തിരുവനന്തപുരം: 'നടക്കേണ്ടതു നടന്നു. ഇനി ഗോസിപ്പിനെ പേടിക്കണ്ടല്ലോ' എന്നാണു നടി ഗോപികയുടെ അഭിപ്രായം. ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തെക്കുറിച്ചു പരാമർശിക്കുകയായിരുന്നു ഗോപിക.

പലപ്പോഴും ദിലീപും കാവ്യയും വിവാഹിതരാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയ ആഘോഷിച്ചുവെങ്കിലും, പെട്ടന്ന് ഒരു ദിവസം ഇരുവരും വിവാഹിതരായത് ആരാധകരെ ഞെട്ടിച്ചു. വിവാഹ ദിവസം ഇന്ന് ഞങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന് ഫോൺ വിളിച്ച് പറഞ്ഞത് കേട്ട സുഹൃത്തുക്കളും ബന്ധുക്കളും വരെ ഇക്കാര്യത്തിൽ അത്ഭുതപ്പെട്ടിരുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്തു കൂടിയായ ഗോപിക ഇപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ചു മനസു തുറന്നത്. വനിത മാസികയിലായിരുന്നു ഗോപികയുടെ പ്രതികരണം.

കാവ്യയും ദിലീപും വിവാഹിതരാകുന്നു എന്ന വാർത്ത കേട്ടപ്പോൾ, ഞാനിത് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ഗോപികയുടെ മറുപടി. വിവാഹിതരാകുന്നു എന്ന വാർത്ത കേട്ടപ്പോൾ അത്ഭുതവും സന്തോഷവുമാണ് തോന്നിയത്. നല്ല തീരുമാനമാണ്. എന്നായാലും നടക്കേണ്ടത്. ഇനി ഗോസിപ്പുകൾ കേൾക്കേണ്ടല്ലോ - ഗോപിക പറഞ്ഞു.

അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് കാവ്യയുമായി നല്ല സൗഹൃദമായിരുന്നു. ഇടയ്ക്ക് കൊച്ചിയിൽ വച്ച് കാണാറുണ്ട്. വിവാഹ ശേഷം വിദേശത്തേക്ക് വന്നപ്പോൾ അത് ഫോൺവിളിയായി. മോന്റെ പിറന്നാളിന് ഫോട്ടോയൊക്കെ അയച്ചു. ഇത്തവണത്തെ അമ്മയുടെ മീറ്റിങിന് പോയപ്പോൾ ഒരുപാട് സംസാരിച്ചു. ദിലീപുമായും ഗോപികയ്ക്ക് നല്ല സൗഹൃദമാണുള്ളത്. ചാന്ത് പൊട്ട്, പച്ചക്കുതിര, ദ ഡോൺ, സ്വ.ലെ എന്നീ ചിത്രങ്ങളിൽ ഗോപികയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.