- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേതനമില്ലാത്ത അവധി ആറ് മാസം; പിന്നാലെ പിരിച്ചുവിടൽ; കോവിഡ് വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് എതിരെ നടപടിയുമായി ഗൂഗിൾ
കാലിഫോർണിയ: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഓമിക്രോണിന്റെ വ്യാപനം ശക്തിപ്പെടുന്നതിനിടെ വാക്സിൻ നിയമങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടിക്ക് ഒരുങ്ങി ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഗൂഗിളിന്റെ ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് സി.എൻ.ബി.സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വാക്സിനെടുക്കാത്ത തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കുന്നതും ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതുമടക്കമുള്ള കർശന നടപടികൾക്കാണ് കമ്പനി ഒരുങ്ങുന്നത്. ഗൂഗിളിന്റെ നേതൃത്വത്തിൽ നിന്നും പുറത്തുവിട്ട മെമോ പ്രകാരം ഡിസംബർ മൂന്ന് വരെയായിരുന്നു ജീവനക്കാർക്ക് അവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച രേഖ ഹാജരാക്കാൻ സമയം കൊടുത്തിരുന്നത്.
വാക്സിൻ എടുത്തില്ലെങ്കിൽ അതിന് മതപരമോ ആരോഗ്യപരമോ ആയ കാരണങ്ങൾ തെളിവ് സഹിതം വ്യക്തമാക്കാനും മെമോയിൽ ആവശ്യപ്പെടുന്നുണ്ട്. രേഖകൾ ഹാജരാക്കാത്ത ജീവനക്കാരെ കമ്പനിയുടെ തീരുമാനപ്രകാരമുള്ള നടപടികൾക്ക് വിധേയമാക്കുമെന്നും പറയുന്നുണ്ട്. തുടർച്ചയായി കോവിഡ് ടെസ്റ്റ് നടത്തുന്നത് വാക്സിൻ എടുക്കുന്നതിന് പകരമാവില്ലെന്നും കമ്പനി വ്യക്തമാക്കി.
2022 ജനുവരി 18നകം വാക്സിൻ എടുക്കാത്ത തൊഴിലാളികളെ ഗൂഗിൾ 30 ദിവസത്തേക്ക് 'പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവി'ൽ പ്രവേശിപ്പിക്കുമെന്നും അതിന് ശേഷം പേയ്മെന്റ് ഇല്ലാത്ത വ്യക്തിഗത ലീവ് ആയിരിക്കും നൽകുകയെന്നും ചൊവ്വാഴ്ച പുറത്തുവിട്ട സി.എൻ.ബി.സി റിപ്പോർട്ടിൽ പറയുന്നു.
വേതനമില്ലാത്ത അവധി ആറ് മാസം നീണ്ടുനിന്ന ശേഷം പിന്നീട് പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കും. കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് ടെക്നോളജി ഭീമനായ ഗൂഗിൾ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിൽ ഗൂഗിളിന്റെ കീഴിൽ 1,50,000ലധികം ജീവനക്കാരാണ് തൊഴിലെടുക്കുന്നത്.
ന്യൂസ് ഡെസ്ക്