ന്യൂഡൽഹി: ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ ഏറെ ഉപയോക്താക്കളുള്ള ഇടമാണ് ഗൂഗിൾ ഫോട്ടോസ്. പ്രത്യേകിച്ചും സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കിടയിൽ. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി ഉയർത്താനുള്ള കാരണം. എന്നാൽ ഈ ആനുകൂല്യം നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഗുഗിൾ.ഗുഗിൾ ഫോട്ടോസിന്റെ അൺലിമിറ്റഡ് സേവനം ഈ മാസം 31 ഓടുകൂടി അവസാനിക്കും.കഴിഞ്ഞ വർഷം തന്നെ ഇത് സംബന്ധിച്ച് ഗുഗിൾ സൂചന നൽകിയിരുന്നു.

ജൂൺ ഒന്ന് മുതൽ ഗൂഗിൾ ഫോട്ടോസും ഗൂഗിൾ അനുവദിച്ചിട്ടുള്ള 15 ജി.ബി. ഫ്രീ സ്റ്റോറേജിന്റെ ഭാഗമാകും. ഉയർന്ന സ്റ്റോറേജ് ആവശ്യമാണെങ്കിൽ ഇനി മുതൽ പണം കൊടുത്ത് സ്‌പേസ് വാങ്ങേണ്ടി വരും. 100 ജി.ബി. സ്പേസിന് 130 രൂപയും 200 ജി.ബി. സ്പേസിന് 210 രൂപയുമായിരിക്കും ഈടാക്കുകയെന്നാണ് പ്രാഥമിക വിവരങ്ങൾ. എന്നാൽ, ഗൂഗിൾ പുറത്തിറക്കിയിട്ടുള്ള ഫോണുകളിൽ ഈ പരിധി ബാധകമാകില്ലെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, മെയ് 31 വരെ ഗൂഗിൾ ഫോട്ടോസിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഈ പരിധിയിൽ വരില്ലെന്നാണ് സൂചന. ഗൂഗിൾ ഡിഫോൾട്ടായി അനുവദിച്ചിട്ടുള്ള 15 ജി.ബി. പരിധി ഗൂഗിൾ ഫോട്ടോസിന് ബാധകമായിരുന്നില്ല. അതിനാൽ തന്നെ ഉയർന്ന റെസലൂഷനുള്ള ഫോട്ടോകളും വീഡിയോകളും ഗൂഗിൾ ഫോട്ടോസിൽ സൂക്ഷിക്കാൻ സാധിക്കുമായിരുന്നു.

ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ ഗൂഗിൾ ഫോട്ടോസ് ആപ്ലിക്കേഷൻ നൽകിയിട്ടുള്ളതിനാൽ ഫോട്ടോകളും വീഡിയോകളും ഇതിലാണ് സ്റ്റോർ ചെയ്യുന്നത്. ഇതുവഴി സ്റ്റോറേജിന്റെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് ഗൂഗിളിനുണ്ടാകുന്നത് എന്നാണ് വിലയിരുത്തൽ. ജി-മെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ പ്രതിദിനം 43 ലക്ഷം ജി.ബി. ഫയൽ എത്തുന്നുണ്ടെന്നാണ് വിവരം.