- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലര പതിറ്റാണ്ടുകാലത്തെ ഇന്ദ്രജാല ജീവിതത്തിന് വിരാമം; പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നതായി പ്രഖ്യാപിച്ച് ഗോപിനാഥ് മുതുകാട്; ഇനിയുള്ള കാലം ഭിന്നശേഷി കുട്ടികൾക്കായി മാറ്റിവയ്ക്കും; അവർക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കുമെന്നും പ്രഖ്യാപനം
തിരുവനന്തപുരം: മജിഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നതായി പ്രഖ്യാപിച്ചു. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് അദ്ദേഹം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിക്കുകയായിരുന്നു. നാാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനാണ് അദ്ദേഹം വിരാമമിടുന്നത്.
ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് മൂലമാണ് ഇത്തരമൊരു തീരുമാനം. ഇനി പ്രൊഫഷണൽ ഷോകൾ നടത്തില്ല: അദ്ദേഹം പറഞ്ഞു.
ഒരുപാട് കാലം വിവിധ സ്ഥലങ്ങളിൽ പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്. എന്റെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണമെന്നാണ്. അവർക്ക് വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്കിൽ സെന്റർ ഒക്കെയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ജീവിതം ലോകത്തിന് മുന്നിൽ നമ്മൾ തെളിച്ചുവയ്ക്കുന്ന വെളിച്ചമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ ഏഴാമത്തെ വയസിലാണ് മാജിക് പഠിക്കുന്നത്. പത്താമത്തെ വയസിൽ ആദ്യ ഷോ നടത്തി. 45 വർഷത്തോളം പ്രൊഫഷണൽ മാജിക് ഷോ നടത്തി. അതിന് വേണ്ടി നിരന്തരം ഗവേഷണം നടത്തി. വിദേശത്ത് പോയപ്പോഴും മറ്റും പ്രൊഫഷണൽ മാജിക് ഷോയ്ക്ക് വേണ്ടി വാങ്ങിയ വിലപിടിപ്പുള്ള ലൈറ്റും സൗണ്ടുമെല്ലാം നാല് വർഷമായി പൊടിപിടിച്ച് കിടക്കുകയാണ്. ഇങ്ങിനെയൊരു ഘട്ടത്തിലേക്ക് എത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.
പ്രൊഫഷണൽ മാജിക് ഷോയേക്കാൾ ജീവിതത്തിന് അർത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തിൽ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാൻ പറ്റാത്ത അവർക്ക് വേണ്ടി നമ്മൾ സ്വപ്നം കാണണമെന്നും മുതുകാട് പറഞ്ഞു.
ലോകത്തിന് മുന്നിൽ നമുക്ക് കാണിച്ചുകൊടുക്കാവുന്ന ഒരു മാതൃകയായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളെ മാറ്റുക എന്നതാണ് ലക്ഷ്യം. അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. ഇപ്പോൾ ഇത്തരം കുട്ടികൾക്കൊപ്പമാണ് എന്റെ ജീവിതം. ഒന്നും മറച്ചുവയ്ക്കാനറിയാത്ത അവർ ഇത്ര വൈദഗ്ധ്യത്തോടെ എങ്ങനെ മാജിക്ക് കാണിക്കുന്നുവെന്നത് അത്ഭുതമാണ്. അത് ശാസ്ത്രത്തിന് പോലും നിർവചിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