- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണങ്ങളുടെ അവസാന വാക്ക്; സൂര്യനു കീഴിലുള്ള എന്തിനേക്കുറിച്ചും ചോദിക്കാം; അക്ഷരത്തെറ്റിൽ ഉദിച്ചുയർന്ന് ലോകം മുഴുവൻ പ്രശസ്തമായ പേരും; ഗൂഗിൾ ഇന്ന് ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്നു; ഗൂഗിളിന്റെ ജീവിത വഴിത്താരയിലൂടെ
ഏതൊരു കാര്യവും ഒരു വിരൽത്തുമ്പ്കൊണ്ട് സാധിക്കാവുന്നത്ര എളുപ്പമായ ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ ഇന്നത്തെ നിലയിലേക്കുള്ള കുതിച്ചുചാട്ടത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ. സൂര്യനു കീഴിലുള്ള ഏതൊരു വിഷയത്തെക്കുറിച്ചും ഏതൊരു വിവരവും അറിയുവാൻ ഗൂഗിളിൽ ഒന്നു കയറി പരിശോധിച്ചാൽ മതി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അന്വേഷിക്കുക എന്ന വാക്കിന്റെ അർത്ഥം തന്നെ ആധുനിക കാലത്ത് ഗൂഗിൾ ചെയ്യുക എന്നായി മാറിയിരിക്കുന്നു.
സർവ്വജ്ഞനായി, അറിവിന്റെ ഭണ്ഡാരവും താങ്ങിയിരിക്കുന്ന ഈ സെർച്ച് എഞ്ചിന് ഇന്ന് 23 വയസ്സു തികയുകയാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ ഗൂഗിൾ സെർച്ചിന്റെ ഹോം പേജിൽ ഉള്ള ഡൂഡിൽ ഒരു കേക്കിന്റെ ചിത്രമാണ്. എരിയുന്ന മെഴുകുതിരിക്ക് മുകളിലൂടെ ഗൂഗിൾ എന്ന് എഴുതിയിട്ടുമുണ്ട്. ഗൂഗിൾ എന്ന വാക്കിലെ എൽ എന്ന അക്ഷരത്തിനു പകരമായാണ് മെഴുകുതിരി വച്ചിരിക്കുന്നത്. കേക്കിനു മുകളിൽ പ്രായത്തെ സൂചിപ്പിക്കുന്ന 23 എന്ന് എഴുതിയിട്ടുമുണ്ട്.
സാങ്കേതികമായി പറഞ്ഞാൽ 1998 സെപ്റ്റംബർ 4 ന് ആയിരുന്നു ഗൂഗിൾ സ്ഥാപിച്ചത്. ആദ്യത്തെ ഏഴുവർഷം കമ്പനി വാർഷിക ദിനമായി ആചരിച്ചതും സെപ്റ്റംബർ 4 ആയിരുന്നു. എന്നാൽ പിന്നീട് അത് സെപ്റ്റംബർ 27-ലേക്ക് മാറ്റുകയായിരുന്നു. അന്നായിരുന്നു സെർച്ച് എഞ്ചിനിൽ ഉൾപ്പെടുത്തിയ പേജുകളുടെ റെക്കോർഡ് നമ്പർ പ്രസിദ്ധപ്പെടുത്തിയത്. ഇന്ന് ലോകത്തിലെ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിന്റെ ജീവിത വഴിത്താരകൾ വളരെയേറെ രസകരമായ ഒന്നാണ്.
ബാക്ക്റബ്ബിൽ ആരംഭിക്കുന്ന അന്വേഷണ യന്ത്രം
കാലിഫോർണിയയിലെ സ്റ്റാൻഫൊർഡ് യൂണിവേഴ്സിറ്റിയിലെ ലാരി പേജ്, സെർജി ബ്രിൻ എന്നീ രണ്ടു വിദ്യാർത്ഥികളാണ് 1996-ൽ ഒരു സെർച്ച് അൽഗൊരിതം വികസിപ്പിച്ചത്. സ്കോട്ട് ഹസ്സൻ, അലൻ സ്റ്റെറെംബെർഗ് എന്നിവരുടെ സഹായവും ഇതിനുണ്ടായിരുന്നു. ബാക്ക്റബ്ബ് എന്ന് പേരിട്ട ഈ അൽഗൊരിതമാണ് പിന്നീട് 1998-ൽ ഗൂഗിൾ എന്ന മഹാപ്രസ്ഥാനത്തിന്റെ ആരംഭത്തിന്നാധാരമായത്. ക്രമാനുഗതമായി വളർന്ന ഗൂഗിൾ 2003-ൽ മൗണ്ടൻ വ്യുവിൽ തങ്ങൾക്ക് ആസ്ഥാനമൊരുക്കി. ഇതോടെ കമ്പനിയുടെ വളർച്ച ധൃതഗതിയിലായി. 2004-ൽ ആയിരുന്നു ആദ്യത്തെ പബ്ലിക് ഓഫറിങ്.
