ഗായികയും പ്രണയിനിയുമായ അഭയ ഹിരണ്മയിക്കും തന്റെ മാതാപിതാക്കൾക്കുമൊപ്പമുള്ള ചിത്രത്തിന് മോശം കമന്റിടാൻ വന്ന യുവാവിന് കിടു മറുപടി നൽകി ഗോപി സുന്ദർ. 'കുടുംബം' എന്ന കുറിപ്പോടെയാണ് മാതാപിതാക്കൾക്കും സഹോദരിക്കും അഭയയ്ക്കുമൊപ്പമുള്ള ചിത്രം ഗോപി പങ്കുവെച്ചത്. ഇതിനു താഴെ 'നിങ്ങൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടോ?' എന്ന കമന്റുമായി വന്ന യുവാവിനാണ് ഗോപി വേണ്ടവിധത്തിൽ മറുപടി കൊടുത്തത്.

'അത് നിങ്ങൾ നോക്കേണ്ട കാര്യമില്ല. ഈ ചിത്രത്തിൽ എന്റെ അച്ഛനും അമ്മയും സഹോദരിയും ഭർത്താവും അവരുടെ കുട്ടികളുമുണ്ട്. അവർക്കില്ലാത്ത ജിജ്ഞാസ നിങ്ങൾക്ക് വേണോ മോനെ. മോൻ പോയി ബിരിയാണി കഴിച്ച് കിടന്നുറങ്ങാൻ നോക്കൂട്ടോ.. എന്നായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. നിങ്ങൾ ഇതിന് മുൻപ് വിവാഹം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവുമായി വന്ന മറ്റൊരാളോടും ഗോപി സുന്ദറിന്റെ മറുപടി ഇത് തന്നെ ആയിരുന്നു.

നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദറെ പരിഹസിച്ച് ഭാര്യ പ്രിയ രംഗത്ത് വന്നിരുന്നു. അന്ന് അഭയ ഗോപി സുന്ദറിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് വിവാഹാശംസകളുമായി നിരവധി പേർ രംഗത്ത് വരികയും ചെയ്തിരുന്നു.

ഈ ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പ്രിയ അന്ന് ഫേസ്‌ബുക്ക് കുറിപ്പിട്ടത്. ചിലർ ചില കാര്യംങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത് .