- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിയെടുത്ത് പണം നേടാൻ ഗൂഗിൾ ടാസ്‌ക് മേറ്റ്; ഇന്ത്യയിലെ തൊഴിൽ രഹിതർ കാത്തിരിക്കുന്ന ആപ്പ് ഇതാണ്
ഗൂഗിൾ ടാസ്‌ക് മേറ്റ് ഇന്ത്യയിൽ പരീക്ഷിക്കുന്നു എന്ന വാർത്തകൾ പുറത്ത് വന്നതോടെ യുവാക്കളും തൊഴിൽ രഹിതരും ആവേശത്തിലാണ്. ചെറിയ ടാസ്കുകൾ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പണം നേടാൻ സാധിക്കുന്ന ആപ്ലിക്കേഷനിലൂടെ പണം സമ്പാദിക്കാനാകും എന്നത് തന്നെയാണ് ടാസ്ക് മേറ്റിനെ ജനകീയമാക്കുന്നത്. എന്നാൽ, എപ്പോൾ മുതലാണ് എല്ലാവർക്കും ആപ്ലിക്കേഷൻ ലഭ്യമാകുമെന്ന് വ്യക്തമല്ല. ഇപ്പോൾ റഫറൽ കോഡുകൾ അല്ലെങ്കിൽ ഇൻവൈറ്റിങ് കോഡുകൾ വഴി മാത്രമാണ് ആക്‌സസ് ചെയ്യാൻ കഴിയുക. നിലവിൽ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ടാസ്‌ക് മേറ്റ് ആപ്പ് ഗൂഗിൾ പ്ലേയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും റഫറൽ കോഡ് ഇല്ലാതെ ആർക്കും അത് ഉപയോഗിക്കാൻ സാധിക്കില്ല.
എന്നിരുന്നാലും, ക്രൗഡ്‌സോഴ്‌സിംഗിലൂടെ കൂടുതൽ വരുമാനം നേടാനുള്ള വഴികൾ കണ്ടെത്തുന്നതിനെക്കുറിച്ച് പഠിക്കുകയാണെന്ന് ഗൂഗിൾ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ പോസ്റ്റ് ചെയ്യുന്ന ടാസ്കുകളാണ് ടാസ്ക് മേറ്റിലുണ്ടാവുക. ഉദാഹരണത്തിന് ഒരു റസ്റ്റോറന്റിന്റെ ചിത്രം പകർത്തുക, സർവ്വേയുടെ ഭാഗമായുള്ള ചോദ്യങ്ങൾക്ക് വ്യക്തിപരമായ ഉത്തരങ്ങൾ നൽകുക, ഇംഗ്ലീഷിലുള്ള വാചകങ്ങൾ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുക പോലുള്ള ടാസ്കുകളാണ് ആപ്പിൽ ഉണ്ടാവുക.
സമീപത്തുള്ള ടാസ്കുകൾ ചെയ്യുക, വരുമാനം നേടിത്തുടങ്ങുക, പണം കൈപ്പറ്റുക ഇത്രയുമാണ് ടാസ്‌ക് മേറ്റ് ആപ്പിൽ ചെയ്യേണ്ടത്. ഒരിടത്തിരുന്നും പുറത്ത് പോയും ചെയ്യേണ്ട ജോലികളും ആപ്പിലുണ്ടാവും. പൂർത്തിയായ ടാസ്കുകൾ, ശരിയായി ചെയ്തവ, നിങ്ങളുടെ ലെവൽ, പരിശോധനയിലുള്ള ടാസ്കുകൾ എന്നിവ ആപ്പിൽ കാണാം. ഷോപ്പ്ഫ്രണ്ടുകളുടെ ഫോട്ടോയെടുക്കൽ, സംസാരഭാഷ റെക്കോർഡുചെയ്യുക, ഇംഗ്ലീഷിൽ നിന്ന് പ്രാദേശിക ഭാഷയിലേക്ക് വാക്യങ്ങൾ പകർത്തുക തുടങ്ങിയ ജോലികൾ ഉപയോക്താക്കൾക്ക് ചെയ്യാനാകുമെന്ന് പ്ലേസ്‌റ്റോറിലെ ടാസ്‌ക് മേറ്റ് അപ്ലിക്കേഷന്റെ സ്‌ക്രീൻഷോട്ടുകൾ കാണിക്കുന്നു. ടാസ്‌ക്കുകൾ ലോകമെമ്പാടുമുള്ള ബിസിനസ്സുകളിൽ നിന്നും ഉള്ളതാണ്. അവയെ സിറ്റിങ് അല്ലെങ്കിൽ ഫീൽഡ് ടാസ്‌ക്കുകൾ എന്ന് തരംതിരിക്കുന്നു.
ഓരോ ടാസ്കിന്റേയും പ്രതിഫലമെത്രയെന്ന് കാണിച്ചിട്ടുണ്ടാവും. പുറത്തുനിന്നുള്ള സ്ഥാപനങ്ങൾ നൽകുന്ന ടാസ്കുകളും ഗൂഗിൾ തന്നെ നേരിട്ട് നൽകുന്ന ടാസ്കുകളും ഇതിലുണ്ടാവും. പ്രാദേശിക കറൻസിയിലാണ് ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുക. സ്ഥാപനങ്ങൾക്ക് അതാത് മേഖലകളിൽ വ്യവസായം ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനും മറ്റും ഈ സേവനം പ്രയോജനപ്പെടുത്താം. കടകളുടെയും കെട്ടിടങ്ങളുടേയും ചിത്രങ്ങൾ പകർത്തുന്നതിലൂടെ ഗൂഗിളിന് അതിന്റെ മാപ്പിങ് സേവനങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.
മറുനാടന് ഡെസ്ക്