കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനേയും ഭാര്യയേയും അക്രമിച്ച് കവർച്ച നടത്തിയ സംഘം അന്യ സംസ്ഥാനക്കാരെന്ന് സംശയം ബലപ്പെടുന്നു. കവർച്ചക്കാർ ഹിന്ദിയും ഇംഗ്ലീഷും സംസാരിച്ചതായി വിവരം. ഇന്ന് പുലർച്ചേ 1.30 ഓടെ കണ്ണൂർ സിറ്റി റോഡിലെ ഉരുവച്ചാലിലെ വസതിയിൽ അതിക്രമിച്ച് വാതിൽ തകർത്ത് കയറിയാണ് കവർച്ച നടത്തിയത്. കവർച്ചക്കാരിൽ നാലംഗ സംഘമുണ്ടായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്ന സംഘം കിടപ്പ് മുറിയുടെ വാതിലിന് മുട്ടിയപ്പോൾ ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യ സരിതയും പുറത്ത് വന്നതോടെ അവരെ അടിച്ച് പരിക്കേൽപ്പിച്ച് വായും മുഖവും തുണികൊണ്ട് കെട്ടിയിട്ട് ബന്ദിയാക്കുകയായിരുന്നു.

ദമ്പതികളെ തലയ്ക്കും മുഖത്തും കഴുത്തിനും കവർച്ചാ സംഘം പരിക്കേൽപ്പിച്ചു. മുഖം മൂടി ധരിച്ച് ആയുധധാരികളായാണ് സംഘം കവർച്ചക്കെത്തിയത്. ഒന്നര മണിക്ക് വീട്ടിൽ കയറിയ സംഘം മൂന്ന് മണി വരെ വീട്ടിൽ കഴിഞ്ഞു. അതിനിടെ സരിതയുടെ 30 പവൻ ആഭരണങ്ങളും 15,000 രൂപയും മൊബൈൽ ഫോണുകളും എ.ടി.എം. കാർഡുകളും കവർച്ച ചെയ്തു. കിടപ്പ് മുറിയിലെ അലമാരയിലാണ് ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്. ഹിന്ദി സംസാരിക്കുന്ന സംഘമാണ് കവർച്ചക്കാരെന്ന് വിനോദ് ചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ രണ്ട് മക്കളും കർണ്ണാടകത്തിൽ പഠനം നടത്തുന്നതിനാൽ വീട്ടിൽ ഈ ദമ്പതികൾ മാത്രമേയുള്ളൂ.

കവർച്ചാ സംഘം മടങ്ങിയതോടെ വിനോദ് ചന്ദ്രന്റെ ഭാര്യ സരിത കെട്ടഴിച്ച് മോചിതയായി. മാതൃഭൂമിയിൽ വിളിച്ചറിയിച്ചതോടെ സഹ പ്രവർത്തകരെത്തി ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ അടുത്ത വീട്ടിലും മോഷണം നടന്നിട്ടുണ്ട്. ഡോ. സോണിയയുടെ വീടായിരുന്നു അത്. അവിടെ താമസക്കാരാരുമില്ല. കണ്ണൂർ ഡി.വൈ. എസ്. പി. പി.പി. സദാനന്ദൻ, ടൗൺ സിഐ. ടി.കെ. രത്നകുമാർ, സിറ്റി സിഐ. മാരായ പ്രതീപ് കണ്ണിപ്പൊയിൽ, ശ്രീഹരി എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. അക്രമത്തിൽ പരിക്കേറ്റ വിനോദ് ചന്ദ്രനും ഭാര്യ സരിതയും എ.കെ. ജി. സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

വിനോദ് ചന്ദ്രന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും അക്രമികൾ തട്ടിയെടുത്തതിനാൽ ഈ ഫോണുകളുടെ ടവർ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതിനിടെ, അക്രമികൾ വന്നതെന്ന് കരുതുന്ന ടാറ്റ ഇൻഡിക്ക കാറിന്റെ ദൃശ്യങ്ങളും സി.സി.ടി.വിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. വീടിന്റെ 100 മീറ്റർ അകലെയുള്ള സി.സി.ടി.വിയിൽനിന്നാണ് കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.