- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വാചകങ്ങൾ എന്റേതല്ല'; 'ഈശോ' വിവാദത്തിൽ തന്റെ പേരിൽ വ്യാജപ്രചരണമെന്ന് ഗോപിനാഥ് മുതുകാട്;മുതുകാടിന്റെ വിശദീകരണം വ്യാജ പ്രചരണത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതം
തിരുവനന്തപുരം: ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ പേരിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ തന്റെ അഭിപ്രായമെന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നതായി മജീഷ്യൻ ഗോപിനാഥ് മുതുകാട്. ആരുടെയോ വാചകങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്ന് സ്ക്രീൻ ഷോട്ട് സഹിതമാണ് ഗോപിനാഥ് മുതുകാടിന്റെ വിശദീകരണം. 'ഈശോ' എന്ന പേര് സിനിമയ്ക്ക് നൽകിയതിനെ വിമർശിക്കുന്ന തരത്തിൽ മുതുകാട് പ്രതികരിച്ചു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.
'എന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്', വ്യാജ പ്രചരണത്തിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ഗോപിനാഥ് മുതുകാട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ പേര് ക്രിസ്ത്യൻ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം നടന്നിരുന്നു. 'ഈശോ', നാദിർഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'കേശു ഈ വീടിന്റെ നാഥൻ' എന്നീ ചിത്രങ്ങൾക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസും വിഷയത്തിൽ പരോക്ഷ വിമർശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു.
സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാൽ പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും നൽകിയിരുന്നു. എന്നാൽ ഹർജി തള്ളിയ ഹൈക്കോടതി, സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