സെർച്ച് എഞ്ചിനിൽ തുടങ്ങി 2002-ൽ ജീമെയിലും, 2004-ൽ ഗൂഗിൾ ന്യൂസും ആരംഭിച്ചു. ഗൂഗിൾ മാപ് നിലവിൽ വന്നത് 2005-ലും ഗൂഗിൽ ക്രോം എന്ന ബ്രൗസർ നിലവിൽ വന്നത് 2008-ലും ആയിരുന്നു. പിന്നീട് 20011-ൽ ഗൂഗിൾ പ്ലസ് എന്ന സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് നിലവിൽ വന്നെങ്കിലും 2019 ഏപ്രിലിൽ അത് ഇല്ലാതെയായി. എന്നിരുന്നാലും ഗൂഗിൾ എന്ന പേര് ഇന്നും ലോകർക്ക് മുന്നിൽ നിലനിൽക്കുന്നത് ഗൂഗിൾ സെർച്ച് എഞ്ചിനിലൂടെയാണെന്ന് നിസ്സംശയം പറയാം. ആദ്യം ടെക്സ്റ്റ് കണ്ടന്റ്സ് മാത്രം സെർച്ച് ചെയ്യുവാനുള്ള സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ ഇന്ന് ചിത്രങ്ങൾ ഉൾപ്പടെ വിവിധ ഫോർമാറ്റുകളിലുള്ള കണ്ടന്റ്സ് സെർച്ച് ചെയ്യുവാനുള്ള ഒപ്ഷൻ ഗൂഗിൾ നൽകുന്നു.
ഒരു അക്ഷരത്തെറ്റിലൂടെ നേടിയ പേര്
ഗൂഗിളിന് ഈ പേര് ലഭിക്കാൻ ഇടയായതിനു പിന്നിൽ ഒരു കഥയുണ്ട്. ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ഒരു വ്യക്തി അയാൾക്ക് ആവശ്യമായ വിവരം നൽകിയാൽ, ഉത്തരത്തിനായി പരിശോധിക്കാവുന്ന നിരവധി വെബ് പേജുകളുടെ ലിങ്ക് നൽകുക എന്നതാണ് ഗൂഗിൾ സെർച്ച് എഞ്ചിൻ ചെയ്യുന്നത്. സെർച്ച് ചെയ്യുന്ന വ്യക്തി നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട എത്രയധികം വെബ് പേജുകളുടേ ലിങ്ക് നൽകാനാകുമോ, അത്രയും കൃത്യതയാർന്ന ഉത്തരം ലഭിക്കുവാനുള്ള സാധ്യതയും ഏറും. അതുകൊണ്ടുതന്നെ പരമാവധി വെബ് പേജുകൾ ലിങ്ക് ചെയ്യുക എന്നതായിരുന്നു ഗൂഗിൾ പ്രാഥമികമായി ഉദ്ദേശിച്ചിരുന്നത്.
ഒരു ലക്ഷമോ, ഒരു കോടിയോ വെബ്സൈറ്റുകളൊന്നും ഭാവിയിൽ പോരാതെ വരും എന്ന് ഇതിന്റെ സ്ഥാപകർക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതിനേക്കാളൊക്കെ വലിയ സംഖ്യയിലുള്ള വെബ്സൈറ്റുകൾ ലിങ്ക് ചെയ്യണം എന്നായിരുന്നു അവർ ഉദ്ദേശിച്ചത്. 1 എന്ന സംഖ്യയുടെ വലതുഭാഗത്ത് നൂറു പൂജ്യങ്ങൾ ഇട്ടാൽ ഉണ്ടാകുന്ന സംഖ്യയായ ഗൂഗോൾ എന്ന സംഖ്യയായിരുന്നു അവരുടെ മനസ്സിൽ എന്നാൽ അവർ പേർ എഴുതിയപ്പോൾ ഗൂഗോൾ എന്നതിൽ അക്ഷരത്തെറ്റ് സംഭവിച്ച് ഗൂഗിൾ എന്നായി മാറുകയായിരുന്നു.
