- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ വിദ്യാഭ്യാസരംഗത്തെ മാറ്റിമറിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു; കമ്പ്യുട്ടർ-ഇന്റർനെറ്റ് മേഖലയിൽ ലക്ഷങ്ങളെ ഇനി ഗൂഗിൾ പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകും; അനേകം പാവങ്ങൾക്ക് സ്കോളർഷിപ്പും; ലോകം എമ്പാടുമുള്ള കമ്പനികൾ ഗൂഗിൾ സർട്ടിഫിക്കറ്റ് ഉള്ളവരെ ജോലിക്കെടുക്കും
ലോസ് ഏഞ്ചൽസ്: സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുമ്പോൾ അത് കൈകാര്യം ചെയ്യുവാനും കൂടുതൽ ആളുകളെ ആവശ്യമായി വരുന്നു. ഇനിയുള്ള കാലം നിർമ്മിതി ബുദ്ധിയുടെയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) റോബോട്ടിക്സിന്റെയുമൊക്കെയയിരിക്കും. ആ മേഖലയിൽ സമർത്ഥരായവർക്ക് നിരവധി അവസരങ്ങളും ലഭിക്കും. ഈ പുതിയ ലോകത്തെ ഉന്നം വച്ച്, സമർത്ഥരായ ഒരു തൊഴിൽ സൈന്യത്തെ വാർത്തെടുക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ നൈപുണ്യം വർദ്ധിപ്പിക്കാനും അതുവഴി മെച്ചപ്പെട്ട തൊഴിൽ നേടാനും ഇതുമൂലം വഴിയൊരുങ്ങും. ഏറ്റവും പുതിയ കരിയർ സർട്ടിഫിക്കറ്റുകൾക്കായുള്ള എന്റോൾമെന്റ്, തൊഴിലുടമകളുടെ കൂട്ടായ്മ വിപുലപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക, അതുപോലെ തൊഴിലന്വേഷിക്കുന്നവരെ സഹായിക്കാൻ കൂടുതൽ മെച്ചപ്പെട്ട സർച്ച് ഉപാധികൾ എന്നിവയൊക്കെ അടങ്ങിയ ഒരു പുതിയ പദ്ധതി ഇന്നലെ ഗൂഗിൾ ആൻഡ് ആൽഫബറ്റ് സി ഇ ഒ സുന്ദർ പിച്ചായ് പ്രഖ്യാപിച്ചു.
നിലവിൽ, ഡാറ്റാ അനലിടിക്സ്, പ്രൊജക്ട് മാനേജ്മെന്റ്, യൂസർ എക്സ്പീരിയൻസ് ഡിസൈൻ (യു എക്സ്) തുടങ്ങിയ മേഖലകളിൽ ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾക്കായുള്ള എന്റോൾമെന്റ് ആരംഭിച്ചതായും പിച്ചായ് അറിയിച്ചു. ഇതിനു പുറമെ പുതിയതായി അസോസിയേറ്റ് ആൻഡ്രോയ്ഡ് ഡെവലപ്പർ സർട്ടിഫിക്കേഷൻ കൂടി ആരംഭിച്ചതായും പിച്ചായ് അറിയിച്ചു. ഇത് നേടുന്നവർക്ക് ആൻഡ്രോയ്ഡ്ഡെവലപ്മെന്റ് വിഭാഗ്ങ്ങളിൽ ജോലിക്ക് സാധ്യതയുണ്ടാകും. ആരംഭ തലത്തിൽ ആയിരിക്കും ഈ കോഴ്സ് കഴിഞ്ഞവർക്ക് നിയമനം ലഭിക്കുക. അമേരിക്കയിൽ മാത്രം ഇപ്പോൾ ഈ മേഖലയിൽ 1.3 മില്ല്യൺ ഒഴിവുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇതിന് അപേക്ഷിക്കുന്നതിന് പ്രവർത്തി പരിചയം ആവശ്യമില്ല. മാത്രമല്ല, ഓൺലൈനായി നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് പഠനം നടത്താൻ കഴിയും. കരിയർ സർട്ടിഫിക്കറ്റ് നൽകുന്ന മേഖലകൾക്ക് പുറമേ ചില പ്രൊഫഷണൽ കോഴ്സുകളിലും അപ്രന്റീസ് ഷിപ്പ് പ്രോഗ്രാമും ഗൂഗിൾ ആരംഭിക്കുകയാണ്. ഇത്തരത്തിൽ, ജോലി ചെയ്തുകൊണ്ടു തന്നെ പഠനം തുടരാൻ കഴിയുന്ന അപ്രന്റീസ്ഷിപ്പ് പരിപാടിയിലേക്ക് വരുന്ന വർഷങ്ങളിൽ നൂറുകണക്കിന് പേരെ ഗൂഗിൾ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപുറമേ ആഗോളതലത്തിൽ 1 ലക്ഷത്തോളം സ്കോളർഷിപ്പുകൾ ഗൂഗിൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ഗൂഗിൾ സർട്ടിഫിക്കറ്റുകൾ വ്യാപകമായി അംഗീകരിക്കപ്പെടാനായി തൊഴിൽദാതാക്കളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുന്നുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. കരിയർ സർട്ടിഫിക്കറ്റുകൾക്ക് പുറമേ, അമേരിക്കയിൽ തൊഴിൽ അന്വേഷിക്കുന്നവർക്കായി ക്ലൗഡ് കമ്പ്യുട്ടിങ്, ബിഗ് ഡാറ്റ, മെഷീൻ ലേണിങ് എന്നിവയി സൗജന്യമായി പരിശീലനം നൽകുകയും ചെയ്യും.
പ്രത്യേക അക്കാദമിക് ഡിഗ്രി യോഗ്യത ആവശ്യമില്ലാത്ത ജോലികൾ അന്വേഷിക്കുന്നവർക്കായി പുതിയൊരുകൂട്ടം സാധ്യതകൾ തുറന്നുവരികയാണെന്നും സുന്ദർ പിച്ചായ് പറഞ്ഞു. ഈ പുതിയ അവസരം കൈക്കലാക്കുവാൻ കൂടുതൽ പെരെ തയ്യാറാക്കുക എന്നതാണ് ഗൂഗിൾ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്