൾ ജീവനക്കാർ കഴിഞ്ഞ ദിവസം മിന്നൽ പ്രതിഷേധം നടത്തിയത് ഏവരേയും ഞെട്ടിച്ചിരുന്നു. സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വരെ ഗുരുതരമായ ആരോപണം നേരിടുന്നുണ്ട്.

ഇവർക്കെതിരെ കൃത്യമായ നടപടിയെടുക്കുന്നതിൽ കമ്പനിയുടെ തലപ്പത്തിരിക്കുന്നവർ താൽപര്യം കാണിക്കാതിരുന്നതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. ഗൂഗിളിന്റെ ലോകമെമ്പാടുമുള്ള ഓഫീസുകളിലായി ആയിരങ്ങളാണ് പ്രതിഷേധം നടത്തിയത്. ആൻഡ്രോയ്ഡ് സ്ഥാപകൻ ആൻഡി റൂബിനു നേരെ ഇത്തരത്തിൽ ആരോപണം നേരിട്ടിരുന്നു. ഇദ്ദേഹത്തിന് വിടുതൽ സമ്മാനമായി ഗൂഗിൾ ഒമ്പതു കോടി ഡോളർ (660 കോടി രൂപ) നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഗൂഗിളിൽ ജീവനക്കാരുടെ പ്രതിഷേധം കനത്തത്. ഇതിന് പിന്നാലെയാണ് ലൈംഗികാതിക്രമങ്ങളുടെ പേരിൽ രണ്ടുവർഷത്തിനിടെ 48 ജീവനക്കാരെ പുറത്താക്കിയെന്ന് ഗൂഗിൾ സിഇഒ. സുന്ദർപിച്ചൈ വെളിപ്പെടുത്തിയത്.

ജീവനക്കാർക്കുണ്ടായ നിരാശയും ദേഷ്യവും മനസ്സിലാക്കുന്നുവെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ജീവനക്കാർക്കയച്ച ഇ-മെയിൽ സന്ദേശത്തിൽ സുന്ദർ പിച്ചൈ പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ നടന്ന ശേഷം നിർബന്ധിപ്പിച്ച് ഒത്തുതീർപ്പിലാക്കുന്ന രീതി അവസാനിപ്പിച്ചാലേ തെറ്റുചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കാനാവൂവെന്ന് ജീവനക്കാർ പറയുന്നു.

'ഞാൻ എന്റെ തൊഴിലിടത്തിലില്ല. എല്ലാവർക്കും തുല്യതയില്ലാത്ത ഗൂഗിളിലെ തൊഴിൽ അന്തരീക്ഷത്തിലും ലൈംഗികാതിക്രമങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് മറ്റുജീവനക്കാർക്കൊപ്പം ഞാനും ഇറങ്ങിപ്പോകുന്നു' -എന്ന കുറിപ്പ് സീറ്റുകളിൽ പ്രദർശിപ്പിച്ചശേഷമാണ് ജീവനക്കാർ ഇറങ്ങിപ്പോയത്. ടോക്യോയിലെ ഗൂഗിൾ ഓഫീസിലെ ജീവനക്കാരാണ് ആദ്യം ഇറങ്ങിപ്പോയത്. ലണ്ടൻ, സൂറിച്ച്, സിങ്കപ്പൂർ, ബെർലിൻ, ഡബ്ലിൻ, ഹയ്ഫ എന്നീ നഗരങ്ങളിലെ ഓഫീസുകളിലും പ്രതിഷേധം നടന്നു.