ഇത്തരത്തിലൊരു കഥ നിലവിലുണ്ടെങ്കിലും ഇത് വിശ്വാസയോഗ്യമാണോ എന്ന് പറയാൻ ആവില്ല. കാരണം ഗൂഗിൾ എന്ന പേര് വളരെ പണ്ടുമുതൽ തന്നെ പലരും ഉപയോഗിച്ചിരുന്നതാണ്. 1919-ൽ ഇറങ്ങിയ ഒരു കോമിക് പരമ്പരയിൽ ബാർണി ഗൂഗിൾ എന്നൊരു കഥാപാത്രമുണ്ടായിരുന്നു. അതുപോലെ പ്രമുഖ ബ്രിട്ടീഷ് ബാലസാഹിത്യകാരന്റ് എനിഡ് ബ്ലൈറ്റണിന്റെ മാജിക് ഫാർ എവേ ട്രീസ് (1941), ദി ഫോക്ക് ഓഫ് ഫാർ എവേ ട്രീസ് (1946) എന്നീ പുസ്തകങ്ങളിൽ ഗൂഗിൽ ബൻ എന്നൊരു കഥാപാത്രമുണ്ട്. അതിനുപുറമെ ഡഗ്ലസ്സ് ആഡംസിന്റെ ദി ഹിറ്റ്ച്ച്ക്കേഴ്സ് ഗൈഡ് ടു ദി ഗാലക്സിയിൽ ഗൂഗിൾപ്ലെക്സ് സ്റ്റാർ തിങ്കർ എന്നൊരു കഥാപാത്രവുമുണ്ട്.
എന്നാൽ, 2006 ആയപ്പോഴേക്കും ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലും അതുപോലെ മെറിയം വെബ്സ്റ്റർ ഡിക്ഷണറിയിലും ഇന്റർനെറ്റിൽ നിന്നും ആവശ്യമായ വിവരം ലഭ്യമാക്കുന്ന സംവിധാനം എന്ന അർത്ഥത്തിൽ ഗൂഗിൾ എന്ന പേര് കൂട്ടിച്ചേർക്കപ്പെട്ടു. അങ്ങനെ എല്ലാ ഭാഷകളിലും അന്വേഷണം എന്ന പദത്തിന്റെ മറ്റൊരു അർത്ഥമായി മാറി ഗൂഗിൾ എന്നപദം.
മറ്റു മേഖലകളിലെ പ്രവർത്തനങ്ങൾ
ഇന്ന് ഇന്റർനെറ്റ് ലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവായി വിലസുന്ന ഗൂഗിൾ നാസയുമായി ചേർന്ന് ഒരു ഗവേഷണ സ്ഥാപനം നടത്തുന്നുണ്ട്. വലിയ തോതിലുള്ള ഡാറ്റാ മാനേജ്മെന്റ്,അ തുപോലെ ബയോ-ഇൻഫോ തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടക്കുകയാണിവിടെ. അതുപോലെ 2006-ൽ സൺ മൈക്രോസിസ്റ്റംസ് എന്ന കമ്പനിയുമായി ചേർജ്ജ് ഇരുവരുടെയും സാങ്കേതിക ജ്ഞാനം പങ്കുവച്ചുകൊണ്ടുള്ള പുതിയ പദ്ധതികളും ആരംഭിച്ചു. ആർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഓപ്പൺ സോഴ്സ് ഓഫീസ് പ്രോഗ്രാം വികസിപ്പിക്കുന്നതിനാണ് ഇവിടെ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്.
ടൈം വാർണറുടെ എ ക്യു എൽ എന്ന കമ്പനിയുമായി ചേർന്ന് ഒരു ഗ്ലോബൽ അഡ്വെർടൈസിങ് പാർടനർഷിപ്, അതുപോലെ അവരോടൊപ്പം ചേര്ന്നുള്ള വീഡിയോ സേർച്ച് പദ്ധതിയായ ഗൂഗിൾ സെർച്ച് എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനൊക്കെ പുറമേയാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഗൂഗിൾ ഓർഗ് എന്ന സംഘടനയും. നിരവധി വ്ളോഗർമാരുടെ ജീവിതമാർഗ്ഗമായ യൂട്യുബും അതുപോലെ ബ്ലോഗർമാർക്ക് സൗജന്യമായി ആശയവിനിമയമം നടത്താൻ സഹായിക്കുന്ന ബ്ലോഗറും മറ്റു രണ്ട് സുപ്രധാന വിഭാഗങ്ങളാണ്.
മറുനാടന് ഡെസ്ക്