തിരുവനന്തപുരം: സമീർ താഹിർ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം കലിയുടെ ട്രൈലർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയർന്നു പൊന്തിയിരുന്നു. കലിയുടെ ബിജിഎം സംഗീത സംവിധായകനായ ഗോപിസുന്ദർ കോപ്പിയടിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. ഈ ആരോപണം സോഷ്യൽ മീഡിയയിൽ കൊടുക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ഗോപിസുന്ദർ ഷെയർ ചെയ്ത പോസ്റ്റ് വൈറലായി.

കേട്ടു... ഇഷ്ടായി.. ഞാനെടുക്കുന്നു..! ഗോ..സുന്ദർ എന്ന ഐസിയുവിന്റെ ട്രോൾ പോസ്റ്റാണ് സംഗീത സംവിധായകൻ ഷെയർ ചെയ്തത്. ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടും തന്നെ വൈറലാകുകയും ചെയ്തു. ആഷിഖ് അബു അടക്കമുള്ളവർ പോസ്റ്റ് ലൈക്ക് ചെയ്തു. കലിയുടെ ബിജിഎം കോപ്പിയടിച്ചതല്ലെന്നും ആ ഈണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുവെന്നും ഗോപീസുന്ദർ പിന്നീട് ഒരു ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആ ട്യൂൺ ദ മാൻ ഫ്രം അങ്കിളിൽ നിന്ന് എടുത്തതാണെങ്കിലും അതിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ഗോപീസുന്ദറിന്റെ പക്ഷം. ഇത്തരം ആരോപണങ്ങൾ മുമ്പും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത്തരം ആരോപണങ്ങൾക്ക് എന്നും പാട്ടുകളിലൂടെയാണ് മറുപടി നൽകിയിട്ടുള്ളതെന്നും ഗോപീ സുന്ദർ പറയുന്നു. ബോധപൂർവ്വം തന്നെയാണ് ദ മാൻ ഫ്രം അങ്കിളിലെ സൗണ്ട് ട്രാക്ക് ഉപയോഗിച്ചത്. ട്രെയിലർ ആകർഷമാക്കാൻ വേണ്ടി ചെയ്തതാണ്. പശ്ചാത്തല സംഗീതം ഇതിൽ നിന്ന് തികച്ചും വേറിട്ടതാണ്. കലിയിലെ പാട്ടുകൾ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ട്രോളുകളെ പോസിറ്റീവായാണ് കാണുന്നതെന്നും ഗോപി സുന്ദർ പറഞ്ഞു

ഓരോ ഗാനങ്ങൾ ചെയ്യുമ്പോഴും പ്രേക്ഷകർ അടുത്ത ഗാനം കേൾക്കാനായി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. തുടക്കം മുതൽ പതിവിൽ നിന്ന് വേറിട്ട് ഗാനങ്ങളും പശ്ചാത്തലവുമാണ് ഒരുക്കിയിരിക്കുന്നത്. കളിയാക്കാനും കോപ്പിയടി കണ്ടെത്താനുമായിട്ടാണെങ്കിൽ ആളുകൾ ക്രിയേറ്റീവായി സമയം ചെലവഴിക്കുന്നുണ്ട്. പാട്ടുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടണം എന്നതിനാലാണ് ചില പോപ്പുലർ ആയ സംഗീതത്തെ അനുകരിക്കാൻ ശ്രമിച്ചത്.

ഞാൻ ചെയ്യുമ്പോഴാണ് പാട്ടുകളുടെ കാര്യത്തിൽ പലപ്പോഴും ഇത്തരത്തിൽ ആളുകളുടെ തെരച്ചിലും ശ്രദ്ധയും വരുന്നത്. അത് വിമർശനമല്ല അംഗീകാരമായാണ് കാണുന്നത്. കലിയുടെ ട്രെയിലറിലെ സംഗീതമല്ല പശ്ചാത്തലമായി വരുന്നത്.എല്ലാ ദിവസവും സാമ്പാർ കഴിക്കുമ്പോൾ ഒരു ദിവസം ഉപ്പ് കൂടിയാലാണ് എന്താണ് ഉപ്പ് കൂടിയിരിക്കുന്നത് എന്ന പരാതി ഉയരുക. അത് പോലെ തന്നെയാണ് ആരോപണങ്ങളും. പാട്ടുകളായാലും പശ്ചാത്തലമായാലും പുതുമയോടെയും വ്യത്യസ്ഥമായും അവതരിപ്പിക്കാനാണ് നോക്കുന്നത്- ഗോപി സുന്ദർ പറഞ്ഞു.